നീലേശ്വരത്തു മാലിന്യ നീക്കം നിലച്ചു നഗരം ചീഞ്ഞു നാറുന്നു
നീലേശ്വരം: നഗരത്തില്‍ മാലിന്യ നീക്കം നിലച്ചു. ഇതോടെ നഗരത്തിന്റെ പലഭാഗങ്ങളിലും മാലിന്യങ്ങള്‍ ചാക്കുകളില്‍ കെട്ടിവച്ചിരിക്കുകയാണ്. നഗരം ശുചീകരിക്കുന്നുണ്ടെങ്കിലും കെട്ടിവച്ച മാലിന്യങ്ങള്‍ നീക്കം ചെയ്യാതെ കിടക്കുകയാണ്.
ഒരാഴ്ചയോളമായി ഈ സ്ഥിതി തുടരുകയാണ്. ബസ് സ്റ്റാന്‍ഡ് പരിസരത്തു മാലിന്യം തള്ളരുതെന്ന മുന്നറിയിപ്പു ബോര്‍ഡിനു കീഴില്‍ പോലും ചാക്കില്‍ നിറച്ച മാലിന്യങ്ങള്‍ കാണാം. മാലിന്യം സംസ്‌കരിക്കാനാവശ്യമായ സംവിധാനം നഗരസഭയ്ക്കു കീഴില്‍ ഒരുക്കാത്തതാണു ഇതിനു കാരണം. കുറച്ചു നാളുകളായി പുഴയോരത്തു മാലിന്യങ്ങള്‍ മണ്ണിട്ടു മൂടുകയായിരുന്നു പതിവ്. എന്നാല്‍ എതിര്‍പ്പുയര്‍ന്നതോടെ അതും നിലച്ചു.
ലക്ഷങ്ങള്‍ ചെലവഴിച്ചു ചിറപ്പുറത്തു സ്ഥാപിച്ച മാലിന്യസംസ്‌കരണ പ്ലാന്റ് തുറന്നു പ്രവര്‍ത്തിപ്പിക്കാതെ നോക്കുകുത്തിയായി കിടക്കുമ്പോഴാണു നഗരത്തില്‍ മാലിന്യങ്ങള്‍ കുന്നുകൂടുന്നത്. അധികാരമേറ്റെടുത്തു ആറു മാസത്തിനകം പ്ലാന്റ് പ്രവര്‍ത്തനക്ഷമമാക്കുമെന്നു ചെയര്‍മാന്‍ പ്രൊഫ.കെ.പി ജയരാജന്‍ അറിയിച്ചിരുന്നെങ്കിലും നടപ്പായില്ല.
അജൈവ മാലിന്യങ്ങളുടെ സംസ്‌കരണത്തിനായി പദ്ധതി തയാറാക്കിയിട്ടുണ്ടെങ്കിലും പല കോണുകളില്‍ നിന്ന് അതിനെതിരേയും പ്രതിഷേധം ശക്തമാണ്. ചിറപ്പുറത്തെ പ്ലാന്റ് തുറന്നു പ്രവര്‍ത്തിപ്പിക്കുന്നതിനു പകരം അജൈവ മാലിന്യങ്ങളുടെ സംസ്‌കരണ കേന്ദ്രം മാത്രമാക്കി മാറ്റുന്നത് അംഗീകരിക്കില്ലെന്നാണു പ്രതിപക്ഷത്തിന്റെ നിലപാട്.
തെരു റോഡിലെ കുടുംബശ്രീ വിപണന കേന്ദ്രത്തിലെ മുറി ഇതിനായി ഉപയോഗിക്കുന്നതിലും എതിര്‍പ്പുകളുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."