അവധി ദിനങ്ങള്‍ അനവധി, അധ്യയനം വഴിമുട്ടുന്നു
കൊടുവള്ളി: ഔദ്യോഗിക അവധികളും അപ്രഖ്യാപിത ഹര്‍ത്താലുകളും അധ്യയനം മുടക്കിയതോടെ അധ്യാപകര്‍ വാര്‍ഷിക പരീക്ഷക്ക് മുമ്പേ പാഠഭാഗങ്ങള്‍ തീര്‍ക്കാനാകുമോ എന്ന ആശങ്കയില്‍. എസ്.എസ്.എല്‍.സി, ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികളെയാണ് അപ്രതീക്ഷിത അവധികള്‍ ഏറെ ബാധിച്ചത്.
വിവിധ ആഘോഷങ്ങള്‍ തുടര്‍ച്ചയായുള്ള അവധികള്‍ക്ക് കാരണമായി. രാഷ്ട്രീയ സംഘടനകളുടെ ഹര്‍ത്താലും ദേശീയ പണിമുടക്കും വാഹന പണിമുടക്കും അധ്യയന ദിനങ്ങള്‍ കവര്‍ന്നു. അധ്യാപകര്‍ കൂട്ടത്തോടെ പരീക്ഷാ ഡ്യൂട്ടിക്ക് പോയതോടെ മിക്ക സ്കൂളുകളിലും പ്ലസ് വണ്‍ ക്ലാസുകള്‍ക്ക് അവധി നല്‍കേണ്ട അവസ്ഥയായി. അഞ്ച് ദിവസത്തോളം അങ്ങനെയും നഷ്ടമായി.
സ്കൂള്‍ കലോത്സവവും കായികമേളയും ഒക്ടോബര്‍-നവംബര്‍ മാസങ്ങളിലാണ് നടക്കേണ്ടത്. കലാ കായിക മത്സരങ്ങള്‍ക്കായി നാലു ദിവസവും അധ്യയനം നടക്കില്ല. സബ് ജില്ലാ, ജില്ലാ-സംസ്ഥാന മത്സരങ്ങളും പിന്നാലെ വരും. ഇതിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ടും ക്ലാസുകള്‍ താളം തെറ്റും. രണ്ട് ഘട്ടങ്ങളിലായി നടക്കുന്ന ഹയര്‍സെക്കന്‍ഡറി ഒന്നാം വര്‍ഷ ഇംപ്രൂവ്മെന്റ് പരീക്ഷയുടെ മൂല്യ നിര്‍ണയം തിങ്കളാഴ്ച തുടങ്ങും. ഭൂരിഭാഗം അധ്യാപകര്‍ക്കും മൂല്യ നിര്‍ണയ ജോലിയുണ്ട്.
മൂല്യ നിര്‍ണയ ജോലിയുള്ളവര്‍ക്ക് മറ്റു ഉത്തരവാദിത്തങ്ങള്‍ ഏല്‍പ്പിക്കരുതെന്ന് പ്രിന്‍സിപ്പല്‍മാര്‍ക്ക് കര്‍ശന നിര്‍ദേശവുമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."