കെ.കെ മാമക്കുട്ടി അന്തരിച്ചു
തൃശൂര്‍: സി.പി.എം തൃശൂര്‍ ജില്ലാ മുന്‍ സെക്രട്ടറി കെ.കെ മാമക്കുട്ടി(95) അന്തരിച്ചു. തൃശൂര്‍ ജില്ലയിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ അമരക്കാരനും മൂന്നരപ്പതിറ്റാണ്ടുകാലം സി.പി.എം തൃശൂര്‍ ജില്ലാ സെക്രട്ടറിയും നാലു പതിറ്റാണ്ടിലേറെ സി.പി.എം സംസ്ഥാന കമ്മിറ്റിയംഗവുമായിരുന്നു. തിങ്കളാഴ്ച രാവിലെ 10.45ന് തൃശൂര്‍ എലൈറ്റ് ആശുപത്രിയിലായിരുന്നു അന്ത്യം. കേരളത്തില്‍ സി.പി.എമ്മിന്റെ ജില്ലാ സെക്രട്ടറിസ്ഥാനം ഏറ്റവും കൂടതല്‍ കാലം വഹിച്ച വ്യക്തിയാണ്.
1921 ഏപ്രില്‍ 13ന് എട്ടുമുന കളപ്പുരയില്‍ കുഞ്ഞാപ്പുവിന്റെയും ചിരിയക്കുട്ടിയുടെയും നാലു മക്കളില്‍ ഇളയ മകനായി ജനിച്ചു. ഭാര്യ പരേതയായ ലക്ഷ്മിക്കുട്ടി അമ്മ. മൂര്‍ക്കനാട് സെന്റ് ആന്റണീസ് സ്‌കൂള്‍, ചേര്‍പ്പ് സി.എന്‍.എന്‍ ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍നിന്നായി സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ മാമക്കുട്ടി, നന്നേ ചെറുപ്പത്തില്‍ത്തന്നെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനവുമായി ബന്ധപ്പെട്ടു.
കുറച്ചുകാലം സിലോണിലും അദ്ദേഹം പ്രവര്‍ത്തിച്ചു. 1953ല്‍ അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കരുവന്നൂര്‍ ബ്രാഞ്ചില്‍ അംഗമായ അദ്ദേഹം തൊഴിലാളികളെ സംഘടിപ്പിക്കാനും സമരം നയിക്കാനും മുന്നിട്ടിറങ്ങി. 1958ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി തൃശൂര്‍ താലൂക്ക് ജോയിന്റ് സെക്രട്ടറിയായ മാമക്കുട്ടി 60-65 കാലഘട്ടത്തില്‍ പാര്‍ട്ടിയുടെ ഒല്ലൂര്‍ ഏരിയ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 1969 മുതല്‍ മൂന്നര പതിറ്റാണ്ടോളം പാര്‍ട്ടിയുടെ തൃശൂര്‍ ജില്ലാ സെക്രട്ടറിയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."