കടയില്‍ അക്രമം: പ്രതി അറസ്റ്റില്‍
കാഞ്ഞങ്ങാട്: ജില്ലാ ആശുപത്രിക്ക് സമീപത്തെ മൊബൈല്‍ റീചാര്‍ജ് കടയില്‍കയറി അക്രമം നടത്തിയ സംഭവത്തില്‍ ഒരാളെ അറസ്റ്റു ചെയ്തു.
ചെമ്മട്ടംവയലിലെ ഉണ്ണികൃഷ്ണന് എന്നയാളെയാണ് ഹൊസ്ദുര്‍ഗ് പൊലിസ് അറസ്റ്റു ചെയ്തത്. കഴിഞ്ഞ ദിവസം സന്ധ്യയോടെയാണ് സംഭവം നടന്നത്. കടയില്‍ മൊബൈല്‍ റീച്ചാര്‍ജ് ചെയ്യുകയായിരുന്ന ചെമ്മട്ടംവയല്‍ സ്വദേശി അജിത്ത് കുമാറുമായി മദ്യലഹരിയിലെത്തിയ മൂന്നംഗ സംഘം വാക്കുതര്‍ക്കത്തിലേര്‍പെടുകയും തുടര്‍ന്ന് അജിത്തിനെ മര്‍ദിക്കുകയുമായിരുന്നു. പരുക്കേറ്റ അജിത്ത് കുമാറിനെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അജിത്ത് കുമാറിന്റെ പരാതിയില്‍ കേസിലെ പ്രതിയായ ചെമ്മട്ടംവയലിലെ ഉണ്ണികൃഷ്ണന് ഉള്‍പെടെ മൂന്ന് പേര്‍ക്കെതിരെ ഹൊസ്ദുര്‍ഗ് പൊലിസ് കേസെടുത്തത്. ഇക്കഴിഞ്ഞ നിയമസഭാതെരഞ്ഞെടുപ്പിനിടെ ആറങ്ങാടിയിലുണ്ടായ സംഘര്‍ഷ വിവരമറിഞ്ഞെത്തിയ ഹൊസ്ദുര്‍ഗ് പൊലിസ് സ്റ്റേഷനിലെ അഡീഷണല്‍ എസ.ഐ മോഹനനെ ആക്രമിച്ചകേസില്‍ കൂടി പ്രതിയാണ് ഉണ്ണികൃഷ്ണനെന്ന് പൊലിസ് പറഞ്ഞു. ഇയാള്‍ ഒളിവില്‍ കഴിയുകയായിരുന്നു. ഇതിനിടെയാണ് ജില്ലാ ആശുപത്രിക്ക് സമീപത്തെ അക്രമവുമായി ബന്ധപ്പെട്ട് പിടിയിലായത്. അജിത്ത് കുമാറിനെ അക്രമിച്ച കേസില്‍ ഉണ്ണികൃഷ്ണന് ജാമ്യംനല്കിയെങ്കിലും എസ്.ഐയെ അക്രമിച്ച കേസില്‍ പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."