ചാക്ക ഓട്ടോ ഡ്രൈവര്‍ വധശ്രമക്കേസിലെ പ്രതികള്‍ പിടിയില്‍
പേരൂര്‍ക്കട: ചാക്ക ഫയര്‍ സ്റ്റേഷന് സമീപം ഓട്ടോറിക്ഷാ ഡ്രൈവറെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതികള്‍ സിറ്റി ഷാഡോ പൊലിസിന്റെ പിടിയില്‍.
ഓള്‍ സെയിന്റ്‌സ് ജങ്ഷന് സമീപം ബാലനഗര്‍ കോളനിയില്‍ സുനില്‍കുമാറി (48) നെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതികളായ വഞ്ചിയൂര്‍ കുന്നുകുഴി വികാസ് ലൈന്‍ 16 ടി.സി 121297 (1) ല്‍ ദീപു ദിവാകരന്‍ (26), പേട്ട പൊലിസ് സ്റ്റേഷന് പുറക് വശം വാടകയ്ക്ക് താമസിക്കുന്ന ലിസി (45), വട്ടിയൂര്‍ക്കാവ് ടി.സി 321418 വിജയ നിവാസില്‍ വിപിന്‍ (24), പേയാട് പള്ളിമുക്ക് തിനവിള അവിന്‍ നിവാസില്‍ അഖില്‍ സെബാസ്റ്റ്യന്‍ (24), നെയ്യാറ്റിന്‍കര കിടങ്ങാവിള കമുകിന്‍കോട് പ്ലാങ്കാവിള വീട്ടില്‍ രാജേഷ് (20) എന്നിവരാണ് പിടിയിലായത്. ഇതില്‍ ലിസിക്കെതിരെ കൊലപാതകം ആസൂത്രണം ചെയ്തതിനാണ് കേസെടുത്തിരിക്കുന്നത്.
2016 ജൂലൈ 23ന് ചാക്കയ്ക്ക് സമീപം ഫയര്‍സ്റ്റേഷന് മുന്‍വശം രാത്രി 8ന് ഓള്‍ സെയ്ന്റ്‌സ് ഭാഗത്ത് നിന്നും ചാക്ക ഭാഗത്തേയ്ക്ക് ടൂ വീലര്‍ ഓടിച്ച് വന്ന സുനില്‍കുമാറിനെ രണ്ട് ബൈക്കുകളിലായി വന്ന പ്രതികള്‍ തടഞ്ഞ് നിര്‍ത്തി മര്‍ദിക്കുകയും വയറില്‍ കത്തി ഉപയോഗിച്ച് കുത്തി മാരകമായി പരുക്കേല്‍പ്പിച്ച് കൊലപ്പെടുത്താന്‍ ശ്രമിക്കുകയുമായിരുന്നു. ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരാണ് സുനിലിനെ മെഡിക്കല്‍കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ചാക്ക പൊലിസ് സ്റ്റേഷന് സമീപം താമസിക്കുന്ന ലിസിയുടെ വീട്ടില്‍ ഓട്ടോറിക്ഷ ഡ്രൈവറായി കഴിഞ്ഞ രണ്ട് മൂന്ന് വര്‍ഷമായി ജോലി നോക്കി വരികയായിരുന്നു സുനില്‍. എന്നാല്‍ കഴിഞ്ഞ കുറച്ച് മാസങ്ങളായി ലിസിയുടെ വീട്ടില്‍ കാര്‍
ഓടിക്കുന്നതിനായി ദീപു എത്തുകയും ലിസിയുമായി ചങ്ങാത്തത്തിലാകുകയും ചെയ്തു. ഈ ബന്ധം തെറ്റിക്കാന്‍ ശ്രമിച്ചതാണ് സുനിലിനെ കൊല്ലുകയെന്ന ശ്രമത്തിലേക്ക് സംഘത്തെ എത്തിച്ചത്.
ദീപു തന്റെ കൂട്ടുകാരനായ രാജേഷ്, ബന്ധുവായ വിപിന്‍, അഖില്‍ എന്നിവരുമായി ചേര്‍ന്ന് കൊല്ലാന്‍ ശ്രമിക്കുകയായിരുന്നു. അന്നേ ദിവസം വൈകുന്നേരം മുതല്‍ ഇവര്‍ 4 പേരും സുനിലിന്റെ ഓട്ടോറിക്ഷ പിന്‍തുടരുകയായിരുന്നു.
നിരവധി സ്ത്രീകളുമായി ബന്ധം ഉണ്ടായിരുന്നതിനാല്‍ ചോദ്യംചെയ്യലില്‍ പൊലിസിനോട് സുനില്‍, തന്നെ ദീപുവും സംഘവും കൊലപ്പെടുത്താനുള്ള കാരണമെന്താണെന്നു പറഞ്ഞിരുന്നില്ല. സുനിലുമായി ഏതെങ്കിലും തരത്തില്‍ ബന്ധമുണ്ടാകാന്‍ സാധ്യതയുള്ള എല്ലാ സ്ത്രീകളെയും കുറിച്ച് ഷാഡോ പൊലിസ് നടത്തിയ അന്വേഷണമാണ് ലിസിയിലേക്കും പിന്നീട് ദീപുവിലേയ്ക്കും എത്തിയതും അറസ്റ്റിന് വഴി തെളിയിച്ചതും.
കണ്‍ട്രോള്‍ റൂം എ.സി.പി സുരേഷ്‌കുമാര്‍, ശംഖുംമുഖം എ.സി.പി മഹേഷ്‌കുമാര്‍, പേട്ട സി.ഐ എസ്.വൈ.സുരേഷ്, പേട്ട എസ്.ഐ. ചന്ദ്രബോസ്, എ.എസ്.ഐ.സുരേഷ് കുമാര്‍, ഷാഡോ പൊലിസ് എസ്.ഐ സുനില്‍ ലാല്‍, തിരുവനന്തപുരം സിറ്റി ഷാഡോ പൊലിസ് എന്നിവരാണ് അന്വേഷണത്തിനും അറസ്റ്റിനും നേതൃത്വം നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."