കൃഷി വികസന-കര്‍ഷക ക്ഷേമ വകുപ്പിലെ കരാര്‍, ദിവസ വേതന ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിട്ടു
നിലമ്പൂര്‍: കൃഷി വികസന കര്‍ഷക ക്ഷേമ വകുപ്പിനു കീഴിലെ നിലവിലുള്ള കരാര്‍, ദിവസ വേതന ജീവനക്കാരെ പിരിച്ചുവിട്ടുകൊണ്ട് സര്‍ക്കാര്‍ അറിയിപ്പു നല്‍കി.
ഇതു സംബന്ധിച്ച് വെള്ളിയാഴ്ച അതാതു പ്രിന്‍സിപ്പല്‍ ഓഫിസര്‍മാര്‍ക്കും പദ്ധതി മേധാവികള്‍ക്കും ഡയറക്ടര്‍ സര്‍ക്കുലര്‍ നല്‍കി. പച്ചത്തേങ്ങ സംഭരണം, ആത്മ, വിള പരിപാലനം, പച്ചക്കറി കൃഷി പദ്ധതികള്‍ എന്നിവയില്‍ നിരവധി താല്‍കാലിക ജീവനക്കാരാണ് പ്രവര്‍ത്തിച്ചു വരുന്നത്. പുതിയ ജീവനക്കാരെ ഇത്തരത്തിലെടുക്കുന്നതിനായി അപേക്ഷകള്‍ ക്ഷണിച്ചിട്ടുണ്ട്.
തിരഞ്ഞെടുക്കുന്നതിനായി ഉന്നതരുള്‍പ്പെട്ട ഇന്റര്‍വ്യൂ കമ്മിറ്റി രൂപീകരിക്കണമെന്നും തുടര്‍ന്ന് റാങ്ക് ലിസ്റ്റ് തയാറാക്കണമെന്നും നിര്‍ദേശമുണ്ട്. അപേക്ഷകരുടെ എണ്ണത്തിനനുസരിച്ച് എഴുത്തു പരീക്ഷ നടത്താനും അനുമതിയുണ്ട്. ദിവസ വേതനക്കാരെ തുടര്‍ന്നും നിയമിക്കണമെങ്കില്‍ 10 നു മുന്‍പായി അനുമതി തേടേണ്ടതുണ്ടെന്നും സര്‍ക്കുലറില്‍ പറയുന്നു.
അനുമതിയില്ലാതെ തുടരുന്നവരുടെ വേതനം നിയമിക്കുന്നവരില്‍ നിന്നും ഈടാക്കാനും നിര്‍ദേശമുണ്ട്. വകുപ്പില്‍ ഇത്തരത്തിലുള്ള ജീവനക്കാരെ അതാതു എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലെ ലിസ്റ്റില്‍ നിന്നും പരിഗണിക്കണമെന്ന ആവശ്യം നിലവില്‍ ശക്തമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."