വിവരാവകാശ നിയമത്തിന് 11 വയസ്; അപേക്ഷകരില്‍ കേരളം എട്ടാം സ്ഥാനത്ത്
കൊച്ചി: രാജ്യത്ത് വിവരാവകാശ നിയമം നിലവില്‍ വന്ന് ഇന്ന് 11 വര്‍ഷം തികയുമ്പോള്‍ വിവരാവകാശ അപേക്ഷകളുടെ കാര്യത്തില്‍ കേരളം മറ്റ് പല സംസ്ഥാനങ്ങള്‍ക്കും പിന്നില്‍ എട്ടാം സ്ഥാനത്ത്. 2005 ഒക്ടോബര്‍ 12 ന് നിലവില്‍ വന്ന വിവരാവകാശ നിയമത്തിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതില്‍ കേരളം പിന്നിലാണെന്നാണ് കോമണ്‍വെല്‍ത്ത് ഹ്യൂമന്‍ റൈറ്റ്‌സ് ഇനിഷ്യേറ്റീവ് പുറത്തുവിട്ട കണക്കുകളില്‍ നിന്ന് വ്യക്തമാകുന്നത്. കേന്ദ്ര സര്‍ക്കാരിന് കീഴില്‍ 47.66 ലക്ഷം വിവരാവകാശ അപേക്ഷകളാണ് ഇതുവരെ ലഭിച്ചത്. എന്നാല്‍ സംസ്ഥാനങ്ങളില്‍ മുന്നില്‍ നില്‍ക്കുന്ന മഹാരാഷ്ട്രയില്‍ 46.26 ലക്ഷം വിവരാവകാശ അപേക്ഷകള്‍ ലഭിച്ചു. കേരളത്തില്‍ കഴിഞ്ഞ 12 വര്‍ഷത്തിനിടെ സമര്‍പ്പിക്കപ്പെട്ടത് 5.66 ലക്ഷം വിവരാവകാശ അപേക്ഷകള്‍ മാത്രമാണ്.
20.73 ലക്ഷം വിവരാവകാശ അപേക്ഷകളുമായി കര്‍ണാടകമാണ് മഹാരാഷ്ട്രക്ക് പിന്നില്‍ രണ്ടാം സ്ഥാനത്ത്. ആന്ധ്ര പ്രദേശില്‍ 8.67 ലക്ഷവും തമിഴ്‌നാട്ടില്‍ 8.58 ലക്ഷവും ഗുജറാത്തില്‍ 7.57 ലക്ഷവും രാജസ്ഥാനില്‍ 6.55 ലക്ഷവും വിവരാവകാശ അപേക്ഷകള്‍ ഇക്കാലയളവില്‍ ഉണ്ടായി. കേരളത്തിന് പിന്നില്‍ 4.36 ലക്ഷം അപേക്ഷകളുള്ള ഛത്തീസ്ഗഡും 3.90 ലക്ഷം അപേക്ഷകളുള്ള ഉത്തരാഖണ്ഡുമാണുള്ളത്.
വിവരാവകാശ നിയമം നിലവില്‍ വന്ന 2005ന് ശേഷം ഇതുവരെ രാജ്യത്താകെ സമര്‍പ്പിക്കപ്പെട്ടത് 1. 75 കോടി അപേക്ഷകളാണെന്ന് കോമണ്‍വെല്‍ത്ത് ഹ്യൂമന്‍ റൈറ്റ്‌സ് ഇനിഷ്യേറ്റീവിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. ഇതില്‍ നാലില്‍ ഒന്ന് അപേക്ഷകളും കേന്ദ്ര ഗവണ്‍മെന്റുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ആവശ്യപ്പെട്ടുകൊണ്ടുള്ളതായിരുന്നു.
വിവരാവകാശ നിയമത്തിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതില്‍ ഏറ്റവും പിന്നില്‍ നില്‍ക്കുന്നത് വടക്കു കിഴക്കന്‍ സ്ംസ്ഥാനങ്ങളാണ്. മേഘാലയയില്‍ 11,092 വിവരാവകാശ അപേക്ഷകളും നാഗാലാന്റില്‍ 16,009 വിവരാവകാശ അപേക്ഷകളുമാണ് 11 വര്‍ഷത്തിനിടയില്‍ സമര്‍പ്പിക്കപ്പെട്ടത്. ഈ കണക്കുകളുടെ എണ്ണം അനൗദ്യോഗികമായി കൂടാണ് സാധ്യതയെന്നാണ് വിലയിരുത്തപ്പെടുന്നത്.
വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ അവര്‍ക്ക് ലഭിച്ച വിവരാവകാശ അപേക്ഷകളെക്കുറിച്ചുള്ള വിവരങ്ങള്‍ കാലാകാലങ്ങളില്‍ വിവരാവകാശ കമ്മിഷന് നല്‍കണമെന്നാണ് നിയമമെങ്കിലും പല വകുപ്പുകളും ഇത് പാലിക്കാറില്ല.
അതുകൊണ്ടുതന്നെ വിവരാവകാശ അപേക്ഷകളുടെ കണക്ക് സര്‍വെയില്‍ ലഭിച്ചതിലും അധികമായിരിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. സംസ്ഥാന വിവരാവകാശ കമ്മിഷനുകള്‍ വാര്‍ഷക റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കുന്നതില്‍ കാണിക്കുന്ന ഉദാസീനതയും കൃത്യമായ കണക്കുകള്‍ ലഭിക്കുന്നതിന് തടസമായിട്ടുണ്ട്. പല സംസ്ഥാന കമ്മിഷനുകള്‍ക്കും പ്രവര്‍ത്തന ക്ഷമമായ വെബ് സൈറ്റുകള്‍ പോലുമില്ല. മധ്യപ്രദേശ്, മണിപ്പൂര്‍, തൃപുര, ഉത്തര്‍പ്രദേശ് സംസ്ഥാന കമ്മിഷനുകള്‍ വാര്‍ഷിക കണക്കുകള്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധപ്പെടുത്തിയിട്ടില്ല.
അസം, അരുണാചല്‍ പ്രദേശ് സംസ്ഥാന കമ്മിഷനുകള്‍ തെറ്റായ വിവരങ്ങളാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഗോവയിലെ കമ്മിഷന് സ്വന്തമായി വെബ് സൈറ്റ് പോലുമില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."