കെ.എസ്.ആര്.ടി.സി ജീവനക്കാരുടെ സമരം ബസ് സര്‍വിസുകള്‍ മുടങ്ങി
കണ്ണൂര്‍/തലശ്ശേരി: ശമ്പളം ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് കെ.എസ്.ആര്.ടി.സി ജീവനക്കാര്‍ നടത്തിയ സമരം സര്‍വിസുകളെ ബാധിച്ചു. രാവിലെ കണ്ണൂരില്‍ നിന്നു പോകേണ്ട 18 ബസുകള്‍ സര്‍വിസ് നടത്തിയില്ല. മംഗളൂരു, മുള്ളൂര്‍, മയ്യില്‍ തുടങ്ങിയ സര്‍വിസുകളാണ് മുടങ്ങിയത്. പുലര്‍ച്ചെ ആരംഭിച്ച് അടുത്ത ദിവസം രാവിലെ അവസാനിക്കുന്ന എട്ട് സര്‍വിസുകളും ഉച്ചയ്ക്കു ആരംഭിച്ച് അടുത്ത ദിവസം ഉച്ചവരെ സര്‍വിസ് നടത്തുന്ന 10 ബസുകളാണ് മുടങ്ങിയത്. തലശ്ശേരി ഡിപ്പോയില്‍ നിന്നുള്ള പതിനഞ്ചോളം സര്‍വിസുകളും ഇന്നലെ മുടങ്ങിയിരുന്നു. കണ്ണൂരില്‍ ഇടതു അനുകൂല സംഘടനയായ കെ.എസ്.ആര്.ടി.സി എംപ്ലോയിസ് യൂനിയനും(സി.ഐ.ടി.യു) പ്രതിഷേധവുമായി രംഗത്തെത്തി. തിങ്കളാഴ്ച മുതലാണ് ശമ്പളം ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് ട്രാന്‍സ്പോര്‍ട്ട് ഡമോക്രാറ്റിക് ഫെഡറേഷന്റെ(ഐ.എന്‍.ടി.യു.സി) നേതൃത്വത്തില്‍ നിരാഹാര സമരവുമായി ജീവനക്കാര്‍ രംഗത്തെത്തിയത്. എന്നാല്‍ ശമ്പളം ലഭ്യമാക്കിയെന്ന ഉറപ്പില്‍ വൈകുന്നേരത്തോടെ സമരം പിന്‍വലിച്ചെങ്കിലും ഏതാനും ചിലരുടെ അക്കൗണ്ടില്‍ മാത്രമാണ് പണം ലഭ്യമാക്കിയത്. ഇതോടെ ഇന്നലെ പുലര്‍ച്ചെയോടെ ജീവനക്കാര്‍ വീണ്ടും നിരാഹാര സമരവും പണിമുടക്കുമായി രംഗത്തെത്തുകയായിരുന്നു. ട്രാന്‍സ്പോര്‍ട്ട് ഡമോക്രാറ്റിക് ഫെഡറേഷന്റെ (ഐ.എന്‍.ടി.യു.സി) നേതൃത്വത്തില്‍ തലശ്ശേരി ഡിപ്പോയിലും കണ്ണൂരും നിരാഹാരം തുടരുകയാണ്. കണ്ണൂരില്‍ ജില്ലാ പ്രസിഡന്റ് എ.എന്‍ രാജന് നിരാഹാരം അനുഷ്ടിച്ചു. രാവിലെ ഒന്‍പതോടെ ജില്ലാ ട്രാന്‍സ്പോര്‍ട്ട് ഓഫിസറെ ജീവനക്കാര്‍ ഉപരോധിച്ചു. ഡിപ്പോയില്‍ എത്തിയ ബസുകള്‍ തടയുകയും ചെയ്തു. സമരം ഐ.എന്‍.ടി.യു.സി ജില്ലാ പ്രസിഡന്റ് വി.വി ശശീന്ദ്രന് ഉദ്ഘാടനം ചെയ്തു. ജയകുമാര്‍ മുള്ളിക്കണ്ടി, പി.ജെ ജോസഫ്, ടി.വി സന്തോഷ്കുമാര്‍, എം സജീവന്, പി.എസ് തോമസ്, കെ ഷാജി എന്നിവര്‍ നേതൃത്വം നല്കി. കെ.എസ്.ആര്.ടി.സി എംപ്ലോയിസ് യൂനിയന്‍(സി.ഐ.ടി.യു) നടത്തിയ പ്രതിഷേധ പ്രകടനവും വീശദീകരണയോഗവും ഓര്ഗനൈസേഷന് സെക്രട്ടറി സജിത്ത് സദാനന്ദന് ഉദ്ഘാടനം ചെയ്തു. എം വിജയന്, കെ ഗിരീശന്, സന്തോഷ് കുമാര്‍ നേതൃത്വം നല്കി. വൈകുന്നേരം നാലോടെ അക്കൗണ്ടില്‍ ശമ്പളം ലഭിക്കുമെന്ന് ഉറപ്പ് ലഭിച്ചെങ്കിലും ജീവനക്കാര്‍ സമരവുമായി മുന്നോട്ടുപോയി. ശമ്പളം തങ്ങളുടെ അക്കൗണ്ടില്‍ എത്തിയാല്‍ മാത്രമേ സമരം പിന്‍വലിക്കുകയുള്ളൂവെന്ന് ഭാരവാഹികള്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."