ജീവിത സായാഹ്നത്തിലെത്തിപ്പെട്ടവര്‍ക്കായി ഇളം തലമുറയുടെ സ്‌നേഹ സംഗമം
കുന്നംകുളം: ജീവിത സായാഹ്നത്തിലെത്തിപെട്ടവര്‍ക്കായി ഇളം തലമുറയുടെ സ്‌നേഹ സംഗമം. ലോക വയോജന ദിനത്തിന്റെ ഭാഗമായി അടുപ്പൂട്ടി മഠം സ്‌ക്കൂളിന്റെ മരചുവട്ടിലാണ് 50 ല്‍പരം അപ്പൂപ്പന്‍മാരെയും അമ്മൂമ്മമാരേയും ഒപ്പമിരുത്തിയ സൗഹൃദ സംഗമമൊരുക്കിയത്.
കുന്നംകുളത്തിന്റെ സാമൂഹ്യ സാംസ്‌ക്കാരിക രംഗത്തെ പ്രമുഖരായ ഷെയര്‍ ആന്റ് കെയര്‍ ചാരിറ്റബിള്‍ സൊസൈറ്റിയുടെ നേതൃത്വത്തിലായിരുന്നു പരിപാടി. രാവിലെ ഒന്‍പതോടെ അടുപ്പൂട്ടി പ്രദേശത്തെ 60 പിന്നിട്ടവര്‍ മഠത്തിന്റെ മൈതാനത്ത് പ്രത്യേകം സജ്ജീകരിച്ച സംഗമ വേദിയിലെത്തി.സംഘാടകര്‍ പൂക്കള്‍ നല്‍കിയാണ് ഇവരെ വരവേറ്റത്.
നീണ്ട നൂറ്റാണ്ടിന്റെ അനുഭവങ്ങളും, അറിവുകളും, വേദനകളും, സങ്കടങ്ങളുമട ങ്ങിയ ഓര്‍മ്മകള്‍ പരസ്പരം പങ്കുവെക്കാനാരും മടികാണിച്ചില്ല. ഒരു മനുഷ്യായുസ്സു മുഴുവന്‍ നമുക്കായി ചിലവഴിച്ച ജീവിതങ്ങളുടെ അനുഭവങ്ങള്‍ പുതുതലമുറക്ക് വലിയ പാഠങ്ങളാണ് സമ്മാനിച്ചത്. രണ്ട് മണിക്കൂറിലേറെ നീണ്ടു നിന്ന സംഗമത്തില്‍ ബിജു ശ്രീധറിന്റെ നേതൃത്വത്തിലുള്ള നാടന്‍പാട്ടുകള്‍ക്കൊപ്പം പാടിയും കഥപറഞ്ഞും പുതു തലമുറക്കൊപ്പം അവര്‍ ഗുരുതുല്യരായും, സുഹൃത്തുക്കളായും ജീവിക്കുകയാ യിരുന്നു.
96 കാരികളായ തെക്കേക്കര അമ്മിണിയും പുത്തൂര്‍ മറിയയും ചേര്‍ന്നാണ് നിലവിളക്ക് കൊളുത്തി പരിപാടി ഉദ്ഘാടനം ചെയ്തത്. നീലമ്മയും തങ്കചേച്ചിയും ചേര്‍ന്ന് പ്രാര്‍ഥനാ ഗാനം ആലപിച്ചു. സൊസൈറ്റി പ്രസിഡന്റ് ലബീബ് ഹസ്സന്‍ അധ്യക്ഷനായി.
ചൂണ്ടല്‍ ആശുപത്രി അഡ്മിനിസ്‌ട്രേറ്റര്‍ അല്‍ഫോന്‍സാ മരിയ, കാരുണ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ കെ.ബി സുരേഷ്, ഫാദര്‍ ഏലിയാസ് കൊള്ളന്നൂര്‍, ഷാജി ആലിക്കല്‍, വി.സൈഫുദ്ധീന്‍, ഉമ്മര്‍കരിക്കാട്, സി.ഗിരീഷ്‌കുമാര്‍, എം.ബിജുബാല്‍ തുടങ്ങിയവര്‍ സംഗമത്തിന് നേതൃത്വം നല്‍കി.
സംഗമത്തില്‍ പങ്കാളികളായവര്‍ക്ക് സൊസൈറ്റി സ്‌നേഹ സമ്മാനങ്ങള്‍ നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."