മാനുഷിക ബന്ധങ്ങള്‍ക്ക് മൂല്യമില്ലാതായി: വനിതാ കമ്മിഷന്‍
കോഴിക്കോട്: മാനുഷിക ബന്ധങ്ങള്‍ക്ക് മൂല്യം കല്‍പ്പിക്കാത്ത സാഹചര്യത്തിലൂടെയാണ് കാലം കടന്നുപോകുന്നതെന്നു വനിതാ കമ്മിഷന്‍ അംഗം അഡ്വ. നൂര്‍ബിന റഷീദ്.
അമ്മമാര്‍ മക്കള്‍ക്കെതിരേയും മക്കള്‍ രക്ഷിതാക്കള്‍ക്കെതിരേയും നല്‍കുന്ന പരാതികളുടെ എണ്ണത്തില്‍ വലിയ വര്‍ധനവുണ്ടായതായും അവര്‍ കൂട്ടിച്ചേര്‍ത്തു. കോഴിക്കോട്ടു നടന്ന സംസ്ഥാനതല വനിതാ കമ്മിഷന്‍ മെഗാ അദാലത്തിനു ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അവര്‍. വിദ്യാഭ്യാസ വായ്പയെടുത്ത് ഡോക്ടറാക്കിയ മകന്‍ തിരിഞ്ഞു നോക്കുകയോ ലോണ്‍ തിരിച്ചടയ്ക്കുകയോ ചെയ്യാത്തതിനാല്‍ കടബാധ്യതയിലായ അമ്മ ഇന്നലെ അദാലത്തില്‍ പരാതിയുമായെത്തി. പൊലിസ് അന്വേഷണം ഫലപ്രദമല്ലെന്നാരോപിച്ചു മൂന്നു പരാതികളാണ് ഇന്നലെ സിറ്റിങ്ങിനെത്തിയത്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ആത്മഹത്യ ചെയ്ത വിദ്യാര്‍ഥിയുടെ മരണത്തെ കുറിച്ചുള്ള വസ്തുതകള്‍ അറിയണമെന്നാവശ്യപ്പെട്ട് അമ്മയും സഹോദരിയും കമ്മിഷനെ സമീപിച്ചു. ഈ കേസിലെ അന്വേഷണ ഉദ്യോഗസ്ഥനോട് കമ്മിഷന്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.
ഗാര്‍ഹിക പീഡനങ്ങളും സ്വത്തുതര്‍ക്ക കേസുകളും അയല്‍പക്കക്കാരുമായുള്ള വഴിപ്രശ്‌നങ്ങളുമാണ് പരാതികളിലധികവും.
ഒരു വീട്ടിലെ മേശക്കു ചുറ്റുമിരുന്നു പരിഹരിക്കാന്‍ കഴിയുന്ന വിഷയങ്ങള്‍ വനിതാ കമ്മിഷനു മുന്നിലെത്തിക്കരുതെന്നും എല്ലാ കേസുകളും കോടതിയിലെത്തിക്കണമെന്ന പിടിവാശി ഉപേക്ഷിക്കണമെന്നും അഡ്വ. നൂര്‍ബിന റഷീദ് ചൂണ്ടിക്കാട്ടി. 50 കേസുകളാണ് ഇന്നലെ കമ്മിഷന്‍ സിറ്റിങ് നടത്തിയത്.
ഇതില്‍ 24 കേസുകള്‍ക്കു പരിഹാരമായി. മൂന്നെണ്ണം ഫുള്‍ കമ്മിഷനും മൂന്നെണ്ണം തുടരന്വേഷണത്തിനും വിട്ടു. 20 കേസുകള്‍ അടുത്ത അദാലത്തിലേക്കു മാറ്റി. സിറ്റിങ്ങില്‍ വനിതാ കമ്മിഷന്‍ ഡയറക്ടര്‍ വി.യു കുര്യാക്കോസ്, അഡ്വ. പി.ജി മീനാ നായര്‍, അഡ്വ. ശ്രീല മേനോന്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."