നിയന്ത്രണരേഖയില്‍ മാധ്യമങ്ങളുമായി പാക് സൈന്യത്തിന്റെ സന്ദര്‍ശനം
ഇസ്ലാമാബാദ്: നിയന്ത്രണരേഖ കടന്ന് ഇന്ത്യ പാകിസ്താനില്‍ ആക്രമണം നടത്തിയിട്ടില്ലെന്ന് വാദിക്കുന്ന പാകിസ്താന്‍ ഇതിനു 'തെളിവു' നല്‍കാന്‍ മാധ്യമങ്ങളെ നിയന്ത്രണ രേഖയിലെത്തിച്ചു. ഇന്ത്യയുടെ മിന്നലാക്രമണം തെറ്റാന്നെന്ന് 'തെളിയിക്കാന്‍' പാക് സൈന്യമാണ് പാകിസ്താനിലെ പ്രാദേശിക മാധ്യമപ്രവര്‍ത്തകരെയും അന്താരാഷ്ട്ര മാധ്യമങ്ങളെയും കഴിഞ്ഞദിവസം നിയന്ത്രണ രേഖയില്‍ കൊണ്ടുവന്നത്. ശനിയാഴ്ചയാണ് 20 മാധ്യമങ്ങളിലെ 40 മാധ്യമപ്രവര്‍ത്തകരെ നിയന്ത്രണ രേഖയിലെത്തിച്ച് മുതിര്‍ന്ന പാക് സൈനിക ഓഫിസര്‍മാര്‍ വാര്‍ത്താസമ്മേളനം നടത്തിയത്. സി.എന്‍.എന്‍, ബി.ബി.സി, റോയിട്ടേഴ്‌സ്, എ.പി, ന്യൂസ് വീക്, ബി.ബി.സി ഉറുദു തുടങ്ങിയവയുടെ പ്രതിനിധികളാണ് സംഘത്തിലുണ്ടായിരുന്നത്.പാകിസ്താന്റെ നടപടിയെ ഫ്രഞ്ച് വാര്‍ത്താ ഏജന്‍സിയായ എ.എഫ്.പി 'അപൂര്‍വമായ ചുവടുവയ്പ്' എന്നാണ് വിശേഷിപ്പിച്ചത്. തലസ്ഥാനത്തു നിന്ന് 166 കി.മി അകലെയുള്ള നിയന്ത്രണരേഖയില്‍ അന്താരാഷ്ട്ര മാധ്യമങ്ങളെ വ്യോമമാര്‍ഗമാണ് എത്തിച്ചത്. മിന്നലാക്രമണം നടത്തിയതിന്റെ അടയാളങ്ങളൊന്നും ഇവിടെയില്ലെന്ന് പാക് സൈന്യം മാധ്യമങ്ങളോട് പറഞ്ഞു.
അതിര്‍ത്തിയിലെ ജനങ്ങളെ കണ്ട് എന്താണ് സംഭവിച്ചതെന്ന് അവരോട് നിങ്ങള്‍ക്ക് ചോദിക്കാമെന്നായിരുന്നു ഐ.എസ്.പി.ആര്‍ ഡയറക്ടര്‍ ജനറല്‍ ലെഫ്റ്റനന്റ് ജനറല്‍ അസിം സലീം ബാജയുടെ പ്രതികരണം. ബാജയുടെ നേതൃത്വത്തിലാണ് മാധ്യമസംഘം സ്ഥലംസന്ദര്‍ശിച്ചത്. മാധ്യമങ്ങളെ സ്വതന്ത്രമായി അന്വേഷിക്കാനാണ് തങ്ങള്‍ സൗകര്യം ഒരുക്കിയതെന്നായിരുന്നു പാക് സൈന്യത്തിന്റെ വിശദീകരണം. എന്നാല്‍ അതിര്‍ത്തി സന്ദര്‍ശിച്ച മാധ്യമങ്ങളൊന്നും ഇന്ത്യയുടെ ആക്രമണത്തെ നിഷേധിച്ചിട്ടില്ല. അതിര്‍ത്തിയില്‍ ജനജീവിതം സാധാരണ നിലയിലാണെന്നും പാക് സൈനികവിന്യാസവും പട്രോളിങ്ങും ശക്തിപ്പെടുത്തിയിട്ടുണ്ടെന്നുമാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."