ദലിത് ഐക്യനിരയില്‍ ഭരണകൂടത്തിന് അസ്വസ്ഥത: പി സുരേന്ദ്രന്‍
തലശ്ശേരി: രാജ്യത്താകമാനം ദലിത് ഐക്യനിര രൂപപ്പെട്ടതു ഭരണകൂടത്തെ അസ്വസ്ഥമാക്കുകയാണെന്നു സാഹിത്യകാരന്‍ പി സുരേന്ദ്രന്‍.
ദലിത്-ന്യൂനപക്ഷ പീഡനത്തിനെതിരെ മുസ്‌ലിംലീഗ് ജില്ലാകമ്മിറ്റി പുതിയ ബസ്റ്റാന്‍ഡ് പരിസരത്ത് സംഘടിപ്പിച്ച ജനകീയ സദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ദലിതരും ന്യൂനപക്ഷങ്ങളും ഒന്നിക്കേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്.
ഏതു ഭക്ഷമാണ് കഴിക്കേണ്ടതെന്നു തീരുമാനിക്കാനുള്ള അവകാശം ഫാഷിസ്റ്റുകള്‍ക്ക് ആരാണു നല്‍കിയത്. രോഹിത് വെമുലയുടെ സംഭവം ഒറ്റപ്പെട്ടതല്ല. വിവിധ ക്യാംപസുകളില്‍ 26ഓളം ദലിത് വിദ്യാര്‍ഥികളാണു ജീവനൊടുക്കിയത്. മുന്‍കാലങ്ങളില്‍ നിന്നു വ്യത്യസ്തമായി അടിമത്ത മനോഭാവത്തോടു കൂടിയ സമരങ്ങളില്‍ നിന്നു ദലിതരെ ഇന്നു കാണാനില്ല.
അടിച്ചമര്‍ത്തലുകള്‍ക്കെതിരെ ദലിതര്‍ ഒന്നിച്ച് പോരാട്ടം നടത്തുന്ന കാലമാണിതെന്നും സുരേന്ദ്രന്‍ ചൂണ്ടിക്കാട്ടി.
ജില്ലാ പ്രസിഡന്റ് പി കുഞ്ഞിമുഹമ്മദ് അധ്യക്ഷനായി.
എന്‍ ഷംസുദ്ദീന്‍ എം.എല്‍.എ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന വൈസ് പ്രസിഡന്റ് വി.കെ അബ്ദുല്‍ഖാദര്‍ മൗലവി, അബ്ദുറഹ്മാന്‍ കല്ലായി, എന്‍ രാജന്‍, അബ്ദുല്‍കരീം ചേലേരി, കെ.എ ലത്തീഫ് സംസാരിച്ചു. കുട്ടിമാക്കൂലില്‍ പീഡനത്തിനിരയായ കുനിയില്‍ രാജനും കുടുംബവും ജനകീയ സദസില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."