മാനദണ്ഡങ്ങള്‍ ലംഘിച്ച് മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ അധ്യാപക നിയമനത്തിന് നീക്കം
കോട്ടയം: മാനദണ്ഡങ്ങള്‍ ലംഘിച്ച് മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ അധ്യാപക നിയമനത്തിന് നീക്കം. ഇതിന്റെ ഭാഗമായി മെഡിക്കല്‍ മേഖലയില്‍ ലക്ചറര്‍ തസ്തികയിലേക്കുള്ള നിയമനയോഗ്യത സര്‍ക്കാര്‍ എം.ബി.ബി.എസ് ആക്കി ചുരുക്കി. ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സിലിന്റെ മാനദണ്ഡങ്ങള്‍ കാറ്റില്‍പ്പറത്തിയാണ് സര്‍ക്കാര്‍ നിയമനത്തിനൊരുങ്ങുന്നത്.
അധ്യാപക നിയമനത്തിന് പി.ജി വേണമെന്നാണ് ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ വ്യക്തമാക്കുന്നത്. രാജ്യത്തെ പ്രധാന മെഡിക്കല്‍ സ്ഥാപനങ്ങളെല്ലാം യോഗ്യതാ മാനദണ്ഡങ്ങള്‍ ഉയര്‍ത്തുമ്പോഴാണ് സംസ്ഥാനത്ത് യോഗ്യതയില്‍ ഇളവുവരുത്തിയത്.
2000ലും 2005ലും സര്‍ക്കാര്‍ ഇറക്കിയ ഉത്തരവുകളില്‍ അധ്യാപകര്‍ക്ക് പി.ജി വേണമെന്ന് വ്യക്തമാക്കുന്നുണ്ട്. പി.ജി ഡോക്ടര്‍മാര്‍ ഇല്ലെങ്കില്‍ മാത്രമേ ബിരുദധാരികളെ പരിഗണിക്കാവൂവെന്നാണ് ഉത്തരവിലുണ്ടായിരുന്നത്. മാത്രമല്ല, ഡോ. ബി ഇക്ബാല്‍ കമ്മിറ്റി സര്‍ക്കാരിനുമുമ്പാകെ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലും മാനദണ്ഡം പി.ജിയാണെന്ന് പറയുന്നുണ്ട്.
ഇവര്‍ ഇല്ലാതെ വന്നാല്‍ എം.ബി.ബി.എസുകാരെ പരിഗണിക്കാം. എന്നാല്‍, ഇക്കാര്യങ്ങളെല്ലാം മറച്ചുവച്ചാണ് സര്‍ക്കാര്‍ യോഗ്യത ബിരുദമായി കുറച്ചിരിക്കുന്നത്.
നിര്‍ദിഷ്ട യോഗ്യതയില്ലാത്ത അധ്യാപകര്‍ പഠിപ്പിക്കുന്നതിനാല്‍ കേരളത്തില്‍ പല മെഡിക്കല്‍ കോളജുകള്‍ക്കും നിലവില്‍ അംഗീകാരമില്ലാത്ത അവസ്ഥയാണ്. ഈ സാഹചര്യത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ പതോളജി ഡിപ്പാര്‍ട്ട്‌മെന്റിലേക്ക് ക്ഷണിച്ചിരിക്കുന്ന അപേക്ഷയില്‍ യോഗ്യത എം.ബി.ബി.എസ് ആക്കി ചുരുക്കിയത്. നിലവില്‍ പതോളജി വകുപ്പില്‍ ആറു ലക്ചറര്‍മാരുടെ അപേക്ഷയാണ് ക്ഷണിച്ചിരിക്കുന്നത്. മറ്റു വിദ്യാഭ്യാസ വകുപ്പുകളിലെല്ലാം അധ്യാപകരാകാന്‍ പി.ജിയും നെറ്റും വേണമെന്നിരിക്കെയാണ് മെഡിക്കല്‍ വകുപ്പില്‍ ഇത്തരത്തിലുള്ള കുറഞ്ഞ മാനദണ്ഡം. പിന്‍വാതില്‍ നിയമനത്തിന് വഴിയൊരുക്കാനാണ് സര്‍ക്കാര്‍ ഈ രീതിയില്‍ മാറ്റംവരുത്തിയതെന്നാണ് ഒരു വിഭാഗം ഡോക്ടര്‍മാര്‍ ആരോപിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."