ട്രാഫിക് പരിഷ്കരണം വൈകും കാല്‍നടയാത്രക്കാര്‍ക്ക് ഇടമില്ലാതെ അരീക്കോട് ഡോക്ടേഴ്സ് റോഡ്
അരീക്കോട്: യാത്രക്കാര്‍ ഗതാഗതക്കുരുക്കില്‍ വീര്‍പ്പ് മുട്ടുമ്പോഴും അരീക്കോട് ട്രാഫിക് പരിഷ്കരണം വൈകുന്നു. ടൗണിലെ കുരുക്കഴിക്കാന്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അമ്പായത്തിങ്ങല്‍ മുനീറയുടെ നേതൃത്വത്തില്‍ പൊലിസ് ഉദ്യോഗസ്ഥരേയും രാഷ്ട്രീയപാര്‍ട്ടി നേതാക്കളേയും വ്യാപാരികളേയും വിളിച്ച് ചേര്‍ത്ത് ട്രാഫിക് പരിഷ്കരണവുമായി ബന്ധപ്പെട്ട് യോഗം ചേര്‍ന്നിരുന്നെങ്കിലും പത്ത് ദിവസം പിന്നിട്ടിട്ടും തീരുമാനമൊന്നും നടപ്പാക്കിയിട്ടില്ല.
ട്രാഫിക് പരിഷ്കരണം നടപ്പാകാന്‍ കാലതാമസമെടുക്കുമ്പോള്‍ പ്രയാസം നേരിടുന്നത് ഡോക്ടേഴ്സ് റോഡിലൂടെ യാത്ര ചെയ്യുന്ന കാല്‍നടയാത്രക്കാരാണ്. ഇടുങ്ങിയ റോഡില്‍ തന്നെ ഓട്ടോ പാര്ക്കിങ്കേന്ദ്രമാക്കിയതും വഴി അടച്ചുള്ള കച്ചവടങ്ങളുമാണ് യാത്രക്കാരെ വലക്കുന്നത്.
സ്റ്റാന്‍ഡില്‍ നിന്ന് ബസുകള്‍ പുറത്തിറങ്ങുന്ന റോഡില്‍ തന്നെ ഓട്ടോ പാര്‍ക്കിങ് കേന്ദ്രമാക്കിയത് ശരിയല്ലെന്നും പുതിയ ബസ് സ്റ്റാന്‍ഡ് കോംപ്ലക്സ് ഭാഗത്തേക്ക് ഓട്ടോ പാര്‍ക്കിങ് മാറ്റണമെന്നും പഞ്ചായത്ത് പ്രസിഡന്റ് വിളിച്ചുചേര്‍ത്ത യോഗത്തില്‍ അഭിപ്രായമുയര്‍ന്നിരുന്നു.
എന്നാല്‍ പൊതുജനങ്ങളില്‍ നിന്ന് അഭിപ്രായം സ്വീകരിച്ച ശേഷം തീരുമാനമെടുക്കാമെന്ന് പറഞ്ഞ് യോഗം പിരിയുകയായിരുന്നു. കഴിഞ്ഞ 26ന് പൊതുജനങ്ങളില്‍ നിന്ന് അഭിപ്രായം സ്വീകരിച്ചെങ്കിലും പിന്നീട് ഇതുമായി ബന്ധപ്പെട്ട് ഒരു ചര്‍ച്ചയും നടന്നിട്ടില്ല.
ഡോക്ടേഴ് റോഡിലെ ഓട്ടോ പാര്‍ക്കിങ് ക്യാംപ് റോഡിലേക്ക് മാറ്റിയാല്‍ തന്നെ ഏറെക്കുറെ തിരക്കുകള്‍ ഇല്ലാതാക്കാനാവുമെങ്കിലും ഇതിന് വേണ്ട നടപടികള്‍ ബന്ധപ്പെട്ടവരുടെ ഭാഗത്ത് നിന്നുണ്ടാകുന്നില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."