കെ.സിയുടെ വിയോഗം: നഷ്ടമായത് സമസ്തയുടെ ആത്മാര്‍ഥ സേവകനെ
മുക്കം: സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ മുന്‍ ജില്ലാ ജനറല്‍ സെക്രട്ടറി ഓമശ്ശേരി പൂളപ്പൊയില്‍ കെ.സി അഹമ്മദ്കുട്ടി മൗലവിയുടെ വിയോഗത്തിലൂടെ പ്രസ്ഥാനത്തിന് നഷ്ടമായത് ആത്മാര്‍ഥ സേവകനെ.
സംഘടനയുടെ അഭിവന്ദ്യസാരഥി, നിഷ്‌കളങ്കതയുടെ നിറകുടം, നിലപാടുകളിലെ ഊര്‍ജസ്വലത, കര്‍മ ചടുലത, കൃത്യനിഷ്ഠത ഇതെല്ലാമായിരുന്നു കെ.സി. ജംഇയ്യത്തുല്‍ മുഅല്ലിമീനെ ജനകീയമാക്കുന്നതില്‍ അദ്ദേഹത്തിന്റെ പങ്ക് നിസ്തുലമാണ്. കെ.സി ജോലി ചെയ്തിരുന്ന നാദാപുരം ചെറുമോത്തും സ്വദേശമായ പൂളപ്പൊയിലിലും ദീനി കാര്യങ്ങളിലെ നിറസാന്നിധ്യവും അവസാനവാക്കുമായിരുന്നു.
സംഘടനക്കും ദീനികാര്യങ്ങള്‍ക്കും വേണ്ടി ഓടിനടക്കുന്നിതിനിടയില്‍ സ്വന്തം കാര്യവും ശരീരവും നോക്കാന്‍ മറന്നുപോയ കെ.സി പ്രവര്‍ത്തകര്‍ക്ക് എന്നും താങ്ങും തണലുമായിരുന്നു. ചെറുമോത്തെ സെക്കന്‍ഡറി മദ്‌റസയും കോഴിക്കോട് അരയിടത്തുപാലത്തെ മുഅല്ലിം സെന്ററും മുത്താലം മദ്‌റസയുമെല്ലാം കെ.സിയുടെ കൂടി കര്‍മഫലമായാണ് ഉയര്‍ന്നുവന്നത്. കെ.സിയുടെ വേര്‍പാടറിഞ്ഞ് വന്‍ജനാവലിയാണ് അദ്ദേഹത്തിന്റെ വസതിയിലെത്തിയത്.
പുളപ്പൊയില്‍ ജുമാമസ്ജില്‍ നടന്ന മയ്യിത്ത് നിസ്‌കാരത്തിന് കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി നേതൃത്വം നല്‍കി. വാവാട് കുഞ്ഞിക്കോയ മുസ്‌ലിയാര്‍, ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി, ഉമര്‍ ഫൈസി മുക്കം, എം.എ ചേളാരി, മുസ്തഫ മാസ്റ്റര്‍ മുണ്ടുപാറ, സലാം ഫൈസി മുക്കം, മലയമ്മ അബൂബക്കര്‍ ഫൈസി, പുറങ്ങ് അബ്ദുല്ല മുസ്‌ലിയാര്‍, കെ.കെ ഇബ്‌റാഹിം മസ്റ്റര്‍ വസതി സന്ദര്‍ശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."