മാറനല്ലൂരിലെ വൈദ്യുതി ശ്മശാനം;നിര്‍മാണം അന്തിമ ഘട്ടത്തില്‍
മലയിന്‍കീഴ്: ശാന്തികവാടം മാതൃകയില്‍ മാറനല്ലൂര്‍ പഞ്ചായത്തില്‍ നിര്‍മിക്കുന്ന 'ആത്മനിദ്രാലയം' വൈദ്യുത ശ്മശാനം ജനുവരിയില്‍ തുറന്നു കൊടുത്തേക്കും. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അന്തിമ ഘട്ടത്തിലാണ്.
മാറനല്ലൂര്‍ പൊലിസ് സ്റ്റേഷനു സമീപത്തുള്ള 1.65 ഏക്കര്‍ വസ്തുവിലാണ് അത്യാധുനിക സൗകര്യങ്ങളോടെ ശ്മശാന നിര്‍മാണം പുരോഗമിക്കുന്നത്. ചെന്നൈ ആസ്ഥാനമായുള്ള എസ്‌ക്കോ ഫര്‍ണസ് എന്ന കമ്പനിക്കാണ് നിര്‍മാണ ചുമതല. തദ്ദേശ സ്വയംഭരണ വകുപ്പ് നല്‍കിയ 50 ലക്ഷവും പഞ്ചായത്തിന്റെ പദ്ധതി വിഹിതത്തില്‍ നിന്നെടുത്ത 25 ലക്ഷവും ചേര്‍ത്ത് 75 ലക്ഷമാണ് ആത്മനിദ്രാലയത്തിന്റെ ആദ്യഘട്ടത്തിനായി ചിലവഴിക്കുന്നത്.
ബലിമണ്ഡപം, പൂന്തോട്ടം, മുറ്റവും പരിസരവും പാവിംഗ് ബ്ലോക്ക് സ്ഥാപിക്കല്‍, ചുറ്റുമതില്‍, ശ്മശാനത്തിലേക്ക് ത്രീഫെയ്‌സ് വൈദ്യുതി, മാറനല്ലൂരില്‍ നിന്ന് ഇവിടേക്കുള്ള റോഡ് നവീകരണം എന്നിവയടങ്ങുന്ന രണ്ടാംഘട്ട പ്രവര്‍ത്തനങ്ങള്‍ക്ക് 30 ലക്ഷം ഭരണസമിതി പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വൈദ്യുത ശ്മശാനത്തിന്റെ നിര്‍മാണത്തിനൊപ്പം ഈ ജോലിയും പൂര്‍ത്തിയാക്കാനാണ് ശ്രമം.
രണ്ടാം ഘട്ടത്തില്‍ വിറകില്‍ സംസ്‌ക്കരിക്കുന്ന ശ്മശാനവും പഞ്ചായത്തിന്റെ പരിഗണനയിലുണ്ട്. സ്ഥലസൗകര്യമുള്ളതിനാല്‍ ഇതും വളരെ പെട്ടെന്ന് നിര്‍മിക്കുമെന്ന് പ്രസിഡന്റ് കുമാരി മായ പി.എസ് പറയുന്നു. 2004ലാണ് മാറനല്ലൂരില്‍ വൈദ്യുത ശ്മശാനം നിര്‍മിക്കണമെന്ന ആവശ്യം ഉയര്‍ന്നത്.തിരുവനന്തപുരത്തെ ശാന്തികവാടമാണ് നിലവിലെ ആശ്രയം.
അതിനിടെ ശ്മശാന നിര്‍മാണം അറിഞ്ഞതോടെ സംസ്ഥാനത്തെ വിവിധ പഞ്ചായത്തുകള്‍ പദ്ധതിയുടെ വിശദാംശങ്ങള്‍ തേടി എത്തിയിട്ടുണ്ട്. തങ്ങളുടെ പഞ്ചായത്തിലും ഇതിന്റെ സാധ്യതകള്‍ പരിശോധിക്കുകയാണ് ലക്ഷ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."