ജില്ലയില്‍ കോണ്‍ഗ്രസ് രാഷ്ട്രീയം കലുഷിതമാകുന്നു
വടക്കാഞ്ചേരി: തൃശൂര്‍ ജില്ലയില്‍ ഡി.സി.സി പുനസംഘടനയുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസില്‍ രാഷ്ട്രീയ ചര്‍ച്ചകളാല്‍ കലുഷിതമാകുന്നു. ഡി.സി.സി പ്രസിഡന്റ് പദവിയിലേക്ക് യുവാക്കളെ പരിഗണിക്കണമെന്ന ആവശ്യം ഗ്രൂപ്പിന് അതീതമായി യുവാക്കള്‍ ഉയര്‍ത്തുമ്പോഴും തങ്ങള്‍ക്ക് മാത്രമാണ് അതിന് യോഗ്യതയെന്ന നിലപാടാണ് മുതിര്‍ന്ന നേതാക്കള്‍ വെച്ച് പുലര്‍ത്തുന്നത്. ഇതാണ് വലിയ പ്രതിസന്ധിക്ക് വഴിവെക്കുന്നത്.
ഐ ഗ്രൂപ്പില്‍ നിന്ന് മുന്‍ സഹകരണ മന്ത്രി സി.എന്‍ ബാലകൃഷ്ണന്റേയും, എ ഗ്രൂപ്പില്‍ നിന്ന് മുന്‍ എം.എല്‍.എയും ഡി.സി.സി പ്രസിഡന്റുമായ പി.എ മാധവന്റേയും പേരുകളാണ് ഉയരുന്നത്. വനിതാ പ്രാധിനിത്യം ഉന്നയിക്കുന്നവര്‍ പത്മജാ വേണുഗോപാലിന്റെ പേരിനാണ് മുന്‍ തൂക്കം നല്‍കുന്നത്.
ശതാഭിഷേകം കാത്തിരിക്കുന്നവരെ ഡി.സി.സി പ്രസിഡന്റാക്കിയാല്‍ ശക്തമായി എതിര്‍ക്കുമെന്ന മുന്നറിയിപ്പുമായി മുന്‍ എം.എല്‍.എ അഡ്വ. വി.ബലറാമും രംഗത്തെത്തി. ഡി.സി.സി അധ്യക്ഷ സ്ഥാനത്തേക്ക് യുവാക്കളെ പരിഗണിച്ചാല്‍ ഗ്രൂപ്പുകള്‍ക്ക് അതീതമായി പിന്തുണക്കാന്‍ യുവാക്കളുടെ കൂട്ടായ്മ രംഗത്ത് വന്നിട്ടുണ്ട്. ജില്ലയിലെ കോണ്‍ഗ്രസിന്റെ ഏക എം.എല്‍.എ അനില്‍ അക്കര യുവാക്കള്‍ക്ക് വേണ്ടി ശക്തമായ വാദവുമായി എത്തിയത് വലിയ ചര്‍ച്ചക്ക് വഴിവെച്ചിട്ടുണ്ട്.
ജില്ലയില്‍ കോണ്‍ഗ്രസിനെ രക്ഷിക്കാന്‍ നടപടി വേണമെന്നും ഡി.സി.സി പ്രസിഡന്റ് പദവി യുവാക്കള്‍ക്ക് നല്‍കണമെന്നും ആവശ്യപ്പെട്ട് എ.ഐ.സി.സി വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിയേയും കേരളത്തിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക്കിനേയും നേരില്‍ കാണുമെന്ന് അനില്‍ അക്കര അറിയിച്ചു.
2005 ലെ പഞ്ചായത്ത് തെരഞ്ഞെടുപ്പ് മുതല്‍ ജില്ലയില്‍ കോണ്‍ഗ്രസിനും, യു.ഡി.എഫിനും ഉണ്ടായ തകര്‍ച്ചയുടെ ഉത്തരവാദികളായ നേതാക്കളെ വീണ്ടും സ്ഥാനങ്ങളില്‍ പുനസ്ഥാപിക്കാനാണ് ശ്രമമെങ്കില്‍ അത് ജില്ലയില്‍ കോണ്‍ഗ്രസിന്റെ സര്‍വനാശത്തിന് വഴിവെക്കുമെന്നും അനില്‍ അറിയിച്ചു.
കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പു കാലത്തും പാര്‍ലിമെന്റ് തെരഞ്ഞെടുപ്പു കാലത്തും യു.ഡി.എഫ് സ്ഥാനാര്‍ഥികളെ പരാജയപ്പെടുത്താന്‍ ശ്രമിച്ച നേതാക്കള്‍ക്കെതിരെ നടക്കുന്ന അന്വേഷണം പൂര്‍ത്തിയാകുന്നത് വരെ ഇവരെ പാര്‍ട്ടിയുടെ ഒരു വേദിയിലും ഉള്‍പ്പെടുത്തരുതെന്നും ആവശ്യപ്പെടുമെന്നും അനില്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."