ഭരണകൂടങ്ങളുടെ കൊടിയ അനാസ്ഥ; ദേശമംഗലത്ത് കര്‍ഷകര്‍ ദുരിതക്കയത്തില്‍
ചെറുതുരുത്തി: കാര്‍ഷിക പുരോഗതിയെ കുറിച്ചുള്ള പ്രഖ്യാപനങ്ങള്‍ അധികൃതര്‍ പുരപ്പുറത്ത് നിന്ന് കയറി പ്രസംഗിക്കുമ്പോള്‍ ഭരണകൂടങ്ങളുടെ കൊടിയ അനാസ്ഥ മൂലം ദേശമംഗലം പഞ്ചായത്തിലെ ചെറുകാട് പാടശേഖരത്തില്‍ 300 ഓളം ഏക്കര്‍ പാടശേഖരം പൂര്‍ണ്ണമായും തരിശിടേണ്ട അവസ്ഥയാണ്.
വര്‍ഷങ്ങള്‍ക്ക് മുമ്പ് മൂന്ന് പൂവലും കൃഷിയിറക്കിയിരുന്ന പാടശേഖരങ്ങളാണ് ഇന്ന് ഒരു കൃഷിയും ഇറക്കാനാകാതെ കാട്ടുപൊന്തകള്‍ പടര്‍ന്ന് പിടിച്ച് തരിശായി കിടക്കുന്നത്.
ഭാരതപ്പുഴയിലെ സമൃദ്ധമായ വെള്ളം ഉപയോഗിച്ച് ഏഴ് കൊല്ലം മുമ്പ് വരെ കര്‍ഷകര്‍ ഈ പാടശേഖരത്ത് നിന്ന് നൂറുമേനി വിളവ് കൊയ്ത് എടുത്തിരുന്നു.
ഭാരതപ്പുഴയില്‍ നിന്ന് സ്വന്തമായി പമ്പ് ഉപയോഗിച്ചും വെള്ളം കോരിയെടുത്തുമായിരുന്നു അന്നൊക്കെ കൃഷി ചെയ്തിരുന്നത് പതിയെ പുഴ വെള്ളമില്ലാതെ മണല്‍ കാടായി മാറാന്‍ തുടങ്ങി ഇതോടെയാണ് കര്‍ഷകരുടെ ദുരിതവും ആരംഭിച്ചത്. എങ്കിലും നാടിനെ നെല്‍കൃഷിയില്‍ സമ്പന്നമാക്കിയിരുന്ന കര്‍ഷകര്‍ അതില്‍ നിന്നൊരു പുറകോട്ട് പോക്കിന് തയ്യാറായതുമില്ല. കഠിനാധ്വാനികളായ ഈ കര്‍ഷകര്‍ തിരുമിറ്റക്കോട് പഞ്ചായത്ത് ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതിയില്‍ നിന്ന് വെള്ളം എത്തിച്ചു വരെ കൃഷി ചെയ്തു.
എന്നാല്‍ കാലം മുന്നോട്ടു പോയതോടെ പ്രകൃതിയുടെ പിണക്കം അതിനും കഴിയാതാക്കി. ഒടുവില്‍ അധികൃതരോട് നിരവധി തവണ പരാതിപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ 13 വര്‍ഷം മുമ്പ് ഒരു ബൃഹത് പദ്ധതിയുമായി ജില്ലാ പഞ്ചായത്ത് രംഗത്തെത്തി പുഴയില്‍ നിന്ന് വെള്ളം പമ്പ് ചെയ്യുന്നതിന് മോട്ടോറും മോട്ടോര്‍ പുരയും സ്ഥാപിക്കുകയായിരുന്നു ലക്ഷ്യം.
ഇതിന് വേണ്ടി ജില്ലാ പഞ്ചായത്ത് 10 ലക്ഷം രൂപ നീക്കി വെച്ചു. 15 എച്ച്.പിയുടെ രണ്ട് മോട്ടോറുകളും വാങ്ങി. മോട്ടോര്‍ ഷെഡ് നിര്‍മ്മാണവും ആരംഭിച്ചു.
ഷെഡിലേക്ക് വൈദ്യുതി എത്തിക്കാന്‍ 20 പോസ്റ്റുകളാണ് സ്ഥാപിച്ചത് ഇത്രയും ആയപ്പോഴേക്കും അനാസ്ഥയുടേയും കെടുകാര്യസ്ഥതയുടേയുമൊക്കെ രോഗം അധികൃതരെ പിടികൂടി. മോട്ടോറുകള്‍ സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ തുരുമ്പെടുത്തു നശിക്കുകയാണ്. ഇതിന് ശാപമോക്ഷം നല്‍കണമെന്ന് ആവശ്യപ്പെട്ട് കര്‍ഷക സമൂഹം അധികൃതര്‍ക്ക് നിവേദനം നല്‍കിയെങ്കിലും നടപടി മാത്രം ഉണ്ടായില്ല.
നൂറ് മേനി വിളവ് തരുന്ന സ്ഥലവും കൃഷി ചെയ്യാനുള്ള മനസും കര്‍ഷകര്‍ക്ക് ഉണ്ടെങ്കിലും വെള്ളമെത്തിക്കാന്‍ നടപടി ഇല്ലാത്തതുമൂലം കര്‍ഷകരൊന്നാകെ കണ്ണീര്‍ കയത്തിലാണ്. ഈ വേദനയുടെ രൂക്ഷത നിലനില്‍ക്കുമ്പോഴാണ് എല്ലാം ഭദ്രമാണെന്ന അവകാശവാദവുമായി കൃഷി മന്ത്രിയും കൂട്ടരും നാടാകെ ഓടി നടക്കുന്നത്. ആ ഓട്ടത്തിനിടയില്‍ ദേശമംഗലത്തേക്കൊന്ന് തിരിഞ്ഞ് നോക്കണമെന്ന് കര്‍ഷകര്‍ ആവശ്യപ്പെടുന്നു.
ഇത് സംബന്ധിച്ച് കൃഷി വകുപ്പ് മന്ത്രി, ജില്ലാ പഞ്ചായത്ത്, ചേലക്കര എം.എല്‍.എ, ദേശമംഗലം പഞ്ചായത്ത് എന്നിവക്ക് നിവേദനം നല്‍കിയതായി പാടശേഖര സമിതി ഭാരവാഹികളായ കുമാര വേലന്‍, എം.എം ചന്ദ്രന്‍ എന്നിവര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."