ബാലുശ്ശേരി തപാല്‍ ഓഫിസ് ജീവനക്കാര്‍ ഭീതിയുടെ നിഴലില്‍
ബാലുശ്ശേരി: ലോക തപാല്‍ദിനത്തിലും ബാലുശ്ശേരി പോസ്റ്റ് ഓഫിസ് ജീവനക്കാര്‍ ജോലി ചെയ്യുന്നത് ഭീതിയുടെ നിഴലില്‍. ഓടുമേഞ്ഞ പൊളിഞ്ഞുവീഴാറായ കെട്ടിടത്തില്‍ ജോലി ചെയ്യുന്ന ഇവര്‍ ഏതു നിമിഷവും സംഭവിക്കാവുന്ന അപകടത്തെക്കുറിച്ചുള്ള ഭീതിയിലാണ്. ഇതിനു പുറമെ ഓഫിസില്‍ പ്രത്യക്ഷപ്പെടുന്ന ഇഴജന്തുക്കളുടെ ശല്യവും രൂക്ഷമാണ്. അഞ്ചു പതിറ്റാണ്ട് മുന്‍പ് നിര്‍മിച്ച വാടക കെട്ടിടത്തിലാണ് മുഖ്യ തപാല്‍ ഓഫിസ് പ്രവര്‍ത്തിക്കുന്നത്. രണ്ടു മുറികളുള്ള തപാല്‍ ഓഫിസിലെ ഒരു മുറി ഗോഡൗണ്‍ ആയാണ് ഉപയോഗിക്കുന്നത്.
പനങ്ങാട്, വട്ടോളി, കിനാലൂര്‍, കരുമല, കരിയാത്തന്‍ കാവ്, കണ്ണാടിപ്പൊയില്‍, കോക്കല്ലൂര്‍, എരമംഗലം, തുരുത്യാട് എന്നീ ഒന്‍പത് ബ്രാഞ്ച് പോസ്റ്റ് ഓഫിസുകള്‍ മുഖ്യ തപാല്‍ ഓഫിസിന്റെ പരിധിയിലാണ്. ഈ ഭാഗത്തേക്കുള്ള കത്തുകള്‍ സീല്‍ ചെയ്യുന്നതും തരം തിരിക്കുന്നതും ഇവിടെ നിന്നാണ്. ദൈനംദിന കാര്യങ്ങള്‍ക്കായി വരുന്നവര്‍ക്കു വരാന്തയില്‍ നിന്ന് തിരിയാന്‍ പോലും ഇടമില്ല.
ആര്‍.ഡി ജീവനക്കാരായി 12 പേരാണുള്ളത്. നിത്യവും നൂറുകണക്കിനു പേര്‍ വിവിധ ആവശ്യങ്ങള്‍ക്കായി ഇവിടെയെത്തുന്നുണ്ട്. കെട്ടിടത്തിന്റെ കാലപ്പഴക്കം മൂലം വൈദ്യുതി പോലും കാര്യക്ഷമമല്ല. വര്‍ഷങ്ങള്‍ക്കു മുന്‍പ് ലക്ഷങ്ങള്‍ മുടക്കി ജനറേറ്റര്‍ സ്ഥാപിച്ചുവെങ്കിലും ഒരു മാസത്തെ പ്രവര്‍ത്തനത്തോടെ നിലച്ചു. ഇപ്പോള്‍ മഴയും വെയിലുമേറ്റ് തുരുമ്പെടുത്ത് നശിച്ചു കൊണ്ടിരിക്കുകയാണ്.
അപകടാവസ്ഥയിലായ കെട്ടിടത്തിന്റെ മുകള്‍ഭാഗം പ്ലാസ്റ്റിക് ഷീറ്റുകള്‍ കൊണ്ട് മൂടിയിരിക്കുകയാണ്. മഴയില്‍ കംപ്യൂട്ടറുകള്‍ നനഞ്ഞ് കേടുവരുന്നത് കാരണം തപാല്‍ വകുപ്പിന് കനത്ത നഷ്ടമാണുണ്ടാകുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."