അഞ്ചുമുതല്‍ മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡില്‍ കയറില്ലെന്ന് ബസുടമകള്‍
മലപ്പുറം: റോഡിന്റെ അശാസ്ത്രീയതയും ബസ് സ്റ്റാന്‍ഡിന്റെ ശോചനീയാവസ്ഥയും പരിഗണിച്ച് അഞ്ചുമുതല്‍ മുനിസിപ്പല്‍ ബസ്സ്റ്റാന്‍ഡില്‍ പ്രവേശിക്കില്ലെന്ന് ആള്‍ കേരള ബസ് ഓപ്പറേറ്റേഴ്‌സ് ഓര്‍ഗനൈസേഷന്‍ ജില്ലാ ഭാരവാഹികള്‍ അറിയിച്ചു. കോട്ടപ്പടി ഭാഗത്തു നിന്നു വരുന്ന വാഹനങ്ങള്‍ ബസ്സ്റ്റാന്‍ഡില്‍ പ്രവേശിച്ച് വീണ്ടും അതേ റോഡിലൂടെ തിരിച്ചുവരുന്നതു മൂലം പൊലിസ് സ്റ്റേഷന്‍ പരിസരത്ത് വാഹനാപകടങ്ങള്‍ പതിവാണ്.
റോഡിന്റെ അശാസ്ത്രീയമായ കിടപ്പും റോഡിലെ വാഹന ബാഹുല്യവുമാണ് അപകടത്തിനു കാരണം. വാഹന നിയന്ത്രണത്തിനുള്ള സിഗ്‌നല്‍ സംവിധാനവും ഇവിടെയില്ല. മേഖലയിലെ പ്രശ്‌നം പരിഹരിക്കുന്നതിനായി മുന്‍ജില്ലാ കലക്ടര്‍ പൊലിസ് സ്റ്റേഷന്‍ പരിസരത്തെ സ്ഥലം റോഡ് വികസിപ്പിക്കാന്‍ ലഭ്യമാക്കും എന്നറിയിച്ചിരുന്നു. അതുവരെ കോട്ടപ്പടിയില്‍ നിന്ന് വരുന്ന സ്വകാര്യ ബസുകള്‍ ബസ്സ്റ്റാന്‍ഡില്‍ പ്രവേശിക്കാതെ നേരെ കുന്നുമ്മലില്‍ എത്താന്‍ അനുവദിച്ചിരുന്നു.
എന്നാല്‍ പുതിയ മുനിസിപ്പല്‍ ഭരണ സമിതി തീരുമാനം റദ്ദാക്കി പഴയ രീതി തുടരുകയായിരുന്നുവെന്നാണ് ബസ് ഉടമകളുടെ ആരോപണം. ബസ്സ്റ്റാന്‍ഡ് പണി പൂര്‍ത്തിയാക്കുമെന്നും പൊലിസ് സ്റ്റേഷന്‍ പരിസരത്തെ ബുദ്ധിമുട്ട് ഇല്ലാതാക്കുമെന്നും അറിയിച്ച നഗരസഭ ഇത് നടപ്പാക്കിയില്ലെന്നും ബസ് ഉടമകള്‍ ആരോപിക്കുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അഞ്ചുമുതല്‍ കോട്ടപ്പടി ഭാഗത്തുനിന്നു വരുന്ന ബസുകള്‍ ബസ്സ്റ്റാന്‍ഡ് ബഹിഷ്‌കരിച്ച് നേരിട്ട് കുന്നുമ്മലില്‍ പ്രവേശിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ജില്ലാ എക്‌സിക്യൂട്ടീവ് യോഗത്തില്‍ കെ.വി അബ്ദുറഹ്മാന്‍ അധ്യക്ഷനായി. എം.സി കുഞ്ഞിപ്പ, വി.പി ശിവാകരന്‍ മാസ്റ്റര്‍, ഉസ്മാന്‍ മേലേതില്‍, കുഞ്ഞിപ്പ കൊണ്ടോട്ടി, അബുലൈസ് മലപ്പുറം സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."