സംസ്ഥാന സര്‍ക്കാര്‍ ജനജീവിതം ചലനാത്മകമാക്കി: സി.എന്‍ ജയദേവന്‍ എം.പി
തൃശൂര്‍: സാധാരണ മനുഷ്യരുടെ ജീവിതത്തെ സാമ്പത്തിക സുരക്ഷിതത്വമേകി ചലനാത്മകമാക്കുകയും പൊതു വിപണി സജീവമാക്കുകയും ചെയ്തുവെന്നതാണ് നൂറു ദിനം പിന്നിടുന്ന സംസ്ഥാന സര്‍ക്കാരിന്റെ മുഖ്യനേട്ടമെന്ന് സി.എന്‍ ജയദേവന്‍ എം.പി പറഞ്ഞു. സംസ്ഥാന മന്ത്രിസഭ നൂറ് ദിനാഘോഷങ്ങളുടെ ഭാഗമായി ജില്ലാ ഭരണകൂടവും ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പും കൃഷി കര്‍ഷക ക്ഷേമ വകുപ്പും ചേര്‍ന്ന് കണിമംഗലം വല്യാലൂക്കല്‍ കമ്യൂണിറ്റി ഹാളില്‍ സംഘടിപ്പിച്ച കാര്‍ഷിക സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മാവേലി സ്റ്റോറുകളും മറ്റു വിപണികളിലും കാണുന്ന ജനത്തിരക്ക് സാധാരണ മനുഷ്യരുടെ സാമ്പത്തിക അഭിവൃദ്ധിയുടെ സൂചകമാണ്. നാല് മാസം ഒരു സര്‍ക്കാരിനെ പൂര്‍ണമായും വിലയിരുത്തുന്നതിനുളള സമയമല്ല. എങ്കിലും ഭക്ഷ്യോല്‍പ്പാദന, ഭൂമി-വന വിനിയോഗ വികസന കാര്യത്തില്‍ ജനപക്ഷ നിലപാടുകളാണ് ഈ സര്‍ക്കാര്‍ കൈക്കൊളളുന്നത്. അതിന്റെ സൂചനയാണ് വിപണിയില്‍ കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. മേയര്‍ അജിത ജയരാജന്‍ അധ്യക്ഷയായി.
വാര്‍ഡ് കൗണ്‍സിലര്‍ അജിത വിജയന്‍, ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് ഡെപ്യൂട്ടി കലക്ടര്‍ ഇ.ജെ ഗ്രേസി എന്നിവര്‍ വിശിഷ്ടാതിഥികളായി. പി.ആര്‍.ഡി മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍ എം.എസ് അലിക്കുഞ്ഞ് സംബന്ധിച്ചു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ വി.ആര്‍ സന്തോഷ് സ്വാഗതവും കൃഷിവകുപ്പ് അസിസ്റ്റന്റ് ഡയറക്ടര്‍ കെ.കെ ജയന്‍ നന്ദിയും പറഞ്ഞു. തുടര്‍ന്ന് പരമ്പരാഗത കൃഷിരീതികളും മണ്ണ് സംരക്ഷണവും എന്ന വിഷയത്തില്‍ സെമിനാര്‍ നടന്നു. കാര്‍ഷിക സര്‍വകലാശാല ഡയറക്ടര്‍ ഓഫ് എക്‌സറ്റന്‍ഷന്‍ ഡോ. എസ്റ്റിലറ്റ, സോയില്‍ സര്‍വെ ഓഫിസര്‍ സുധീര്‍ബാബു എന്നിവര്‍ വിഷയാവതരണം നടത്തി. വി.കെ സുധ മോഡറേറ്ററായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."