നിയമം ആര്‍ക്കും വ്യക്തിപരമായ ഇളവ് നല്‍കുന്നില്ല : നടന്‍ ശ്രീനിവാസന്‍
കൊച്ചി : നിയമം ആര്‍ക്കും വ്യക്തിപരമായി യാതൊരു ഇളവും അനുവദിക്കുന്നില്ലെന്ന് നടനും സംവിധായകനുമായ ശ്രീനിവാസന്‍ പറഞ്ഞു. നിയമവ്യവസ്ഥകള്‍ മുഖ്യമന്ത്രിക്കായാലും പ്രധാനമന്ത്രിക്കായാലും ഒന്നുതന്നെ.
സംസ്ഥാനത്ത് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്ന വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍ ബ്യൂറോയുടെ സ്വതന്ത്ര പ്രവര്‍ത്തനം തടസപ്പെടുത്തുന്ന തരത്തിലുളള മുതിര്‍ന്ന ഐ.എ.എസ് ഉദ്യോഗസ്ഥരുടെ നീക്കം തടയണമെന്ന് ശ്രീനിവാസന്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിന്റെ പ്രവര്‍ത്തനങ്ങളെ കുറ്റപെടുത്തി മുതിര്‍ന്ന ഐ.എ. എസ് ഉദ്യോഗസ്ഥര്‍ മുഖ്യമന്ത്രിയേയും ചീഫ് സെക്രട്ടറിയേയും കണ്ട് പരാതി അറിയിച്ചത് ദുഷ്ടലാക്കോടെയാണ്. ഇവര്‍ കാര്യങ്ങളെ കണ്ണടച്ച് ഇരുട്ടാക്കുകയാണ്. പരാതികളില്‍ നിയമാനുസരണ നടപടികള്‍ സ്വീകരിക്കാന്‍ വിജിലന്‍സ് ഡയറക്ടര്‍ക്ക് അധികാരമുണ്ടെന്ന കാര്യം ഇവര്‍ മറക്കരുത്. ക്രിമിനല്‍ നിയമം 154 പ്രകാരം വിവരം ലഭിച്ചാല്‍ പ്രഥമ വിവര റിപ്പോര്‍ട്ട് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താന്‍ പൊലിസ് ഓഫിസര്‍ക്ക് നിയമപരമായ ബാധ്യതയുണ്ട്.
മുതിര്‍ന്ന ഐ.എ.എസ് ഉദ്യോഗസ്ഥരുടെ ഇപ്പോഴത്തെ നീക്കം നിയമവിരുദ്ധരായ രാഷ്ട്രീയ - ഉദ്യോഗസ്ഥ മേധാവിത്വ സ്വാധീനം വിജിലന്‍സിന്റെ തലപ്പത്ത് കൊണ്ടുവരാനുളളതാണ്. സംസ്ഥാനത്ത് നിലനില്‍ക്കുന്ന താഴെതട്ടുമുതലുളള അഴിമതിക്ക് അറുതി വരണം. അതിനായി പൊതു ജനങ്ങള്‍ക്ക് കൂടുതല്‍ അവബോധം ഉണ്ടാക്കേണ്ടതുണ്ട്. പലരും അഴിമതിക്കെതിരെ പ്രതികരിക്കാന്‍ വിമുഖത കാട്ടുകയാണ്.ഈ നിലപാട് മാറണം. കുറ്റം ചെയ്തശേഷം സംസഥാനം ഭരിക്കുന്ന മുഖ്യമന്ത്രിയെയോ അല്ലെങ്കില്‍ മറ്റ് അധികാര സ്ഥാനങ്ങളില്‍ ഇരിക്കുന്നവരയോ സ്വകാര്യമായി കണ്ടാല്‍ ഇളവ് ലഭിക്കുമെന്നാണ് ചിലരുടെ ധാരണ.
ഇത്തരം ധാരണകള്‍ വലിയ തെറ്റാണ്. ഈ ഗണത്തില്‍പ്പെട്ട ചിലര്‍ മുഖ്യമന്ത്രിയെ വീട്ടില്‍ സന്ദര്‍ശിച്ചതായും വാര്‍ത്തകള്‍ പുറത്തുവരുന്നുണ്ട്. ഇവര്‍ പ്രത്യേക ഉദ്ദേശത്തോടെയായിരിക്കാം മുഖ്യമന്ത്രിയെ വീട്ടില്‍ സന്ദര്‍ശിച്ചത്. മൈക്രോഫിനാന്‍സ് കേസിലെ ഒന്നാം പ്രതിയായ എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെളളാപളളി നടേശന്‍ മുഖ്യമന്ത്രിയെ വീട്ടില്‍ സന്ദര്‍ശിച്ചതായി സൂചിപ്പിച്ചപ്പോഴാണ് ശ്രീനിവാസന്‍ ഇത്തരത്തില്‍ പ്രതികരിച്ചത്.
ഇപ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തുന്ന നീക്കങ്ങള്‍ വിജയം കണ്ടിരുന്നുവെങ്കില്‍ നന്നായിരുന്നു. മറിച്ച് ആവേശത്തിലൊതുങ്ങിയാല്‍ വിപരീത ഫലമായിരിക്കും ഉണ്ടാകുക.സൗമ്യകേസില്‍ കോടതിയുടെ ഇടപെടല്‍ കടുത്ത നിരാശ പടര്‍ത്തിയിരുന്നു. പക്ഷെ തെളിവുകള്‍ നല്‍കുന്നതില്‍ ബന്ധപ്പെട്ടവര്‍ക്ക് വീഴ്ച്ച പറ്റി. കോടതിക്ക് പ്രധാനം തെളിവുകള്‍ തന്നെയാണ്.
അവയവദാനത്തോട് തനിക്ക് വിയോജിപ്പില്ല. മറിച്ച് അതിന്റെ അന്തസത്തയെ ഇല്ലായ്മ ചെയ്ത് ചിലര്‍ ദാനം കച്ചവടമാക്കിമാറ്റുന്നു. അതിനോടാണ് എതിര്‍പ്പ്. സിനിമ എപ്പോഴും പുതുമ നിറഞ്ഞതായിരിക്കണം. കേട്ടു പരിചയിച്ചതും കണ്ടുമടുത്തതുമായ കാര്യങ്ങളെ ഏകോപിപ്പിച്ച് സിനിമ എടുക്കുന്നതിനോട് തനിക്ക് യോജിപ്പില്ലെന്നും ശ്രീനിവാസന്‍ പറഞ്ഞു.
വാര്‍ത്തസമ്മേളനത്തില്‍ ആന്റി കറപ്ഷന്‍ പീപ്പിള്‍സ് മൂവ്‌മെന്റ് പ്രസിഡന്റ് അഡ്വ. എം.ആര്‍ രാജേന്ദ്രന്‍ നായര്‍, അഡ്വ.ഡി.ബി ബിനു തുടങ്ങിയവരും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."