പരിഹാരമില്ലാതെ തൊഴില്‍ പ്രതിസന്ധി: ഇന്ത്യയിലേക്ക് ഇതുവരെ മടങ്ങിയത് മുവായിരത്തോളം തൊഴിലാളികള്‍
ജിദ്ദ: തൊഴില്‍ പ്രതിസന്ധി കാരണം ശമ്പളവും ജോലിയുമില്ലാതെ ദുരിതത്തിലായ മലയാളികളടക്കമുള്ള ഇന്ത്യക്കാരുടെ തിരിച്ച് പോക്ക് തുടരുന്നു. റിയാദ്, ജിദ്ദ, ദമ്മാം എന്നിവിടങ്ങളില്‍ നിന്ന് സഊദി സര്‍ക്കാറിന്റെയും ഇന്ത്യന്‍ എംബസിയുടെയും സൗജന്യ ടിക്കറ്റില്‍ ഇതിനകം മടങ്ങിയത് 3,000 ത്തിലധികം പേരാണ്. ഇതില്‍ 80ഓളം പേര്‍ മലയാളികളാണ്. കൂടുതല്‍ പേര്‍ മടങ്ങിയത് ദമ്മാം, റിയാദ്, ജിദ്ദ പ്രവിശ്യകളില്‍ നിന്നാണ്.
കഴിഞ്ഞ ദിവസം സഊദിയിലെ ഏറ്റവും വലിയ ഖുര്‍ആന്‍ പ്രിന്റിങ് പ്രസ്സായ മദീനയിലെ കിങ് ഫഹദ് ഖുര്‍ആന്‍ പ്രിന്റിങ് കോംപ്ലക്‌സിലെ 1300 ജോലിക്കാരെ സഊദ് ഓജര്‍ കമ്പനി പിരിച്ചു വിട്ടു. ഇതില്‍ ഭൂരിഭാഗം ജീവനക്കാരും പത്തിലേറെ വര്‍ഷങ്ങളായി ഖുര്‍ആന്‍ പ്രിന്റിങ് കോംപ്ലക്‌സില്‍ ജോലിചെയ്യുന്നവരാണ്.
പൈപ്പിങ്, വെല്‍ഡിങ്, മൈനിങ് മേഖലയിലെ വിവിധ തൊഴിലുകള്‍, നിര്‍മാണ തൊഴില്‍ തുടങ്ങി പല തരത്തിലുള്ള വിദഗ്ധ തൊഴില്‍ ചെയ്യുന്നവരാണ് ഇതില്‍ അധികവും. അതേസമയം, മറ്റ് കമ്പനികളിലേക്ക് ജോലി മാറാന്‍ ഇവര്‍ക്ക് കടമ്പകള്‍ ഏറെയാണ്. എന്നാല്‍ പല കമ്പനിയുടെ പ്രവര്‍ത്തനം താളംതെറ്റുകയും പണം ലഭിക്കാനുള്ള മറ്റ് കമ്പനികള്‍ കമ്പനിക്കെതിരെ കേസ് നല്‍കിയതുമാണ് കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ എല്ലാ പണമിടപാടുകളും കോടതി തടഞ്ഞു.
പ്രതിസന്ധി മറികടക്കാന്‍ മറ്റൊരു കമ്പനി ഉണ്ടാക്കി ചില തൊഴിലാളികളെ അങ്ങോട്ട് മാറ്റിയെങ്കിലും പല കമ്പനികള്‍ക്കും വിലക്കിനെ മറികടക്കാനുമാവുന്നില്ല.
അതിനിടെ ഒമ്പതു മാസത്തോളമായി ശമ്പളം ലഭിക്കാതത്തിനെ തുടര്‍ന്ന് ദമ്മാം സെക്കന്റ് ഇന്‍ഡസ്ട്രീയല്‍ ഏറിയയിലെ സ്വകാര്യ കമ്പനിയിലെ ആയിരത്തോളം തൊഴിലാളികള് കഴിഞ്ഞ ദിവസം റോഡ് ഉപരോധിച്ചിരുന്നു. ദമ്മാം അല്‍അഹ്‌സ ഹൈവേയാണ് ഇവര്‍ ഉപരോധിച്ചത്.
മണിക്കൂറുകളോളം ഗതാഗതം തടസപ്പെട്ടതിനെ തുടര്‍ന്ന് പോലിസ് സ്ഥലത്തെത്തിയാണ് പുനസ്ഥാപിച്ചത്. ഈ പെരുന്നാള്‍ അവധിക്ക് ശേഷം ഓരോര്‍ത്തര്‍ക്കും ശമ്പളം നല്‍കി ഫൈനല്‍ എക്‌സിറ്റില്‍ നാട്ടിലേക്ക് അയക്കാമെന്നായിരുന്നു എംബസി മുഖേന കമ്പനി അധികൃതര്‍ നല്‍കിയിരുന്ന ഉറപ്പ്. ഈ ഇതേ തുടര്‍ന്ന് ഫൈനല്‍ എക്‌സിറ്റി അടിക്കുന്ന തൊഴിലാളികള്‍ക്ക് നാട്ടിലേക്കുള്ള വിമാന ടിക്കറ്റ് എംബസി മുഖേന നല്‍കുമെന്നും ഇന്ത്യന്‍ അമ്പാസഡര്‍ അഹ്മദ് ജാവേദ് തൊഴിലാളികളെ അറിയിക്കുകയും ചെയ്തിരുന്നു. എന്നാല്‍ കമ്പനി ഈ ഉറപ്പും അധികൃതര്‍ ലംഘിച്ചതോടെയാണ് കഴിഞ്ഞ ദിവസം തൊഴിലാളികള്‍ റോഡ് ഉപരോധിച്ചത്.
വിവിധ പ്രവിശ്യകളില്‍ ഇനിയും നിരവധി തൊഴിലാളികള്‍ ഫൈനല്‍ എക്‌സിറ്റിന് അപേക്ഷ നല്‍കി കാത്തിരിക്കുന്നത്. സന്നദ്ധ പ്രവര്‍ത്തകരുടെ സഹായത്തോടെ എംബസി അധികൃതര്‍ വിവിധ ക്യാമ്പുകള്‍ സന്ദര്‍ശിച്ച് തൊഴിലാളികളുടെ വശദാംശങ്ങള്‍ ശേഖരിക്കുന്നത് ഇപ്പോഴും തുടരുന്നുണ്ട്. എക്‌സിറ്റ് നടപടികള്‍ പൂര്‍ത്തിയാകുന്ന മുറക്ക് അവരും നാട്ടിലേക്ക് മടങ്ങും. കഴിഞ്ഞ തിങ്കളാഴ്ച മാത്രം റിയാദില്‍ നിന്ന് കൊച്ചിയിലേക്കുള്ള വിമാനത്തില്‍ 16 മലയാളികളാണ് മടങ്ങിയത്.
പല കമ്പനികളിലും മാസങ്ങളോളം ശമ്പളം ലഭിക്കാതത്തിനാല്‍ ഭക്ഷണത്തിനു പോലും വകയില്ലാതെയാണ് നീതിക്കായി തൊഴിലാളികള്‍ കാത്തിരിക്കുന്നത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായ പല കമ്പനികളും പല തവണയാണ് തൊഴിലാളികളോട് ശമ്പള കുടിശ്ശിക തീര്‍ക്കാമെന്ന് ഉറപ്പ് നല്‍കി വാഗ്ദാനങ്ങള്‍ പാലിക്കാന്‍ കഴിയാതെ നിസഹവസ്ഥയിലുള്ളത്. ഒരു വര്‍ഷമായി പലരുടെയും ഇഖാമയും ഇന്‍ഷൂറന്‍സ് കാര്‍ഡിന്റെയും കാലാവധി തെറ്റിയ നിലയിലാണ്. മതിയായ ചികിത്സ കിട്ടാതെ കൂടെയുള്ള തൊഴിലാളികള്‍ മരിച്ചതായും തൊഴിലാളികള്‍ പറയുന്നു.
യു.പി, ബിഹാര്‍, രാജസ്ഥാന്‍, തമിഴ്‌നാട്, കേരളം തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നാണ് കൂടുതല്‍ തൊഴിലാളികള്‍ മടങ്ങിയത്. എന്നാല്‍ അധികൃതരുടെ ശ്രദ്ധയില്‍പെടാതെ തൊഴില്‍ പ്രതിസന്ധിയുള്ള കമ്പനികള്‍ നിരവധിയുണ്ടെന്നാണ് തൊഴിലാളികള്‍ പറയുന്നത്. ആയിരക്കണക്കിനാളുകള്‍ ജോലി ചെയ്തിരുന്ന സഊദിയിലെ പ്രമുഖ നിര്‍മാണ കമ്പനികളായ സഊദി ഓജര്‍, ബിന്‍ലാദിന്‍ തുടങ്ങിയവയില്‍ തൊഴില്‍ പ്രതിസന്ധിയുണ്ടാവുകയും മാസങ്ങളായി ശമ്പളം മുടങ്ങുകയും ചെയ്തതോടെയാണ് പ്രശ്‌നങ്ങളുടെ തുടക്കം.
അതിനിടെ ഇതുവരെ വിവിധ കാരണത്താല്‍ സഊദിയില്‍ നിന്നും 3,01037 പേര് സ്വദേശങ്ങളിലേക്ക് തിരിച്ചു പോയതായി സഊദി ജവാസാത്ത് വിഭാഗം അറിയിച്ചു. ഇതില്‍ കൂടുതല്‍ ഇന്ത്യ, ഫിലിപ്പീന്‍സ്, പാകിസ്താന്‍, ബംഗ്ലാദേശ്, നേപ്പാള്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള തൊഴിലാളികളാണെന്നും ജവാസാത്ത് വിഭാഗം അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."