പെരിയ വില്ലേജ് ഓഫിസ് കെട്ടിട നിര്‍മാണം അനിശ്ചിതത്വത്തില്‍
പെരിയ: പെരിയ വില്ലേജ് ഓഫിസ് കെട്ടിട നിര്‍മാണ ജോലി അനിശ്ചിതത്വത്തില്‍. വര്‍ഷങ്ങളായി അപകടാവസ്ഥയിലുള്ള ഈ ഓഫിസ് കെട്ടിടം പുതുക്കിപ്പണിയാനുള്ള നടപടികള്‍ പൂര്‍ത്തിയാക്കിയെന്ന് അധികൃതര്‍ പറയാന്‍ തുടങ്ങിയിട്ടു ഒരു വര്‍ഷം പിന്നിട്ടെങ്കിലും പുനര്‍നിര്‍മാണ ജോലികള്‍ ഇതു വരെയും ആരംഭിച്ചിട്ടില്ല. പല തവണ മേല്‍ക്കൂരയില്‍ നിന്നു സിമന്റ് പാളികള്‍ അടര്‍ന്നു വീണെങ്കിലും ഭാഗ്യം കൊണ്ടു മാത്രമാണു ജീവനക്കാരും പൊതുജനങ്ങളും അപകടം കൂടാതെ രക്ഷപ്പെട്ടത്.
കാലപ്പഴക്കം കൊണ്ടു ദ്രവിച്ചു നില്ക്കുന്ന ഓഫിസിനകത്ത് വൈദ്യുതി സംവിധാനം പോലും കൃത്യമായിട്ടില്ല. ഇതോടെ ജീവനക്കാരുടെ ദുരിതം വര്‍ധിക്കുകയാണ്. ഓഫിസ് പ്രവര്‍ത്തനം പ്രദേശത്തെ മറ്റൊരു കെട്ടിടത്തിലേക്ക് താല്‍ക്കാലികമായി മാറ്റാനുള്ള നടപടികള്‍ തുടങ്ങിയിട്ട് ആറു മാസം പിന്നിട്ടെങ്കിലും ഇതും ഫലപ്രദമായിട്ടില്ല.
നിലവില്‍ കെട്ടിടം സ്ഥിതി ചെയ്യുന്ന സ്ഥലത്തു തന്നെ പുതിയ കെട്ടിടം നിര്‍മിക്കാനുള്ള എല്ലാവിധ നടപടികളും പൂര്‍ത്തിയാക്കിയെന്നു പറയുന്ന അധികൃതര്‍ കെട്ടിടം പണി തുടങ്ങാനുള്ള യാതൊരു നടപടികളും സ്വീകരിക്കാത്തത് എന്തു കൊണ്ടാണെന്ന ചോദ്യമാണു നാട്ടുകാര്‍ ഉന്നയിക്കുന്നത്.
ജീവനക്കാരുടെയും പൊതുജനത്തിന്റെയും ജീവന് കൊണ്ടു പന്താടാതെ എത്രയും പെട്ടെന്നു ഇക്കാര്യത്തില്‍ നടപടി വേണമെന്നാണു നാട്ടുകാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."