എക്‌സ്‌പ്ലോസീവ്‌സ് സ്‌പെഷല്‍ സെല്‍ കാര്യക്ഷമമാക്കാന്‍ പൊലിസ് മേധാവിയുടെ ഇടപെടല്‍
തൊടുപുഴ: സംസ്ഥാനത്ത് ആഭ്യന്തര സുരക്ഷാവെല്ലുവിളികള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ സ്‌ഫോടക വസ്തുക്കളുടെ ഉപയോഗവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ നിരീക്ഷിക്കാനും നിയന്ത്രിക്കാനും രൂപീകരിച്ച പൊലിസ് എക്‌സ്‌പ്ലോസീവ്‌സ് സ്‌പെഷല്‍ സെല്‍ കാര്യക്ഷമമാക്കാന്‍ സംസ്ഥാന പൊലിസ് മേധാവിയുടെ ഇടപെടല്‍.
സെല്ലിന്റെ ചുമതല ഹെഡ്ക്വാര്‍ട്ടേഴ്‌സ് പൊലിസ് സൂപ്രണ്ടില്‍ നിന്നും എടുത്തുമാറ്റി സൂപ്രണ്ട് ഓഫ് പൊലിസ് (ഇന്റേനല്‍ സെക്യൂരിറ്റി) എസ്.ബി.സി.ഐ.ഡിയ്ക്ക് കൈമാറി പൊലിസ് മേധാവി ലോക്‌നാഥ് ബെഹ്‌റ ഉത്തരവിട്ടു. സ്‌ഫോടകവസ്തുക്കളുടെ പരിശോധനാ വിവരങ്ങള്‍, കേസ് സംബന്ധിച്ച വിശദാംശങ്ങള്‍, ഇത്തരം കേസിലുള്‍പ്പെട്ട പ്രതികളുടെ അറസ്റ്റ് തുടങ്ങിയ വിവരങ്ങള്‍ ജില്ലാ പൊലിസ് മേധാവികള്‍ എല്ലാ മാസവും അഞ്ചാം തീയതിക്ക് മുന്‍പായി എക്‌സ്‌പ്ലോസീവ്‌സ് സ്‌പെഷല്‍ സെല്ലിന് റിപ്പോര്‍ട്ട് ചെയ്യണം.
ജില്ലകളില്‍നിന്നും ലഭിക്കുന്ന ഇത്തരം വിവരങ്ങള്‍ പ്രത്യേകം ഫോര്‍മാറ്റില്‍ സൂക്ഷിക്കണം. എക്‌സ്‌പ്ലോസിവ്‌സ് ആക്ട് പ്രകാരം അനുവദിക്കുന്ന പുതിയ ലൈസന്‍സുകള്‍ സംബന്ധിച്ച വിവരങ്ങള്‍ എക്‌സ്‌പ്ലോസീവ്‌സ് സ്‌പെഷല്‍ സെല്‍ അറിഞ്ഞിരിക്കണം.
എക്‌സ്‌പ്ലോസീവ്‌സ് സ്‌പെഷല്‍ സെല്‍ എല്ലാ റിപ്പോര്‍ട്ടുകളും വിശദമായി വിലയിരുത്തി സംയോജിപ്പിച്ച് സംക്ഷിപ്ത റിപ്പോര്‍ട്ട് തയാറാക്കി പൊലിസ് ഹെഡ് ക്വാര്‍ട്ടേഴ്‌സില്‍ സമര്‍പ്പിക്കണമെന്നും ഉത്തരവില്‍ പറയുന്നു. സെല്ലിന്റെ ആസ്ഥാനം പൊലിസ് ഹെഡ് ക്വാര്‍ട്ടേഴ്‌സില്‍ നിന്നും എസ്.ബി.സി.ഐ.ഡി ഹെഡ് ക്വാര്‍ട്ടേഴ്‌സിലേയ്ക്ക് മാറ്റിയിട്ടുമുണ്ട്.
കേന്ദ്ര സര്‍ക്കാര്‍ രൂപീകരിച്ച ദേശീയ സുരക്ഷാ ഏജന്‍സി (എന്‍.എസ്.എ) വര്‍ധിച്ചുവരുന്ന ആഭ്യന്തര സുരക്ഷാ വെല്ലുവിളികള്‍ അതിജീവിക്കാനായി പുറപ്പെടുവിച്ച ശുപാര്‍ശകള്‍ മുന്‍നിര്‍ത്തിയാണ് സംസ്ഥാന ആഭ്യന്തര വകുപ്പ് 2011 ല്‍ സ്‌പെഷല്‍ സെല്‍ (എക്‌സ്‌പ്ലോസീവ്‌സ്) എന്ന പേരില്‍ പ്രത്യേക സെല്‍ രൂപീകരിച്ചത്.
അന്നത്തെ പൊലിസ് മേധാവി ജേക്കബ് പുന്നൂസാണ് ഇതിന് മുന്‍കൈയെടുത്തത്. എക്‌സ്‌പ്ലോസീവ്‌സ് നിയമം ലംഘിച്ച് സ്‌ഫോടകവസ്തുക്കള്‍ സംശയാസ്പദ സാഹചര്യത്തില്‍ സംഭരിച്ചിരിക്കുന്ന കേന്ദ്രങ്ങളില്‍ മിന്നല്‍ പരിശോധന നടത്തുന്നതിനടക്കമുള്ള അധികാരം സെല്ലിനുണ്ട്.
ഹെഡ്ക്വാര്‍ട്ടേഴ്‌സ് പൊലിസ് സൂപ്രണ്ടിനായിരുന്നു സ്‌പെഷല്‍ സെല്ലിന്റെ അധിക ചുമതല നല്‍കിയിരുന്നത്. ഇദ്ദേഹത്തിന് ആവശ്യത്തിലധികം ജോലിഭാരമുള്ളതിനാല്‍ അധികച്ചുമതല പേരിന് മാത്രമായിരുന്നു. ഇദ്ദേഹത്തെ സഹായിക്കാന്‍ ഒരു അസിസ്റ്റന്റ് കമാന്റന്റ് റാങ്കിലുള്ള ഉദ്യോഗസ്ഥനുണ്ടാകണമെന്ന ഉത്തരവ് നടപ്പാക്കിയിട്ടില്ല.
ആവശ്യമുള്ള മറ്റ് ജീവനക്കാരെ ആഭ്യന്തരവകുപ്പില്‍ നിന്നും വര്‍ക്കിങ് അറേഞ്ച്‌മെന്റിലാണ് നിയമിക്കേണ്ടത്. എന്നാല്‍ വര്‍ക്ക് അറേഞ്ച്‌മെന്റില്‍ ഇപ്പോള്‍ ആരും ജോലി ചെയ്യുന്നില്ലെന്നാണ് സൂചന.
സ്‌ഫോടകവസ്തുക്കള്‍ ഉള്‍പ്പെട്ട അപകടങ്ങള്‍, കുറ്റകൃത്യങ്ങള്‍ എന്നിവ സംബന്ധിച്ച് 2010 ജനുവരി ഒന്ന് മുതല്‍ നടന്നിട്ടുള്ള സംഭവങ്ങള്‍ വിശദമായി രേഖപ്പെടുത്തണമെന്നായിരുന്നു നിര്‍ദേശം. എന്നാല്‍ ഇക്കാര്യങ്ങളൊന്നും ഇപ്പോള്‍ ഫലപ്രദമല്ലാത്ത സാഹചര്യത്തിലാണ് സംസ്ഥാന പൊലിസ് മേധാവിയുടെ ഇടപെടല്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."