ഗാന്ധി ജയന്തിവാരം ജില്ലയില്‍ വിപുലമായി ആഘോഷിക്കും
കോട്ടയം: ഗാന്ധി ജയന്തിവാരം ജില്ലയില്‍ വിപുലമായ പരിപാടികളോടെ ആഘോഷിക്കാന്‍ ജില്ലാ കലക്ടര്‍ സി.എ. ലതയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു.
ഗാന്ധി ജയന്തി വാരമായ ഒക്‌ടോബര്‍ രണ്ടു മുതല്‍ എട്ടു വരെ ജില്ലാ ഭരണകൂടവും ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പും വിവിധ സര്‍ക്കാര്‍ വകുപ്പുകളും സംയുക്തമായി പരിപാടികള്‍ സംഘടിപ്പിക്കും. ഒക്‌ടോബര്‍ രണ്ടിന് രാവിലെ ഒമ്പതിന് എക്‌സൈസ് വകുപ്പിന്റെ നേതൃത്വത്തില്‍ കളക്‌ട്രേറ്റില്‍ നിന്നാരംഭിക്കുന്ന കൂട്ടയോട്ടത്തോടെ ആഘോഷങ്ങള്‍ക്ക് തുടക്കമാകും. കൂട്ടയോട്ടം എത്തിച്ചേരുന്ന തിരുനക്കര ഗാന്ധി സ്‌ക്വയറിലെ ഗാന്ധി പ്രതിമയില്‍ രാവിലെ 10ന് ഹാരാര്‍പ്പണവും തുടര്‍ന്ന് ഉദ്ഘാടന സമ്മേളനവും നടക്കും. ഒക്‌ടോബര്‍ മൂന്നിന് ജില്ലയിലെ സര്‍ക്കാര്‍ ഓഫീസുകളും കലക്‌ട്രേറ്റ് വളപ്പും ശുചീകരിക്കും.
കലക്‌ട്രേറ്റ് വളപ്പിലെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് നാഷണല്‍ സര്‍വീസ് സ്‌കീം വാളണ്ടിയര്‍മാരും സന്നദ്ധ സംഘടനാ പ്രവര്‍ത്തരും ഉദ്യോഗസ്ഥരും നേതൃത്വം നല്‍കും.
തുടര്‍ന്നുള്ള ദിവസങ്ങളില്‍ സെമിനാര്‍, വിദ്യാര്‍ഥികള്‍ക്ക് മത്സരങ്ങള്‍, ഗാന്ധി ക്വിസ്, കാര്‍ട്ടൂണ്‍ ചിത്രകലാ ക്യാമ്പ്, മെഡിക്കല്‍ ക്യാമ്പ്, ഗാന്ധി ഫോട്ടോ പ്രദര്‍ശനം, ഡോക്യുമെന്ററി പ്രദര്‍ശനം തുടങ്ങിയവ സംഘടിപ്പിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."