ജില്ലയിലെ ജലക്ഷാമം നേരിടാന്‍ കര്‍ശന നടപടി സ്വീകരിക്കും: കലക്ടര്‍
കൊച്ചി: ജില്ലയില്‍ പല ഭാഗങ്ങളിലും നേരിടുന്ന ജലക്ഷാമം പരിഹരിക്കാന്‍ കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ കലക്ടര്‍ മുഹമ്മദ് വൈ. സഫീറുള്ള വിളിച്ചു ചേര്‍ത്ത പ്രത്യേക യോഗത്തില്‍ തീരുമാനമായി. വിവിധയിടങ്ങളിലെ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനു പദ്ധതികള്‍ തയാറാക്കിയിട്ടുണ്ട്. ഇതു സംബന്ധിച്ച നിര്‍ദേശങ്ങള്‍ ഈമാസം ഏഴിനകം സമര്‍പ്പിക്കണമെന്ന് കലക്ടര്‍ നിര്‍ദേശം നല്കി.
ഓരോ പദ്ധതിയും സംബന്ധിച്ച വിശദ വിവരങ്ങള്‍ ഇതോടൊപ്പം ഉള്‍ക്കൊള്ളിച്ചിരിക്കണം. കുടിവെള്ള പൈപ്പുകള്‍ സ്ഥാപിക്കുന്നതിനു റോഡ് കുഴിക്കുന്നതിന് അനുമതി ലഭിക്കുന്നില്ലെങ്കില്‍ അക്കാര്യം കലക്ടറുടെ ശ്രദ്ധയില്‍പ്പെടുത്തണം. അതേപോലെ വാട്ടര്‍ അതോറിറ്റി യഥാസമയം പൈപ്പുകളുടെ അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കണം. പമ്പ് ഹൗസുകളില്‍ വൈദ്യുതി മുടങ്ങാതിരിക്കാന്‍ കെ.എസ്.ഇ.ബിയും ശ്രദ്ധിക്കണം. പമ്പ് ഹൗസുകളുടെ തകരാറുകള്‍ പരിഹരിക്കാന്‍ ഉടന്‍ നടപടി സ്വീകരിക്കും. ജില്ലയിലെ വിവിധയിടങ്ങളിലുള്ള കനാലുകളിലൂടെ കൂടുതല്‍ വെള്ളം ഒഴുക്കുന്നതിനും ഭൂതത്താന്‍ കെട്ട് ഡാമിന്റെ സംഭരണ ശേഷി ഉയര്‍ത്തുന്നതിനും സാധ്യത പരിശോധിക്കും.
യോഗത്തില്‍ ഡെപ്യൂട്ടി കലക്ടര്‍ കെ.ബി ബാബു, ആസൂത്രണ സമിതി ഓഫിസര്‍ സാലി ജോസഫ്, ജൂനിയര്‍ സൂപ്രണ്ട് ബീനാ ആനന്ദ് എന്നിവരെക്കൂടാതെ റവന്യൂ വകുപ്പു പ്രതിനിധികള്‍, മറ്റ് വകുപ്പുകളുടെ പ്രതിനിധികള്‍ ഉള്‍പ്പെടെ ഇരുനൂറോളം പേര് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."