ഇതാണോ ദേശസ്‌നേഹം?
നിയന്ത്രണരേഖ കടന്ന് പാക് തീവ്രവാദികേന്ദ്രങ്ങളില്‍ സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തി തിരിച്ചെത്തിയ ഇന്ത്യന്‍ കമാന്‍ഡോകളുടെ വീരകഥകളുടെ വീമ്പിളക്കുന്ന കേന്ദ്രസര്‍ക്കാര്‍ അതേ സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തിയതിന്റെ പിറ്റേദിവസം ( സെപ്തംബര്‍ 30) നടത്തിയ പ്രവൃത്തി സേനയുടെ ആത്മവീര്യം കെടുത്തുന്നതാണെന്ന് പറയാതെ വയ്യ.
കരസേനയില്‍ ജോലി നോക്കുന്ന കാലത്ത് യുദ്ധത്തില്‍ പങ്കെടുത്തോ മറ്റു സൈനിക സേവനത്തിനിടയിലോ ഗുരുതരമായി പരുക്കേറ്റ് അംഗവൈകല്യം വരുക വഴി സൈന്യത്തില്‍ നിന്നും പുറത്തു പോകേണ്ടി വന്നവര്‍ക്ക് നല്‍കി വന്നിരുന്ന പെന്‍ഷന്‍ തുക കേന്ദ്രസര്‍ക്കാര്‍ വെട്ടിക്കുറച്ചു. സര്‍വീസിലിരിക്കെ ഏറ്റവും ഒടുവിലായി വാങ്ങിയ ശമ്പളം ആയിരുന്നു ഇതുവരെ ഇത്തരക്കാര്‍ക്ക് പെന്‍ഷന്‍ ആയി നല്‍കിയിരുന്നത്. ഈ രീതി മാറ്റി പകരം സ്ലാബ് രീതി ഏര്‍പ്പെടുത്തിയിരിക്കുകയാണ്. പ്രതിരോധമന്ത്രാലയത്തിന്റെതായിരുന്നു ഈ തീരുമാനം.
മാരകമായ പരിക്കുകളോടെ സൈനികസേവനത്തില്‍ നിന്നും വിടുതല്‍ തേടാന്‍ നിര്‍ബന്ധിതനാകുന്ന ഒരു സാധാരണ സൈനികന് നല്‍കി വന്നിരുന്ന 45, 200 രൂപ ഒറ്റയടിക്ക് 27,200 രൂപയാക്കിയാണ് കുറച്ചിരിക്കുന്നത്. പത്തുവര്‍ഷത്തില്‍ കുറയാത്ത സര്‍വീസുള്ള മേജര്‍മാര്‍ക്കുള്ള പെന്‍ഷനില്‍ കുറവു വരുത്തിയിരിക്കുന്നത് 70,000 രൂപയോളം. ജൂനിയര്‍ കമ്മിഷന്‍ഡ് ഓഫിസര്‍ റാങ്കിലുള്ളവര്‍ക്കും ഇത്തരത്തില്‍ പെന്‍ഷന്‍ വെട്ടികുറയ്ച്ചിട്ടുണ്ട്.
26 വര്‍ഷത്തോളം സര്‍വിസുള്ള സുബേദാര്‍ നായിക് റാങ്കിലുള്ളവരുടെ പെന്‍ഷന്‍ തുകയില്‍ 40,000 ആണ് കുറവ് വന്നിരിക്കുന്നത്. യുദ്ധത്തിലോ ആക്രമണത്തിലോ പങ്കെടുക്കുക വഴി പരിക്കേല്‍ക്കുന്നവര്‍ക്കു മാത്രമല്ല, രോഗബാധിതരായി പിരിയേണ്ടി വരുന്നവര്‍ക്കും, പരിശീലന കാലയളവില്‍ സംഭവിക്കുന്ന പരിക്കുകളാല്‍ പുറത്തു പോകേണ്ടി വരുന്നവര്‍ക്കും, ഉയരമുള്ള സൈനിക പോസ്റ്റുകളില്‍ ഡ്യൂട്ടി നോക്കുന്നവര്‍ക്ക് ഉണ്ടാകുന്ന ശ്വാസസംബന്ധിയായും മറ്റ് ആരോഗ്യ പ്രശ്‌നങ്ങളാലും സേവനകാലാവധിക്കു മുമ്പ് പിരിയേണ്ടിവരുന്നവര്‍ക്കും ലഭിച്ചുകൊണ്ടിരുന്ന പെന്‍ഷന്‍ തുകയിലും കുറവ് വരുത്തിയിട്ടുണ്ട്.
ഇത്തരം നീക്കങ്ങള്‍ ദേശഭക്തിയുടേതല്ലെന്ന് പറയാതെ വയ്യ. ദേശസ്‌നേഹം കൊണ്ട് പലരും പലതും മറച്ചുവയ്ക്കുന്നുവെന്ന് മാത്രം! സൈനികര്‍ക്ക് ആത്മാവീര്യം പകരുന്ന തീരുമാനങ്ങളാണാ ജീവന്‍പണയം വച്ച് അതിര്‍ത്തികളില്‍ പോരടിക്കുന്ന സൈനികര്‍ പ്രതീക്ഷിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."