സംസ്ഥാന ചലച്ചിത്ര പുരസ്‌കാര സമര്‍പ്പണവും താരനിശയും ഇന്ന്
പാലക്കാട്: സംസ്ഥാന ചലച്ചിത്ര പുരസ്‌കാര സമര്‍പ്പണത്തിനും താരനിശയ്ക്കും ഇന്ദിരാഗാന്ധി മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ ഇന്ന് വൈകിട്ട് അഞ്ചിന് പാലക്കാടന്‍ നാട്ടുകലകളുടെ അവതരണത്തോടെ തുടക്കമാകും. ഷഡാനന്‍ ആനിക്കത്തിന്റെയും ജനാര്‍ദ്ദനന്‍ പുതുശ്ശേരിയുടെയും നേതൃത്വത്തില്‍ കാര്‍ഷികപ്പാട്ട്, കിഴക്കന്‍ കരകാട്ടം, പൊയ്ക്കുതിരക്കളി, വേട്ടുവന്‍ കണ്യാര്‍പാട്ട്, കാവടിയാട്ടം, കാളകളി, പാണന്‍ പൊറാട്ട് തുടങ്ങിയ കലാരൂപങ്ങളാണ് അരങ്ങേറുക. വൈകീട്ട് ആറിന് സംഗീത സംവിധായകനും ഗായകനുമായ രമേഷ് നാരായണന്റെ നേതൃത്വത്തില്‍ സര്‍ഗ്ഗസംഗീതം നടക്കും.
6.10ന് നിയമ സാംസ്‌ക്കാരിക മന്ത്രി എ.കെ ബാലന്റെ അധ്യക്ഷതയില്‍ ചേരുന്ന പുരസ്‌ക്കാര സമര്‍പ്പണ സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.
പുരസ്‌ക്കാര സമര്‍പ്പണവുമായി ബന്ധപ്പെട്ട് പുറത്തിറക്കുന്ന സുവനീറിന്റെ പ്രകാശനം സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്ക് നല്‍കി നിര്‍വ്വഹിക്കും. തുടര്‍ന്ന് ചലച്ചിത്ര രംഗത്ത് അന്‍പതു വര്‍ഷം പിന്നിട്ട മധു, ഡോ. കെ.ജെ യേശുദാസ്, ശ്രീകുമാരന്‍ തമ്പി, ഷീല, ശാരദ, എ.കെ അര്‍ജ്ജുന്‍, കവിയൂര്‍ പൊന്നമ്മ എന്നിവരേയും അന്തര്‍ദേശീയ പുരസ്‌ക്കാരം നേടിയ റസൂല്‍ പൂക്കൂട്ടിയേയും മുഖ്യമന്ത്രി ആദരിക്കും. തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ 48 ചലച്ചിത്ര പുരസ്‌ക്കാരങ്ങള്‍ വിതരണം ചെയ്യും.
എം.ബി രാജേഷ് എം.പി, എം.എല്‍.എമാരായ കെ.ബി ഗണേഷ് കുമാര്‍, എം. മുകേഷ് സംബന്ധിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."