ഗോരക്ഷകരെ പ്രശംസിച്ച് ആര്.എസ്.എസ് മേധാവി
ന്യൂഡല്‍ഹി: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഗോരക്ഷാപ്രവര്‍ത്തകര്‍ ആക്രമണങ്ങള്‍ നടത്തിവരുന്നതിനിടെ അവരെ പ്രശംസിച്ച് ആര്.എസ്.എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവത്. പശുക്കള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയുന്നതില്‍ ഗോരക്ഷകര്‍ മികച്ച പ്രവര്‍ത്തനമാണ് നടത്തുന്നതെന്ന് മോഹന്‍ ഭാഗവത് പറഞ്ഞു. രാജ്യത്ത് നിയമാനുസൃതമായുള്ള പശു സംരക്ഷണമാണ് ഗോരക്ഷകര്‍ നടത്തുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഗോരക്ഷാ പ്രവര്‍ത്തകര്‍ക്ക് ആര്.എസ്.എസ് പൂര്‍ണ പിന്തുണ നല്‍കും. രാജ്യവ്യാപകമായി മികച്ച പ്രവര്‍ത്തനമാണ് ഇവര്‍ കാഴ്ചവയ്ക്കുന്നത്. വ്യാജന്മാരില് നിന്നും യഥാര്‍ത്ഥ ഗോരക്ഷകരെ തിരിച്ചറിയേണ്ടതുണ്ട്. ഹിന്ദു വിശ്വാസമനുസരിച്ച് ഗോമാതാവിനെ സംരക്ഷിക്കണം. ഗോരക്ഷകരെന്ന വ്യാജേന പ്രവര്‍ത്തിക്കുന്ന കള്ളനാണയങ്ങളെ തിരിച്ചറിഞ്ഞ് അവര്‍ക്കെതിരേ കൂടിയാണ് യഥാര്‍ഥ ഗോരക്ഷകര്‍ പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വിജയദശമി ദിനത്തില്‍ ആര്.എസ്.എസിന്റെ 91ാം സ്ഥാപകദിനത്തോടനുബന്ധിച്ച് സംഘടനാ ആസ്ഥാനമായ നാഗ്പൂരില്‍ നടന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഗോവധം നിയമം കൊണ്ടു നിരോധിച്ചിട്ടുണ്ടെങ്കിലും രാജ്യത്ത് പലയിടത്തും അനധികൃതമായി ഇതു നടക്കുന്നു. ഇതിന് തടയിടുന്നതിനായി ഗോരക്ഷകര്‍ക്ക് പ്രക്ഷോഭങ്ങള്‍ തന്നെ നടത്തേണ്ടിവരും. ഗോരക്ഷകര്‍ നല്ല മനുഷ്യരാണ്. അവരെക്കുറിച്ച് തെറ്റിദ്ധാരണ പരത്താന്‍ ചില ശക്തികള്‍ ശ്രമിക്കുന്നുണ്ടെന്നും മോഹന്‍ ഭഗവത് പറഞ്ഞു. അതേ സമയം കശ്മിരില്‍ നടക്കുന്ന രാജ്യവിരുദ്ധ സംഭവങ്ങള്‍ക്ക് പിന്നില്‍ പാകിസ്താനാണെന്ന് പറഞ്ഞ ഭാഗവത് പാക്കധീന കശ്മിരിന്റെ യഥാര്‍ത്ഥ അവകാശി ഇന്ത്യയാണെന്നും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."