ഇനി കുറ്റം പറയാന്‍ കഴിയില്ല; ഉത്തരസൂചികയുടെ കോപ്പി വെബ്‌സൈറ്റില്‍ ലഭിക്കും
കോഴിക്കോട്: പരീക്ഷയുടെ റിസള്‍ട്ട് വരുമ്പോള്‍ ഇനി ഇന്‍വിജിലേറ്ററെ കുറ്റം പറയാന്‍ കഴിയില്ല. ഉത്തരസൂചികയുടെ ഫോട്ടോകോപ്പി കുട്ടികള്‍ക്കു കൈയോടെ നല്‍കാന്‍ ഹയര്‍സെക്കന്‍ഡറി ബോര്‍ഡ് ഉത്തരവിട്ടു. ഉത്തരസൂചികയും മൂല്യനിര്‍ണയത്തിന്റെ രീതിയും ഹയര്‍ സെക്കന്‍ഡറി ബോര്‍ഡിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ പ്രദര്‍ശിപ്പിക്കാനാണ് ഉത്തരവ്. മൂല്യനിര്‍ണയത്തെക്കുറിച്ചു കേരള സ്റ്റേറ്റ് കമ്മിഷന്‍ ഫോര്‍ പൊട്ടക്ഷന്‍ ഓഫ് ചൈല്‍ഡ് റൈറ്റ്‌സില്‍ നിരന്തരം പരാതികള്‍ ലഭിക്കുന്ന സാഹചര്യത്തിലാണ് പുതിയ പരിഷ്‌കരണം.
തങ്ങള്‍ക്കു കിട്ടിയ മാര്‍ക്കില്‍ തൃപ്തിയില്ലാത്തവര്‍ക്കു ഈ ഉത്തരക്കടലാസിന്റെ കോപ്പി വെബ്‌സൈറ്റില്‍ നിന്നും കൈപ്പറ്റി സംശയം തീര്‍ക്കാം. സി.ബി.എസ്.ഇ, ഐ.സി.എസ്.സി തുടങ്ങി എല്ലാ വിഭാഗത്തിനും ഈ സൗകര്യം ഉണ്ടായിരിക്കും. യൂനിവേഴ്‌സിറ്റികളില്‍ മാത്രമാണ് നിലവില്‍ ഈ സൗകര്യമുണ്ടായിരുന്നത്. പലപ്പോഴും ഉത്തരക്കടലാസുകള്‍ നോക്കുമ്പോള്‍ ഗുരുതരമായ പ്രശ്‌നങ്ങള്‍ ഉണ്ടാകാറുണ്ട്. ടോട്ടല്‍ മാര്‍ക്ക് കൂട്ടുമ്പോള്‍ വരുന്ന വീഴ്ച, മാര്‍ക്ക് കവര്‍പേജിലേക്കു മാറ്റിയെഴുതുമ്പോഴുണ്ടാകുന്ന പ്രശ്‌നങ്ങള്‍ തുടങ്ങിവയ്‌ക്കെതിരേ നേരത്തെ വ്യാപകമായ പരാതി ഉയര്‍ന്നിരുന്നു.
ഇതിനുപുറമെ, ഏതു ഉത്തരമാണ് തെറ്റിയതെന്നും എവിടെയാണ് മാര്‍ക്ക് കുറഞ്ഞതെന്നും വെബ്‌സൈറ്റിലൂടെ വിദ്യാര്‍ഥികള്‍ക്കു മനസിലാക്കാന്‍ സാധിക്കും. ബാലാവകാശ കമ്മിഷന്‍ നല്‍കിയ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് നടപടി. കമ്മിഷനു ഒരു വിദ്യാര്‍ഥി നല്‍കിയ പരാതിയെ തുടര്‍ന്നു പുനര്‍മൂല്യനിര്‍ണയം നടത്തിയപ്പോള്‍ മാര്‍ക്കില്‍ വലിയ വ്യത്യാസം വന്നിരുന്നു. ഇതോടെയാണ് കമ്മിഷന്‍ ഹയര്‍ സെക്കന്‍ഡറി ബോര്‍ഡിനു റിപ്പോര്‍ട്ട് അയച്ചതെന്ന് ബാലാവകാശ കമ്മിഷന്‍ അംഗം നസീര്‍ ചാലിയം സുപ്രഭാതത്തോടു പറഞ്ഞു. ഇതിനായുള്ള നടപടികള്‍ ഹയര്‍ സെക്കന്‍ഡറി ബോര്‍ഡ് ആരംഭിച്ചുകഴിഞ്ഞു. അടുത്ത വാര്‍ഷിക പരീക്ഷയോടെ ഉത്തരസൂചിക വെബ്‌സൈറ്റിലെത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."