അധ്യാപകനെ ഭീഷണിപ്പെടുത്തി; രക്ഷിതാവിനും സുഹൃത്തിനുമെതിരേ കേസെടുത്തു
കാസര്‍കോട്: സ്കൂളിലെത്തി അധ്യാപകനെ ഭീഷണിപ്പെടുത്തിയ വിദ്യാര്‍ഥിയുടെ രക്ഷിതാവിനും ഇയാളുടെ സുഹൃത്തിനുമെതിരേ പൊലിസ് കേസെടുത്തു. അടുക്കത്ത്ബയല്‍ ഗവണ്മെന്റ് ഫിഷറീസ് സ്കൂളിലെ അധ്യാപകനായ കൊടക്കാട് വേങ്ങാപാറയിലെ പരമേശ്വരന് നമ്പൂതിരിയേയും പ്രധാനധ്യാപകനേയും ഭീഷണിപ്പെടുത്തിയ സംഭവത്തിലാണ് കാസര്‍കോട് പൊലിസ് കേസെടുത്തത്.
ഈ സ്കൂളിലെ ഏഴാം ക്ലാസില്‍ പഠിക്കുന്ന ചില വിദ്യാര്‍ഥികള്‍ ചട്ടങ്ങള്‍ക്കു നിരക്കാത്ത തരത്തില്‍ മുടി വെട്ടി ക്ലാസില്‍ വന്നതാണു പ്രശ്നത്തിനു കാരണമായതെന്നു പറയുന്നു. കഴിഞ്ഞ 29 ന് ചേര്‍ന്ന പി.ടി.എ യോഗത്തില്‍ മുടിവെട്ടുന്നതുമായി ബന്ധപ്പെട്ടുള്ള നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നു. എന്നാല്‍ ഇതു ഗൗനിക്കാതെ ചില വിദ്യാര്‍ഥികള്‍ ഫ്രീക്കന്മാരായി മുടിവെട്ടിയെത്തിയതോടെ ഇവരുടെ രക്ഷിതാക്കളെ സ്കൂള്‍ അധികൃതര്‍ വിളിച്ചു വരുത്തുകയും ഇത്തരത്തില്‍ മുടിവെട്ടി സ്കൂളിലെത്തുന്നത് അച്ചടക്കത്തിനു നിരക്കുന്നതല്ലെന്ന് അറിയിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് ഒരു രക്ഷിതാവ് അധ്യാപകനെ കൊല്ലുമെന്നു ഭീഷണിപ്പെടുത്തുകയും ഇയാളുടെ സുഹൃത്ത് ഫോണില്‍വിളിച്ച് അധ്യാപകനോട് അസഭ്യം പറയുകയും ചെയ്തുവെന്നുമാണ് പരാതി.
അധ്യാപകനെ ഭീഷണിപ്പെടുത്തിയ രക്ഷിതാവ് സ്കൂളില്‍ നിന്നു തിരികെ പോയി വിദ്യാര്‍ഥി മുടിവെട്ടിയ രീതിയില്‍ തന്നെ മുടിവെട്ടി സ്കൂളിലെത്തുകയും ഇതിനു ശേഷം അധ്യാപകനെ ഭീഷണിപ്പെടുത്തുകയുമായിരുന്നുവെന്നു പരാതിയില്‍ പറയുന്നു.
അധ്യാപകരുടെ പരാതിയില്‍ ശ്യാം, ഇയാളുടെ സുഹൃത്ത് എന്നിവര്‍ക്കെതിരേ പൊലിസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."