നീലേശ്വരം നഗരസഭയില്‍ അജൈവ മാലിന്യങ്ങളുടെ സംസ്‌കരണത്തിനു പദ്ധതി
നീലേശ്വരം: പ്ലാസ്റ്റിക്കുള്‍പ്പെടെയുള്ള അജൈവ മാലിന്യങ്ങള്‍ കത്തിക്കുന്നതും വലിച്ചെറിയുന്നതും ഒഴിവാക്കാന്‍ നീലേശ്വരം നഗരസഭ മെറ്റീരിയല്‍ റിക്കവറി ഫെസിലിറ്റി സെന്ററുകള്‍ ഒരുക്കും.
പ്ലാസ്റ്റിക് കാരി ബാഗുകള്‍ക്കു പുറമേ ഉപയോഗമില്ലാത്ത കളിപ്പാട്ടങ്ങള്‍, വീട്ടുപകരണങ്ങള്‍, ഇലക്ട്രിക്, ഇലക്ട്രോണിക് ഉപകരണങ്ങള്‍ എന്നിവയും എം.ആര്‍.എഫ് കേന്ദ്രത്തില്‍ ശേഖരിക്കും.
ചിറപ്പുറത്തെ ഖരമാലിന്യ സംസ്‌കരണ പ്ലാന്റിന്റെ ഓഫിസ് കെട്ടിടം, പേരോല്‍ മത്സ്യമാര്‍ക്കറ്റ് കെട്ടിടത്തിലെ രണ്ടു മുറികള്‍, തെരു റോഡിലെ കുടുംബശ്രീ വിപണന കേന്ദ്രത്തിലെ ഒരു മുറി എന്നിവിടങ്ങളിലാണു കേന്ദ്രങ്ങള്‍ ഒരുക്കുക.
അജൈവ മാലിന്യങ്ങള്‍ ശേഖരിച്ചു സൂക്ഷിക്കാനും എം.ആര്‍.എഫ് കേന്ദ്രങ്ങള്‍ക്കു കൈമാറാനും നഗരസഭാ ആരോഗ്യ സ്ഥിരംസമിതിയുടെ അടിയന്തിര യോഗം തീരുമാനിച്ചു.
കേന്ദ്രങ്ങള്‍ ആരംഭിക്കാനുള്ള സ്ഥിരംസമിതിയുടെ ശുപാര്‍ശ കഴിഞ്ഞ ദിവസം ചേര്‍ന്ന കൗണ്‍സില്‍ യോഗം അംഗീകരിച്ചിരുന്നു. നഗരസഭയിലെ ഒന്ന്, രണ്ട് വാര്‍ഡുകളിലാണു എം.ആര്‍.എഫ് കാംപയിനു തുടക്കം കുറിക്കുക.
ഇതിനു മുന്നോടിയായി റസിഡന്റ്‌സ് അസോസിയേഷന്‍, കുടുംബശ്രീ, സന്നദ്ധ സംഘടനകള്‍ എന്നിവയുടെ യോഗം ഒക്ടോബര്‍ അഞ്ചിനു മൂന്നിനു നഗരസഭ അനക്‌സു ഹാളില്‍ ചേരും.
അയല്‍ക്കൂട്ടം വാര്‍ഡ് തലങ്ങളില്‍ പരിശീലനം നേടിയ റിസോഴ്‌സ് പഴ്‌സണ്‍മാരുടെ സേവനവും ലഭ്യമാക്കും. ഉറവിട മാലിന്യ പരിപാലന പദ്ധതിയില്‍ ബയോഗ്യാസ് പ്ലാന്റുകളും കിച്ചണ്‍ ബിന്നുകളും ഈ വര്‍ഷം വിതരണം ചെയ്യും.
ഗുണഭോക്താക്കളെ കണ്ടെത്താന്‍ വാര്‍ഡ് സഭകളും ഉടന്‍ ചേരും. ചെയര്‍മാന്‍ പ്രൊഫ.കെ.പി ജയരാജന്‍, തോട്ടത്തില്‍ കുഞ്ഞിക്കണ്ണന്‍, കെ പ്രകാശന്‍, എം.വി വനജ, എ.വി സുരേന്ദ്രന്‍, പി.വി രാധാകൃഷ്ണന്‍, എച്ച്.ഐ അബ്ദുല്‍കരീം എന്നിവര്‍ യോഗത്തില്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."