അന്യസംസ്ഥാന തൊഴിലാളികളുടെ മക്കളും ഭാഷാപിതാവിന്റെ മണ്ണില്‍ ആദ്യാക്ഷരം കുറിച്ചു
തിരൂര്‍: തുഞ്ചന്‍ സ്മാരക മണ്ഡപത്തിലും സരസ്വതി മണ്ഡപത്തിലുമായി നടന്ന എഴുത്തിനിരുത്തല്‍ ചടങ്ങില്‍ ആദ്യാക്ഷരം കുറിച്ചത് 4112 കുരുന്നുകള്‍. അന്യസംസ്ഥാന തൊഴിലാളികളുടെ മക്കളും ഇന്നലെ ആദ്യാക്ഷരം കുറിക്കാന്‍ തുഞ്ചന്റെ മണ്ണില്‍ എത്തിയിരുന്നു. തുഞ്ചന്‍ പറമ്പിലെ സരസ്വതി മണ്ഡപത്തില്‍ തുഞ്ചന്‍ ട്രസ്റ്റ് ചെയര്‍മാന്‍ എം.ടി വാസുദേവന്‍ നായര്‍, നിയമസഭാ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍, മന്ത്രി എ.കെ ബാലന്‍, മലയാള സര്‍വകലാശാല വൈസ് ചാന്‍സലര്‍ കെ. ജയകുമാര്‍, സാഹിത്യകാരന്‍മാരായ മണമ്പൂര്‍ രാജന്‍ബാബു, ആലങ്കോട് ലീലാകൃഷ് ണന്‍, പി.കെ. ഗോപി, ആനന്ദ് കാവാലം, രാധാമണി അയിങ്കലത്ത്, ജി.കെ രാംമോഹന്‍, സേതുമാധവന്‍, ടി.കെ ശങ്കരനാരായണന്‍, കാനേഷ് പുനൂര്‍, കിളിമാനൂര്‍ മധു, പി.ആര്‍ നാഥന്‍ തുടങ്ങിയവര്‍ കുട്ടികള്‍ക്ക് ഹരിശ്രീ കുറിച്ചു. സരസ്വതി മണ്ഡപത്തില്‍ മുപ്പതിലേറെ എഴുത്തുകാരാണ് വിവിധ സമയങ്ങളിലായി പങ്കെടുത്തത്. തുഞ്ചന്‍ സ്മാരക മണ്ഡപത്തില്‍ എഴുത്താശാന്‍മാരായ പ്രമേഷ് പണിക്കര്‍, പി.സി സത്യനാരായണന്‍, വി. മുരളി എന്നിവര്‍ നേതൃത്വം നല്‍കി.
തുഞ്ചന്‍ സ്മാരക ട്രസ്റ്റ് പുറത്തിറക്കിയ തുഞ്ചത്തെഴുത്തച്ഛന്റെ അധ്യാത്മ രാമായാണം കിളിപ്പാട്ട് പുസ്തകത്തിന്റെ പ്രകാശനം സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ നിര്‍വഹിച്ചു. എം.ടി വാസുദേവന്‍ നായര്‍, തുഞ്ചന്‍ ട്രസ്റ്റ് സെക്രട്ടറി പി. നന്ദകുമാര്‍, എം.എന്‍. കാരശ്ശേരി എന്നിവര്‍ പങ്കെടുത്തു. നൂറിലേറെ കവികള്‍ സ്വന്തം കവിതകള്‍ അവതരിപ്പിച്ചു. ആലങ്കോട് ലീലാകൃഷ്ണന്‍, മണമ്പൂര്‍ രാജന്‍ബാബു, പി.കെ ഗോപി, ജി.കെ രാംമോഹന്‍, ശ്രീജിത്ത് പെരുന്തയന്‍, കാനേഷ് പൂനൂര്‍, മാധവന്‍ പുറഞ്ചേരി, പ്രസാദ് പച്ചാട്ടിരി, ഗംഗാദേവി തിരൂര്‍, അശോകന്‍ വയ്യാട്ട്, കെ.എക്‌സ്. ആന്റോ തുടങ്ങിയവരും കവിതകള്‍ അവതരിപ്പിച്ചു. രാവിലെ പത്തിന് തുടങ്ങിയ വിദ്യാരംഭം ഉച്ചയ്ക്ക് ശേഷം മൂന്നു മണി വരെ നീണ്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."