കമ്പമലയിലെ തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പെടുത്തും: കലക്ടര്‍
കമ്പമല തേയിലത്തോട്ടം ജില്ലാ കലക്ടര്‍ സന്ദര്‍ശിച്ചു; പരാതികള്‍ നിരത്തി തൊഴിലാളികള്‍
വനം വകുപ്പ് സ്ഥലം നല്‍കിയാല്‍ ഡിസ്‌പെന്‍സറി നിര്‍മിക്കും
മാനന്തവാടി: തവിഞ്ഞാല്‍ പഞ്ചായത്തിലെ കമ്പമല തേയിലത്തോട്ടത്തിലെ തൊഴിലാളികള്‍ക്കു ജാതി സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതുള്‍പ്പെടെയുള്ള സങ്കീര്‍ണമായ പ്രശ്‌നങ്ങള്‍ അടിയന്തരമായി സര്‍ക്കാറിന്റെ ശ്രദ്ധയില്‍പെടുത്തുമെന്ന് ജില്ലാ കലക്ടര്‍ ബി.എസ് തിരുമേനി പറഞ്ഞു. ശ്രീലങ്കന്‍ വംശജരെ പുനരധിവസിപ്പിച്ച കേരള വനം വികസന കോര്‍പ്പറേഷനു കീഴിലുള്ള കമ്പമല തേയിലത്തോട്ടം സന്ദര്‍ശിച്ച ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
തൊഴിലാളികളുടെ ദുരിതപൂര്‍ണമായ ജീവിതസാഹചര്യത്തെക്കുറിച്ച് സാമൂഹ്യനീതി വകുപ്പ് ഉള്‍പ്പെടെ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു കലക്ടറായി ചുമതലയേറ്റ ശേഷമുള്ള ആദ്യ സന്ദര്‍ശനം. 10 അംഗങ്ങള്‍ വരെയുള്ള കുടുംബങ്ങള്‍ ഒറ്റമുറിയില്‍ താമസിക്കേണ്ട ദുരവസ്ഥയും പ്രാഥമികാവശ്യങ്ങള്‍ നിറവേറ്റാന്‍ കക്കൂസ് പോലുമില്ലാത്ത അവസ്ഥയുമെല്ലാം തൊഴിലാളികള്‍ കലക്ടറുടെ മുന്‍പാകെ അവതരിപ്പിച്ചു. റേഷന്‍ കാര്‍ഡ് എ.പി.എല്‍ ആയവര്‍, സ്ഥിരമായി തൊഴിലില്ലാത്തവര്‍, ജാതി സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തവര്‍ എന്നിവരും പരാതികളുമായെത്തി.
എസ്റ്റേറ്ററ്റിലേക്കു ഗതാഗതയോഗ്യമായ റോഡില്ലാത്തതും അങ്കണവാടി, ഡിസ്‌പെന്‍സറി എന്നീ പൊതു ആവശ്യങ്ങളും തൊഴിലാളികള്‍ ബോധിപ്പിച്ചു.
1981ലാണ് ശ്രീലങ്കന്‍ വംശജരെ ഇവിടെ പുനരധിവസിപ്പിച്ചത്. അന്നു മുതല്‍ നരകതുല്യമായ ജീവിതമാണ് തൊഴിലാളികള്‍ നയിക്കുന്നത്.
തൊഴിലുറപ്പില്‍ ഉള്‍പ്പെടുത്തി പ്രദേശവാസികള്‍ക്ക് ജോലി നല്‍കാനും ലയങ്ങള്‍ പുനര്‍നിര്‍മിക്കാനും കക്കൂസ് നിര്‍മിക്കാനും പഞ്ചായത്തിന് കലക്ടര്‍ നിര്‍ദേശം നല്‍കി. വനം വകുപ്പ് സ്ഥലം വിട്ടുനല്‍കിയാല്‍ അങ്കണവാടി, ഡിസ്‌പെന്‍സറി എന്നിവ നിര്‍മിക്കുന്ന കാര്യം പരിഗണിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സബ് കലക്ടര്‍ ശ്രീറാം സാംബശിവറാവു, മാനന്തവാടി തഹസില്‍ദാര്‍ ഇ.പി മേഴ്‌സി, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈമ മുരളീധരന്‍, ഡി.എം.ഒ ഡോ. ആശാദേവി, ടി.എ.യു.കെ കൃഷ്ണന്‍, എസ്.എം, എസ്.ഡി.വൈ.എസ്.പി അശോക് കുമാര്‍, ബേഗുര്‍ റെയ്ഞ്ചര്‍ നജ്മല്‍ അമീന്‍, ഡി.എസ്.ഒ തങ്കച്ചന്‍, ഐ.സി.ഡി.എസ് ഓഫിസര്‍ രാജശ്രീ, ഗ്രാമപഞ്ചായത്തംഗങ്ങള്‍, കെ.എഫ്.ഡി.സി ഉദ്യോഗസ്ഥര്‍ എന്നിവരും കലക്ടറോടൊപ്പമുണ്ടായിരുന്നു.
അതേസമയം, തങ്ങളുടെ ദുരിതം കണ്ടറിയുന്നതിനായി ഉദ്യോഗസ്ഥര്‍ തോട്ടം സന്ദര്‍ശിച്ച് വാഗ്ദാനങ്ങള്‍ നല്‍കി പോകുന്നതല്ലാതെ തങ്ങളുടെ ആവശ്യങ്ങള്‍ നടപ്പിലാകാറില്ലെന്ന് തൊഴിലാളികള്‍ ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."