മാറിയ കാലാവസ്ഥ; കൈകോര്‍ക്കാം സന്തുലിത വയനാടിനായി
പ്ലാസ്റ്റിക് ഉപേക്ഷിക്കാന്‍ ജനങ്ങള്‍ സ്വയം തയാറാകണം: കലക്ടര്‍
സുല്‍ത്താന്‍ ബത്തേരി: വയനാടിന്റെ പ്രകൃതിയും കാലാവസ്ഥയും സംരക്ഷിക്കാന്‍ വയനാട്ടിലെ പൊതു ജനങ്ങളുടെയും സന്നദ്ധ പ്രവര്‍ത്തകരുടെയും വിദ്യാര്‍ഥികളുടെയുമെല്ലാം സഹകരണംആവശ്യമാണെന്ന് ജില്ലാ കലക്ടര്‍ ഡോ. ബി.എസ് തിരുമേനി പറഞ്ഞു. സുല്‍ത്താന്‍ ബത്തേരി ഡയറ്റില്‍ ഗാന്ധിജയന്തി വാരത്തോടനുബന്ധിച്ച് ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പും പൊതുവിദ്യാഭ്യാസ വകുപ്പും ചേര്‍ന്ന് സംഘടിപ്പിച്ച യുവതയുടെ ഗാന്ധിയന്‍ അഭിവീക്ഷണങ്ങള്‍ എന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശീതമേഖലയായിരുന്ന നാട്ടില്‍ നിന്നും ഇപ്പോള്‍ മഴ പോലും അകലുന്നു. ഒരുകാലത്ത് കേരളത്തിന്റെ ചിറാപൂഞ്ചി എന്നറിയപ്പെട്ടിരുന്ന ലക്കിടിക്ക് ഈ വിലാസം പോലും നഷ്ടമായി. പരിസ്ഥിതി നേരിടുന്ന വലിയ ആഘാതങ്ങളുടെ സൂചനയാണിത്. പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യങ്ങള്‍ വരുംകാല വയനാടിന് കൂടുതല്‍ ഭീഷണിയാണ്. പ്ലാസ്റ്റിക് നിരോധനത്തെ അത്തരത്തില്‍ കാണണം. മണ്ണിനും ജൈവലോകത്തിനും ഭീഷണിയായി മാറുന്ന പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറയ്ക്കാന്‍ ഏവരും സ്വയം തീരുമാനമെടുക്കണം. തുണിസഞ്ചികളും മറ്റും പ്ലാസ്റ്റിക് കവറുകള്‍ക്ക് പകരം ഉപയോഗിക്കാം. ആരോഗ്യത്തിന് ഹാനികരമായ കപ്പുകളുടെയും പേപ്പര്‍ ഇലകളുടെയുമെല്ലാം ഉപയോഗം നാള്‍ക്കുന്നാള്‍ കൂടി വരികയാണ്. ഇതില്‍ നിന്നെല്ലാം പിന്മാറി പ്രകൃതി സൗഹൃദ ഉല്‍പന്നങ്ങളുടെ ഉപഭോഗത്തിലേക്ക് നാടെല്ലാം മാറണം.
ഗാന്ധിജി വിഭാവനം ചെയ്ത ഗ്രാമ സ്വരാജിന്റെ അര്‍ഥവ്യാപ്തിയും ഇതിനെല്ലാം അടിവരയിടുന്നതായും ഡോ. ബി.എസ് തിരുമേനി പറഞ്ഞു. ഡയറ്റ് പ്രിന്‍സിപ്പല്‍ ഡോ. കെ.എം ഉണ്ണികൃഷ്ണന്‍ അധ്യക്ഷനായി. ഡയറ്റിലെ മുന്‍ അധ്യാപകന്‍ സി.ആര്‍ ബാഹുലേയന്‍ സ്‌പോണ്‍സര്‍ ചെയ്ത തുണി സഞ്ചി ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എ. ദേവകി വിതരണം ചെയ്തു.
ജില്ലാ പ്രോഗ്രാം ഓഫിസര്‍ ജി.എന്‍ ബാബുരാജ് ഏറ്റുവാങ്ങി. ഡയറ്റിലെ വിദ്യാര്‍ഥികളായ നസ്‌റിന തബ്‌സീന്‍, ആര്യ സുരേഷ്, ടി.ജെ റോസ്‌മേരി, എം.എസ് പ്രണവ് എന്നിവര്‍ സെമിനാറില്‍ വിഷയങ്ങള്‍ അവതരിപ്പിച്ചു. ഡയറ്റ് സീനിയര്‍ ലക്ചറര്‍ കെ.കെ സുരേന്ദ്രന്‍ മോഡറേറ്ററായിരുന്നു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ കെ.പി അബ്ദുള്‍ ഖാദര്‍, അസിസ്റ്റന്റ് എഡിറ്റര്‍ പി റഷീദ് ബാബു സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."