കല്ലാച്ചിയില്‍ സംഘര്‍ഷത്തിന് അയവില്ല; കേസുകളുടെ എണ്ണം കൂടുന്നു
നാദാപുരം: മൂന്നു ദിവസമായി നാദാപുരം മേഖലയില്‍ തുടരുന്ന അക്രമ സംഭവങ്ങള്‍ക്കു അയവില്ല. കഴിഞ്ഞദിവസവും പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ ബോംബേറും വ്യക്തികള്‍ക്കു നേരെ ആക്രമണവും നടന്നു. ഇന്നലെ വൈകിട്ടും രാത്രിയും നടന്ന വ്യത്യസ്ത ആക്രമണങ്ങളില്‍ രണ്ടു യുവാക്കള്‍ക്ക് പരുക്കേറ്റു.
ഇന്നലെ രാത്രി എട്ടോടെ ചിയ്യൂര് പയന്തോങ്ങ് റോഡില്‍ കളരിക്കണ്ടി താമസിക്കുന്ന ചാലില്‍ ഷമീറി(25)നാണ് വെട്ടേറ്റത്. വയറിനും തലക്കും മുതുകിലും സാരമായ പരുക്കേറ്റ ഷമീറിനെ കല്ലാച്ചിയിലെ സ്വാകര്യ ആശുപത്രിയിലെത്തിച്ചെങ്കിലും പിന്നീട് കോഴിക്കോട് സ്വാകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
ഒമ്പതുകണ്ടത്തില്‍ കാഞ്ഞായിന്റവിട കെ.വി അഫ്നാസിനാണ് അക്രമികളുടെ മര്‍ദനത്തില്‍ സാരമായ പരുക്കേറ്റത്. ചേലക്കാട് വില്ല്യാപ്പള്ളി റോഡിലും കല്ലാച്ചി ടിപ്പുസുല്‍ത്താന്‍ റോഡിലുള്ള ഭാരത് ഹോട്ടലിനു നേരെയും ബോംബേറുണ്ടായി. സ്ഫോടനത്തില്‍ മുന്‍ഭാഗത്തെ ടൈലുകള്‍ തകര്‍ന്നു. വാണിമേല്‍ പാലത്തിനു സമീപമുണ്ടായ അക്രമത്തില്‍ രണ്ടു സി.പി.എം പ്രവര്‍ത്തകര്‍ക്കു പരുക്കേറ്റു. തെരുവംപറമ്പ് സ്വദേശി കത്രിക്കണ്ടി റിയാസിന്റെ കാര്‍ റേഷന്‍കടയ്ക്കു സമീപത്തുവച്ച് ഒരു സംഘം അക്രമികള്‍ അടിച്ചുതകര്‍ത്തു. കാറിന്റെ ഇരുവശത്തേയും ചില്ലുകള്‍ തകര്‍ത്ത നിലയിലാണ്. പുളിയാവ് നാഷനല്‍ കോളജില്‍ പരീക്ഷ കഴിഞ്ഞ് പോവുകയായിരുന്ന വിദ്യാര്‍ഥികള്‍ക്കു നേരെ അക്രമം ഉണ്ടായതിനെ തുടര്‍ന്ന് ഇന്നലെ പത്തു വിദ്യാര്‍ഥികള്‍ പൊലിസ് കാവലാണ് പരീക്ഷയെഴുതിയത്.
ഇന്നലെ ഉച്ചയ്ക്കു കല്ലാച്ചി ടാക്സി സ്റ്റാന്‍ഡിനു സമീപം സ്വകാര്യ കെട്ടിടത്തിന്റെ പരിസരം വൃത്തിയാക്കുന്നതിനിടെ ഒരു സ്റ്റീല്‍ ബോംബ് കണ്ടെടുത്തു. ചുണ്ണാമ്പ് ഡബ്ബയാണെന്നു കരുതി തൊട്ടടുത്ത കുറ്റിക്കാട്ടിലേക്ക് വലിച്ചെറിഞ്ഞത് ശ്രദ്ധയില്‍പെട്ട നാട്ടുകാര്‍ പരിശോധിച്ചതിനു ശേഷമാണ് സ്റ്റീല്ബോംബാണെന്ന് സ്ഥിരീകരിച്ചത്. ഉടന്‍ സ്ഥലത്തെത്തിയ പൊലിസ് ബോംബ് കസ്റ്റഡിയിലെടുത്തു. സ്ഫോടകവസ്തു വിദഗ്ധരും സ്ഥലത്തെത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."