കേരള മെഡിക്കല്‍ കോളജ് പ്രവേശനം നിബന്ധനകള്‍ പാലിച്ചെന്ന് അധികൃതര്‍
ചെര്‍പ്പുളശ്ശേരി: മാങ്ങോട് കേരള മെഡിക്കല്‍ കോളജില്‍ 2016- 2017 ലെ 150 സീറ്റുകളിലേക്കുള്ള അഡ്മിഷന്‍ പൂര്‍ണമായും സുതാര്യമായിരുന്നുവെന്ന് കേരള മെഡിക്കല്‍ കോളജ് അധികൃതര്‍ അറിയിച്ചു. കേന്ദ്രസര്‍ക്കാര്‍, മെഡിക്കല്‍ കൗണ്‍സില്‍, കേരള ഹെല്‍ത്ത് യൂനിവേഴ്‌സിറ്റി, സംസ്ഥാന സര്‍ക്കാര്‍, ജയിംസ് കമ്മിറ്റി എന്നിവയുടെ നിബന്ധനകള്‍ക്കനുസരിച്ച് പൂര്‍ണമായും നിയമങ്ങള്‍ പാലിച്ചാണ് മെഡിക്കല്‍ കോളജ് തുടങ്ങിയതും പ്രവര്‍ത്തിക്കുന്നതും. നീറ്റ് റാങ്കിന്റെയും പ്ലസ്ടു മാര്‍ക്കിന്റെയും അടിസ്ഥാനത്തില്‍ സുതാര്യമായിട്ടാണ് 150 എം.ബി.ബി.എസ് സീറ്റിലേക്കും പ്രവേശനം നടന്നത്.
കേരള എന്‍ട്രന്‍സ് കമ്മീഷണര്‍ക്കോ ജയിംസ് കമ്മിറ്റിക്കോ ഗവണ്മെന്റിനോ ഉത്തരവാദിത്തപ്പെട്ട ഗവണ്മെന്റ് ഏജന്‍സിക്കോ പരാതിയില്ലാത്ത രൂപത്തില്‍ കുറ്റമറ്റരീതിയിലാണ് പ്രവേശനം നടത്തിയതെന്നും തുടര്‍ പ്രവര്‍ത്തനങ്ങളെന്നും അധികൃതര്‍ അറിയിച്ചു. 150 എം.ബി.ബി.എസ് സീറ്റുകളും സെപ്റ്റംബര്‍ 28 ന് പൂര്‍ത്തീകരിച്ചതായും അതത് സമയം ബന്ധപ്പെട്ട അധികൃതരെ അറിയിക്കുകയും ചെയ്തു. സെപ്റ്റംബര്‍ 30 ന് മുഴുവന്‍ കുട്ടികള്‍ക്കുമുള്ള എം.ബി.ബി.എസ് ക്ലാസ് മെഡിക്കല്‍ കോളജില്‍ ആരംഭിച്ചതായി ചെയര്‍മാന്‍ പി.എ നാസര്‍, ഡയറക്ടര്‍മാരായ യു.കെ കുഞ്ഞാമു, അബ്ദുറസാഖ് മൊയ്തീന്‍, പി.ആര്‍.ഒ പി ഷാജഹാന്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."