പ്രാര്‍ഥനകള്‍ വിഫലം; അനയ് മോന്‍ വിടവാങ്ങി
രാജപുരം: നാട്ടുകാരുടെ ഉള്ളുരുകിയ പ്രാര്‍ഥനകളും കൈ മെയ് മറന്ന സഹായവും വിഫലമാക്കി അനയ് മോന്‍ വിധിക്കു കീഴടങ്ങി. അര്‍ബുദം ബാധിച്ച പടിമരുതിലെ നാലു വയസ്സുകാരന്‍ അനയ്‌മോന്‍ ബംഗളൂരു മണിപ്പാല്‍ ആശുപത്രിയിലെ വിദഗ്ധ ചികില്‍സയ്ക്കിടെയാണ് ഇന്നലെ മരിച്ചത്. പ്രശസ്ത കാന്‍സര്‍ ചികിത്സാ വിദഗ്ധന്‍ ഡോ.അമിത് റാവൂത്തരാണ് അനയ്‌മോനെ ചികിത്സിച്ചിരുന്നത്. തിരുവനന്തപുരം ആര്‍.സി.സി.യില്‍ നിന്നു ജൂണ്‍ ആദ്യവാരമാണ് ബംഗളൂരുവിലേക്ക് കൊണ്ടുപോയത് .
ആദ്യം തിരുവനന്തപുരം ആശുപത്രിയിലായിരുന്ന അനയ്‌മോന്റെ ചികിത്സക്ക് പണമുണ്ടാക്കാന്‍ കാഞ്ഞങ്ങാട് പാണത്തൂര്‍ പാതയില്‍ സര്‍വിസ് നടത്തന്ന 'റിച്ചു' ബസ് ഒരു ദിവസത്തെ വരുമാനം നല്‍കുമെന്നറിയിച്ചതോടെയാണ് അനയ്‌മോന്‍ ജനശ്രദ്ധ നേടിയത്. തുടര്‍ന്നു നാടിന്റെ നാനാ ഭാഗത്തു നിന്നും അനയ്‌മോന്റെ ജീവന്‍ രക്ഷിക്കാനുള്ള പ്രാര്‍ഥനയും ധനസമാഹരണവുമായിരുന്നു. 'റിച്ചു' ബസിനു പിന്നാലെ നിരവധി ബസുകള്‍, ഓട്ടോറിക്ഷകള്‍ എന്നിവ അവരുടെ ഒരു ദിവസത്തെ വരുമാനം ചികിത്സാനിധിയിലേക്കു കൈമാറി. 32 ലക്ഷത്തോളം രൂപയാണ് ചികിത്സാഫണ്ടിലേക്ക് ലഭിച്ചത്.
തിരുവനന്തപുരത്തെ ചികിത്സക്കു തന്നെ ഒരു ലക്ഷം രൂപയോളം ചെലവായിട്ടുണ്ട്. സതീശന്റെയും ലതികയുടേയും ഏക മകനാണ് അനയ്. പിതാവ് സതീശന്‍, അമ്മ ലതിക, ലതികയുടെ സഹോദരി ചന്ദ്രമതി എന്നിവരും അനയ് മോന്റെ ചികിത്സാ കമ്മറ്റി കണ്‍വീനര്‍ സന്തോഷ്, പൊതുപ്രവര്‍ത്തകന്‍ രതീഷ് എന്നിവരും ആശുപത്രിയിലുണ്ടായിരുന്നു.
ഇന്നലെ ഉച്ചയോടെ ഒടയംചാലില്‍ പൊതുദര്‍ശനത്തിനു വച്ചതിനു ശേഷമാണ് സംസ്‌കരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."