ആളിയാര്‍ ജലം: മുഖ്യമന്ത്രി ഉടന്‍ ഇടപെടണമെന്ന് രമേശ് ചെന്നിത്തല
തിരുവനന്തപുരം: പറമ്പിക്കുളം, ആളിയാര്‍ കരാര്‍ അനുസരിച്ച് കേരളത്തിന് നല്‍കേണ്ട വെള്ളം തമിഴ്‌നാട് പൂര്‍ണമായി നിര്‍ത്തിയ സാഹചര്യത്തില്‍ മുഖ്യമന്ത്രി അടിയന്തരമായി ഇടപെടണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
കരാര്‍ അനുസരിച്ച് ജൂലായ് ഒന്നുമുതല്‍ സെപ്റ്റംബര്‍ 30 വരെ മൂന്നുമാസം 1,888 ദശലക്ഷം ഘനഅടി വെള്ളമാണ് കേരളത്തിന് കിട്ടേണ്ടത്. എന്നാല്‍, 1100 ഘനഅടി വെള്ളമേ ലഭിച്ചിട്ടുള്ളു. ഇപ്പോഴാകട്ടെ വെള്ളം നല്‍കുന്നത് പൂര്‍ണമായി നിര്‍ത്തിവച്ചിരിക്കുകയാണ്. ഇതുകാരണം ചിറ്റൂരിലെ 20,000 ഹെക്ടര്‍ നെല്‍കൃഷി ഉണങ്ങുമെന്ന് മാത്രമല്ല, ഭാരതപ്പുഴ വറ്റിവരളുകയും ചെയ്യും. പാലക്കാട്, മലപ്പുറം, തൃശ്ശൂര്‍ ജില്ലകളില്‍ കുടിവെള്ളക്ഷാമവുമുണ്ടാകും. ഇതാദ്യമായാണ് തമിഴ്‌നാട് കേരളത്തിന് നല്‍കേണ്ട വെള്ളം പൂര്‍ണമായും നിര്‍ത്തിവച്ചിരിക്കുന്നത്. പ്രശ്‌നത്തിന്റെ ഗൗരവം കണക്കിലെടുത്ത് തമിഴ്‌നാടുമായി മുഖ്യമന്ത്രി ഉടന്‍ ബന്ധപ്പെട്ട് വെള്ളം നല്‍കുന്നത് പുന:സ്ഥാപിക്കണമെന്നും പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."