നഗരസഭാ പെന്‍ഷന്‍ വിവാദം: പൊലിസ് കേസെടുത്തു
മാനന്തവാടി: മാനന്തവാടി നഗരസഭയിലെ പെന്‍ഷന്‍ വിവാദത്തില്‍ പൊലിസ് കേസെടുത്തു. പെന്‍ഷന്‍ നല്‍കാന്‍ വൈകിപ്പിച്ചതായി പരാതി നല്‍കിയ സംഭവത്തില്‍ മുനിസിപ്പാലിറ്റി വികസനകാര്യ സ്റ്റാന്റിഗ് കമ്മിറ്റി ചെയര്‍മാന്‍ പി.ടി ബിജുവിനെതിരേയാണ് മാനന്തവാടി പൊലിസ് വഞ്ചനാ കുറ്റത്തിന് കേസെടുത്തത്. പെന്‍ഷന്‍ നല്‍കാതെ വൈകിപ്പിച്ചുവെന്ന കണിയാരം പാണന്‍കുന്നേല്‍ ചിന്നമ്മയുടെ പരാതിയെ തുടര്‍ന്നാണ് കേസെടുത്തത്. ഈ മാസം നാലിനാണ് ഇത് സംബന്ധിച്ച് വിധവയും വൃദ്ധയുമായ ചിന്നമ്മ മാനന്തവാടി പൊലിസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയത്. തനിക്ക് ലഭിക്കേണ്ട വാര്‍ദ്ധക്യകാല പെന്‍ഷന്‍ തുകയായ 9300 രൂപ ദിവസങ്ങള്‍ കഴിഞ്ഞിട്ടും ലഭിച്ചില്ലെന്നാണ് പരാതി.
സംഭവത്തെ കുറിച്ച് ഫാര്‍മേഴ്‌സ് ബാങ്ക് കലക്ഷന്‍ ഏജന്റിനോട് അന്വേക്ഷിച്ചപ്പോള്‍ പ്രസ്തുത തുക പി.ടി ബിജു വാങ്ങിയതായി അറിയാന്‍ കഴിഞ്ഞുവെന്നും, തുക ആവശ്യപ്പെട്ടപ്പോള്‍ തരാമെന്ന് പറഞ്ഞ സമയത്ത് ഏല്‍പ്പിച്ചില്ലെന്നുമാണ് പരാതി. മറ്റൊരാള്‍ കൈവശം 6000 രൂപ തന്നയച്ചുവെങ്കിലും മുഴുവന്‍ പണവും തനിക്ക് കിട്ടണമെന്ന് ആവശ്യപ്പെട്ടതായും ചിന്നമ്മ പറഞ്ഞു. എന്നാല്‍ പണം പിന്നെയും വൈകിയപ്പഴാണ് പരാതി നല്‍കിയതെന്നുമാണ് ചിന്നമ്മ പരാതിയില്‍ പറഞ്ഞത്. പ്രസ്തുത വിഷയം ചൂണ്ടിക്കാണിച്ച് ബിജുവിനെതിരേ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി മാനന്തവാടിയില്‍ വാര്‍ത്താസമ്മേളനം നടത്തിയിരുന്നു.
യു.ഡി.എഫ് ഈ വിഷയം ഉന്നയിച്ച് മാനന്തവാടി മുനിസിപ്പല്‍ ഓഫിസ് ഉപരോധിക്കുകയും ചെയ്തിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഐ.പി.സി 420 പ്രകാരം വഞ്ചനാകുറ്റത്തിന് കേസെടുത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."