അറുപതിനായിരം പേരും ഒരു വില്ലേജും! മൂന്നിയൂര്‍ വില്ലേജ് വിഭജിക്കണമെന്ന ആവശ്യം ശക്തമാകുന്നു
തിരൂരങ്ങാടി: തിരൂരങ്ങാടി താലൂക്കിലെ പത്തൊന്‍പതു വില്ലേജുകളില്‍ ജനസാന്ദ്രതയും വിസ്തീര്‍ണവും കൂടുതലുള്ള വില്ലേജാണ് വെളിമുക്ക് പാലക്കല്‍ സ്ഥിതിചെയ്യുന്ന മൂന്നിയൂര്‍ വില്ലേജ് ഓഫിസ്. വെളിമുക്ക്, മൂന്നിയൂര്‍ അംശങ്ങളിലായി 2,195 ഹെക്ടറില്‍ വ്യാപിച്ചുകിടക്കുന്ന വില്ലേജ് പരിധിയില്‍ 2011 കാനേഷുമാരി കണക്കുപ്രകാരം 55,535 ആണ് ജനസംഖ്യ. അഞ്ചു വര്‍ഷത്തിനുശേഷം പത്തുശതമാനം വളര്‍ച്ച ജനസംഖ്യയെ അറുപതിനായിരത്തിനു മുകളില്‍ എത്തിച്ചിട്ടുണ്ടെന്നാണ് അനൗദ്യോഗിക കണക്ക്. വില്ലേജില്‍ പന്ത്രണ്ടായിരത്തിലധികം വാസഗൃഹങ്ങളും രണ്ടായിരത്തിലധികം കെട്ടിടങ്ങളും സ്ഥിതിചെയ്യുന്നുണ്ട്.
വില്ലേജ് വിഭജിക്കണമെന്ന നാട്ടുകാരുടെ ആവശ്യത്തിനു വര്‍ഷങ്ങളുടെ പഴക്കവുമുണ്ട്. ഇതുവരെ നടപടികളൊന്നും ആയിട്ടില്ലെന്നു മാത്രം. അത്യാവശ്യ രേഖകള്‍ക്കും നികുതിയടക്കുന്നതിനും ഭൂമിക്കു തണ്ടപ്പേര് തരപ്പെടുത്തുന്നതിനുമെല്ലാം ആഴ്ചകളും മാസങ്ങളും കാത്തുനില്‍ക്കേണ്ട അവസ്ഥയാണെന്നു നാട്ടുകാര്‍ പറയുന്നു. വിദ്യാര്‍ഥികള്‍ക്ക് സ്‌കൂള്‍, കോളജ് എന്നിവിടങ്ങളില്‍ ഹാജരാക്കേണ്ട രേഖകള്‍ക്കും കാലതാമസം നേരിടുന്നതായി ആക്ഷേപമുണ്ട്.
ആറു ജീവനക്കാരുമായി 1,963 ലാണ് വില്ലേജ് നിലവില്‍വന്നത്. ഇരുപതിനായിരത്തോളമായിരുന്നു അന്നത്തെ ജനസംഖ്യ. വില്ലേജ് ഓഫിസറടക്കം അഞ്ചുപേരാണ് നിലവില്‍ ഇവിടെയുള്ളത്. എന്തെങ്കിലും കാരണത്താല്‍ ഒരാള്‍ അവധിയെടുത്താല്‍ പ്രവര്‍ത്തനം ആകെ അവതാളത്തിലാകും. അഞ്ച് കിലോമീറ്ററോളം ദേശീയപാത 17 ഉം രണ്ടര കിലോമീറ്റര്‍ പൊതുമരാമത്ത് റോഡും കടന്നുപോകുന്ന പഞ്ചായത്തും വില്ലേജും വിഭജിക്കണമെന്നാവശ്യപ്പെട്ടു നാട്ടുകാരും വിവിധ രാഷ്ട്രീയ പാര്‍ട്ടികളും നിരവധി സമരങ്ങള്‍ നടത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പഞ്ചായത്ത് വിഭജിച്ച് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചെങ്കിലും ഹൈക്കോടതി റദ്ദാക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."