സഹകരണ ബാങ്കുകളില്‍ മെറിറ്റ് അട്ടിമറിച്ച് നിയമനം
കോഴിക്കോട്: സംസ്ഥാനത്തെ സഹകരണ ബാങ്കുകളില്‍ അനധികൃത നിയമനങ്ങള്‍ വ്യാപകം. ക്ലര്‍ക്ക് തസ്തികയില്‍ കഴിഞ്ഞ ഓഗസ്റ്റില്‍ പുറപ്പെടുവിച്ച വിജ്ഞാപനംപ്രകാരം തയാറാക്കിയ റാങ്ക് ലിസ്റ്റില്‍ 15 പേര്‍ യോഗ്യതയില്ലാത്തവരെന്ന് വിവരാവകാശ രേഖ.
അധികൃതരുടെ ഒത്താശയോടെ യോഗ്യതയില്ലാത്തവരെ പരീക്ഷ എഴുതാന്‍ അനുവദിച്ചാണ് തട്ടിപ്പ് നടത്തിയത്. സഹകരണ പരീക്ഷാ ബോര്‍ഡാണ് പ്രഥമിക സഹകരണ ബാങ്കുകളില്‍ ക്ലര്‍ക്ക്, സെക്രട്ടറി തസ്തികയിലേക്ക് നിയമനം നടത്തുന്നത്.
കൂടാതെ വിജ്ഞാപന സമയത്ത് യോഗ്യതാ കോഴ്‌സ് പഠിക്കുന്നവരെ പരീക്ഷ എഴുതാന്‍ അനുവദിച്ചും തട്ടിപ്പ് നടത്തുന്നുണ്ട്. വിജ്ഞാപനസമയത്ത് യോഗ്യത വേണമെന്ന സുപ്രിംകോടതി വിധി അട്ടിമറിച്ചുകൊണ്ടാണ് ഇത്തരം തട്ടിപ്പ് നടത്തുന്നത്.
ക്ലര്‍ക്ക് തസ്തികയിലേക്ക് പത്താം തരവും ജൂനിയര്‍ ഡിപ്ലോമ ഇന്‍ കോഓപ്പറേഷനുമാണ് യോഗ്യത. ഡിഗ്രിക്കു ശേഷം ഹയര്‍ ഡിപ്ലോമ ഇന്‍ കോ ഓപ്പറേഷനാണ് സെക്രട്ടറി തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള യോഗ്യത.
ബോര്‍ഡ് നടത്തുന്ന പരീക്ഷയ്ക്കും പിന്നീട് പ്രാഥമിക സഹകരണ സംഘങ്ങള്‍ നടത്തുന്ന അഭിമുഖ പരീക്ഷയ്ക്കും ലഭിക്കുന്ന മാര്‍ക്കിന്റെ അടിസ്ഥാനത്തിലാണ് റാങ്ക് ലിസ്റ്റ് തയാറാക്കുന്നത്.
ഇത്തരം റാങ്ക് ലിസ്റ്റിലാണ് വ്യാപകമായി അനര്‍ഹര്‍ കയറിക്കൂടി ജോലിയില്‍ പ്രവേശിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."