അര്‍ബുദ രോഗികള്‍ക്കായി കേശദാനം നടത്തും
വടക്കാഞ്ചേരി: അര്‍ബുദ രോഗികള്‍ക്ക് സ്വന്തം മുടി മുറിച്ചു നല്കി ജീവകാരുണ്യ രംഗത്ത് ശ്രദ്ധേയമായൊരു ചുവടു വെയ്പിന് തയ്യാറെടുക്കുകയാണ് മന്ത്രി പത്നിയും മകളും. സഹകരണ മന്ത്രി എ.സി മൊയ്തീന്റെ ഭാര്യയും ആരോഗ്യ വകുപ്പ് ജീവനക്കാരിയുമായ ഉസൈബാ ബീവിയും മകള്‍ ആയുര്‍വേദ ഡോക്ടര്‍ ഷീബയുമാണ് സമാനതകളില്ലാത്ത കാരുണ്യത്തിന്റെ മഹിമ തീര്‍ത്ത് സമൂഹത്തിനൊട്ടാകെ വലിയ മാതൃക തീര്‍ക്കുന്നത്. മന്ത്രിയുടെ പഞ്ചായത്തായ തെക്കുംകര പഞ്ചായത്തിലെ മച്ചാട് സെന്റ് ആന്റണീസ് ദേവാലയത്തിലെ പിയാത്ത പെയിന്‍ ആന്റ് പാലിയേറ്റീവ് കെയര്‍ യൂനിറ്റിന്റെ നേതൃത്വത്തിലൊരുക്കുന്ന കേശദാന പരിപാടിയില്‍ മന്ത്രി പത്നിയോടും മകളോടുമൊപ്പം പഞ്ചായത്ത് പ്രസിഡന്റ് എം.കെ ശ്രീജയും, സ്ഥിരം സമിതി അധ്യക്ഷ സുജാത ശ്രീനിവാസനും മുന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.എസ് ഏല്യാമ ടീച്ചറുമടക്കം നൂറിലേറെ വനിതകളും കേശദാനം നടത്തും. 30 സെന്റിമീറ്റര്‍ നീളത്തിലാണ് യുവതികളും വീട്ടമ്മമാരുമടക്കമുള്ള സംഘം കേശദാനം നടത്തുക.
ഒക്ടോബര്‍ 16 ന് മുളങ്കുന്നത്ത്കാവ് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ എത്തിയാണ് മുടി മുറിച്ചെടുക്കുക. ഇടവക വികാരി ഫാ.ഡോ.ബിജു ആലപ്പാട്ട്, ജില്ലാ പഞ്ചായത്ത് മെമ്പര്‍ മേരി തോമാസ്, സിസ്റ്റര്‍ വിയാനി, ഡോ: രവീന്ദ്രന് മൂര്‍ക്കനാട്ട്, പഞ്ചായത്ത് മെമ്പര്‍മാരായ പി.ജെ രാജു, ബീന ജോണ്സണ്, പള്ളി കമ്മിറ്റി ഭാരവാഹികളായ ഡെന്നി തോമാസ്, കെ.എ ജെയ്ക്കബ്, സി.ടി ഷാജു, ഷൈനി ആന്റണി എന്നിവരടങ്ങുന്ന കമ്മിറ്റിയാണ് മഹനീയ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."