പഞ്ചായത്തിനെ മാലിന്യമുക്തമാക്കാന്‍ ക്യാംപയ്‌നുമായി പ്രാഥമികാരോഗ്യകേന്ദ്രം
മലമ്പുഴ: മലമ്പുഴ പഞ്ചായത്തിനെ മാലിന്യമുക്തമാക്കുന്നതിനായി സീറോ വേസ്റ്റ് കാംപയ്‌നുമായി മലമ്പുഴ പ്രാഥമികാരോഗ്യകേന്ദ്രം. പഞ്ചായത്തിലെ മുഴുവന്‍ വീടുകളിലും പൈപ്പ് കംപോസ്റ്റ് യൂനിറ്റുകള്‍ സ്ഥാപിച്ച് പഞ്ചായത്തിനെ പൂര്‍ണമായും മാലിന്യമുക്തമാക്കാനാണ് പ്രാഥമികാരോഗ്യകേന്ദ്രം ലക്ഷ്യമിടുന്നത്.
മാലിന്യനിര്‍മാര്‍ജനത്തിനും സംസ്‌കരണത്തിനും സ്വന്തമായി ഫണ്ടില്ലാത്തതിനാല്‍ ഗ്രാമപ്പഞ്ചായത്തിന്റെയും ശുചിത്വമിഷന്റെയും സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. നവംബര്‍ ഒന്നോടെ ലക്ഷ്യം കാണുമെന്നാണ് ആരോഗ്യവകുപ്പധികൃതര്‍ വിലയിരുത്തുന്നത്. വയറിളക്കം, ജലദോഷം തുടങ്ങിയ ജലജന്യരോഗങ്ങളുടെ ഉറവിടം കുമിഞ്ഞുകൂടുന്ന മാലിന്യങ്ങളാണെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് പഞ്ചായത്തിനെ മാലിന്യമുക്തമാക്കാന്‍ പ്രാഥമികാരോഗ്യകേന്ദ്രം തന്നെ നേരിട്ടിറങ്ങിയത്.
കുടുംബശ്രീ യോഗങ്ങള്‍, ഗ്രാമസഭകള്‍, വ്യാപാരകേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ ജീവനക്കാര്‍ ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിക്കഴിഞ്ഞു. ബാക്കിയാകുന്ന പ്ലാസ്റ്റിക് കവറുകള്‍ വലിച്ചെറിയാതെ ചാക്കുകളില്‍ സൂക്ഷിക്കാന്‍ വ്യാപാരസ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇങ്ങനെ ബാക്കിയാകുന്ന പ്ലാസ്റ്റിക് കവറുകള്‍ കൊണ്ടുപോകുന്നതിന് കഞ്ചിക്കോട്ട് പ്രവര്‍ത്തിക്കുന്ന കമ്പനിയുടെ സഹായവും അധികൃതര്‍ തേടിയിട്ടുണ്ട്.
പൊതുവിടങ്ങളില്‍ മാലിന്യം വലിച്ചെറിയുന്നവര്‍ക്കെതിരേ പിഴയടക്കമുള്ള നടപടികള്‍ സ്വീകരിക്കുമെന്നും അധികൃതര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."