സത്യഗ്രഹമിരുന്ന എം.എല്‍.എമാര്‍ക്ക് യു.ഡി.എഫ് സ്വീകരണം നല്‍കി
തിരുവനന്തപുരം: സ്വാശ്രയ ഫീസ് വര്‍ധനക്കെതിരേ എട്ടുദിവസമായി നിയമസഭയില്‍ നിരാഹാര, അനുഭാവ സത്യഗ്രഹമിരുന്ന എം.എല്‍.എമാര്‍ക്ക് യു.ഡി.എഫിന്റെ ഉജ്ജ്വല സ്വീകരണം. രക്തസാക്ഷി മണ്ഡപത്തില്‍ നടന്ന ചടങ്ങില്‍ നിരാഹാര സത്യഗ്രഹം അനുഷ്ഠിച്ചുവന്ന വി.ടി ബല്‍റാം, റോജി എം. ജോണ്‍ എന്നിവര്‍ക്ക് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നാരങ്ങാനീര് നല്‍കി സമരം അവസാനിപ്പിച്ചു. അനുഭാവ സത്യഗ്രഹമിരുന്ന ടി.വി. ഇബ്രാഹിം, പി. ഉബൈദുള്ള എന്നിവരെ ഷാള്‍ അണിയിച്ച് സ്വീകരിച്ചു. രമേശ് ചെന്നിത്തല ചടങ്ങ് ഉദ്ഘാടനം ചെയ്തു.
പിണറായി വിജയന്‍ കേരളം കണ്ട ഏറ്റവുംവലിയ ഏകാധിപതിയായ മുഖ്യമന്ത്രിയാണെന്ന് കഴിഞ്ഞദിവസത്തെ സംഭവത്തോടെ തെളിഞ്ഞുവെന്ന് ചെന്നിത്തല പറഞ്ഞു. സ്വാശ്രയ വിഷയത്തില്‍ യു.ഡി.എഫ് സമരത്തിന്റെ ആദ്യഘട്ടമാണ് അവസാനിക്കുന്നതെന്നും സമരം തുടരുമെന്നും മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. സ്വാശ്രയ വിഷയത്തില്‍ പച്ചക്കള്ളം പറഞ്ഞ പിണറായി വിജയന് മുഖ്യമന്ത്രി കസേരയില്‍ തുടരാനുള്ള അര്‍ഹത നഷ്ടമായതായി കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍ പറഞ്ഞു. സര്‍ക്കാരിന്റെ പൊയ്മുഖം ജനങ്ങള്‍ക്ക് മുന്നില്‍ അനാവരണം ചെയ്യാന്‍ യു.ഡി.എഫിന് കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.
പ്രതിപക്ഷത്തിന്റേത് ധീരോദാത്തമായ സമരമെന്ന് പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
സത്യഗ്രഹസമരത്തില്‍ അണിനിരന്ന ഷാഫി പറമ്പില്‍, ഹൈബി ഈഡന്‍, അനൂപ് ജേക്കബ്, വി.ടി ബല്‍റാം, റോജി എം.ജോണ്‍, അനുഭാവ സത്യഗ്രഹമിരുന്ന കെ.എം. ഷാജി, പി. ഉബൈദുള്ള, ടി.വി. ഇബ്രാഹിം, ആബിദ് ഹുസൈന്‍ തങ്ങള്‍ എന്നിവരെ ഹര്‍ഷാരവത്തോടെയാണ് പ്രവര്‍ത്തകര്‍ വേദിയിലേക്ക് സ്വീകരിച്ചത്. ചടങ്ങിനെത്താന്‍ കഴിയാത്ത എന്‍.ഷംസുദ്ദീന്‍, എന്‍.എ. നെല്ലിക്കുന്ന് എന്നിവര്‍ക്കും യു.ഡി.എഫ് നേതാക്കള്‍ അഭിവാദ്യമര്‍പ്പിച്ചു. മുസ്‌ലിം ലീഗ് നിയമസഭാ കക്ഷി ഉപനേതാവ് ഡോ.എം.കെ. മുനീര്‍, പി.കെ. അബ്ദുറബ്ബ്, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, കെ.സി. ജോസഫ്, സി.പി ജോണ്‍, വി.ഡി സതീശന്‍, കെ. മുരളീധരന്‍, വി.എസ് ശിവകുമാര്‍, കരംകുളം കൃഷ്ണപിള്ള, വി. സുരേന്ദ്രന്‍പിള്ള തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."