തലസ്ഥാന നഗരിയിലെ പേപ്പട്ടികള്‍
തലസ്ഥാനനഗരിയില്‍ പേപ്പട്ടികള്‍ സൈ്വരവിഹാരം നടത്തുകയാണെന്ന റിപ്പോര്‍ട്ട് പേടിപ്പെടുത്തുന്നതാണ്. നഗരത്തിലെ ചിലയിടങ്ങളില്‍ നായകള്‍ക്കു പേവിഷബാധയുള്ളതായി കഴിഞ്ഞദിവസം ആരോഗ്യവകുപ്പു സ്ഥിരീകരിച്ചിട്ടുണ്ട്. ഇതു സംസ്ഥാനത്തൊട്ടാകെയുള്ള അവസ്ഥതന്നെയാണ്. സംസ്ഥാനത്തെ പേപ്പട്ടിശല്യത്തെക്കുറിച്ചും തെരുവ് നായ്ക്കളുടെ ആക്രമണങ്ങളെക്കുറിച്ചും നിരവധിതവണ സാമൂഹ്യസാംസ്‌കാരികപ്രവര്‍ത്തകരും മാധ്യമങ്ങളും അധികൃതരുടെ ശ്രദ്ധയില്‍ കൊണ്ടുവന്നതാണ്. അതൊന്നും പരഗണിക്കപ്പെട്ടില്ല.
തെരുവുനായ്ക്കളുടെ ആക്രമണം പൊതുജീവിതത്തെ കാര്യമായി ബാധിക്കാന്‍ തുടങ്ങിയിട്ടു കാലമേറെയായി. തെരുവു നായ്ക്കളെ കൊല്ലരുതെന്ന സുപ്രിംകോടതി വിധിയാണ് നായ്ക്കള്‍ ഇവ്വിധം പെരുകാന്‍ കാരണമായത്. സുപ്രിംകോടതി അപകടകാരികളായ നായ്ക്കളുടെ കൊല്ലരുതെന്ന് പറഞ്ഞിട്ടില്ല. സുപ്രിംകോടതി വിധിയുടെ തുമ്പുപിടിച്ചാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും സര്‍ക്കാരും പട്ടികളെ പിടികൂടുന്നതില്‍ അലംഭാവം കാണിക്കുന്നത്. കഴിഞ്ഞ മാസമാണ് കേരളത്തിലെ തെരുവ് നായശല്യത്തെക്കുറിച്ച് പഠിച്ചു റിപ്പോര്‍ട്ട് നല്‍കാന്‍ സുപ്രിംകോടതി മൂന്നംഗ സമിതിയെ നിയോഗിച്ചത്. റിട്ട. ഹൈക്കോടതി ജസ്റ്റിസ് സിരിഗന്‍ അധ്യക്ഷനായ സമിതിയില്‍ സംസ്ഥാന നിയമവകുപ്പ് സെക്രട്ടറിയും ആരോഗ്യവകുപ്പ് സെക്രട്ടറിയും അംഗങ്ങളാണ്. മൂന്ന് മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കുവാന്‍ ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസ് ശിവകീര്‍ത്തി സിംഗ് എന്നിവരടങ്ങുന്ന ബെഞ്ച് നിര്‍ദേശിച്ചതാണ്. വരുന്ന ജൂണ്‍ മാസത്തിനകം കമ്മിറ്റി റിപ്പോര്‍ട്ട് സുപ്രിംകോടതിക്ക് സമര്‍പ്പിക്കേണ്ടതുണ്ട്. തലസ്ഥാന നഗരിയില്‍ പേവിഷബാധയുള്ള പട്ടികളുടെ പെരുപ്പം സംബന്ധിച്ച് സമിതി സുപ്രിംകോടതിക്ക് സമര്‍പ്പിച്ചിരുന്ന റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കേണ്ടതുണ്ട്.
തെരുവു നായ്ക്കളെ കൊല്ലരുതെന്ന സുപ്രിംകോടതി വിധിയുടെ തുരുമ്പില്‍ പിടിച്ച് പേവിഷബാധയുള്ള നായ്ക്കളെ പിടികൂടന്നതില്‍ സര്‍ക്കാര്‍ കാണിക്കുന്ന അനാസ്ഥ അപലപനീയമാണ്. സുപ്രിംകോടതി മൂന്നംഗ സമിതിയെ കേരളത്തിലെ തെരുവ് നായശല്യത്തെക്കുറിച്ച് പഠിക്കുവാന്‍ നിയമിച്ചതുതന്നെ തെരുവ് നയ്ക്കളുടെ കടിയേറ്റ് മരിച്ച കോട്ടയം അയര്‍ക്കുന്നം സ്വദേശി മഞ്ഞമറ്റത്ത് ഡോളിയുടെ ഭര്‍ത്താവ് ജോസ്, ഫാദര്‍ ഗീവര്‍ഗീസ് തോമസ് എന്നിവര്‍ നല്‍കിയ ഹരജിയെ തുടര്‍ന്നാണ്.
ഡോളിയുടെ കുടുംബത്തിന് സര്‍ക്കാര്‍ നാല്‍പതിനായിരം രൂപ നഷ്ടപരിഹാരം നല്‍കാനും കോടതി വിധിയുണ്ടായി. ഇതില്‍ നിന്നൊന്നും സര്‍ക്കാര്‍ പാഠം പഠിച്ചില്ലെന്ന് വേണം കരുതാന്‍. സുപ്രിംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ പട്ടികളുടെ കടിയേറ്റ് മരിക്കുന്നവര്‍ക്കെല്ലാം സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കേണ്ടിവരും. എന്നാലും പേപ്പട്ടി ശല്യം ഒഴിവാക്കാന്‍ സര്‍ക്കാരും കോര്‍പറേഷനുകളും കാര്യമായി പ്രവര്‍ത്തിക്കുകയില്ലെന്ന് ചുരുക്കം.
പേപ്പട്ടി ശല്യത്തിന്റെ ഭീകരത സര്‍ക്കാരിനെയും ജനങ്ങളെയും ബോധ്യപ്പെടുത്തുവാനായി വ്യവസായിയും സാമൂഹിക പ്രവര്‍ത്തകനുമായ കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി തിരുവനന്തപുരത്തും കോഴിക്കോട്ടും നിരാഹാര സമരം നടത്തുകയുണ്ടായി. പക്ഷേ, സര്‍ക്കാരും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും അദ്ദേഹത്തിന്റെ സദുദ്ദേശ്യ സമരത്തെ കണ്ടില്ലെന്ന് നടിച്ചു. വീടിനകത്ത് കിടന്നുറങ്ങുകയായിരുന്ന പിഞ്ചുകുഞ്ഞുങ്ങള്‍ക്കും മുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന കുട്ടികള്‍ക്കും പേപ്പട്ടികളുടെ കടിയേറ്റിട്ടുണ്ട്. തെരുവ് നായ്ക്കളെ വന്ധ്യംകരണം നടത്തുമെന്ന് സര്‍ക്കാര്‍ പറഞ്ഞിരുന്നു. എന്നാല്‍ പ്രവര്‍ത്തനം ഉണ്ടായിട്ടില്ല. ഇതിന്റെയൊക്കെ ഫലമാണിന്ന് തിരുവനന്തപുരം നഗരിയില്‍ പേപ്പട്ടികള്‍ വര്‍ദ്ധിക്കുവാന്‍ കാരണമായത്. നഗരത്തിലെ മാലിന്യ നീക്കം നിലച്ചതും പേവിഷ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെച്ചതും പേവിഷബാധയുള്ള നായ്ക്കളുടെ വര്‍ദ്ധനവിന് കാരണമായിട്ടുണ്ട്. ജനുവരിയില്‍ തെരുവ് നായ്ക്കളുടെ ആക്രമണത്തിന് തിരുവനന്തപുരം ജില്ലയില്‍ 2715 പേര്‍ക്ക് പരുക്കേറ്റിരുന്നു. ഫെബ്രുവരിയില്‍ 2149 പേര്‍ക്കും മാര്‍ച്ചില്‍ 2216 പേര്‍ക്കും ഈ മാസം ഇതുവരെ 458 പേര്‍ക്കും പട്ടികളുടെ കടിയേറ്റിട്ടുണ്ട്. തലസ്ഥാന നഗരിയില്‍ ഇതാണ് അവസ്ഥയെങ്കില്‍ ഇതര ജില്ലകളിലെ സ്ഥിതി ഇതിലും പരിതാപകരമായിരിക്കും.
തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ സര്‍ക്കാര്‍ ജീവനക്കാര്‍ മെല്ലെ നീങ്ങുന്ന ഒരവസ്ഥയുണ്ട്. റവന്യൂ ആരോഗ്യവകുപ്പുകളിലാണ് ഇത് കൂടുതല്‍ പ്രകടമാകുന്നത്. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ പേരു പറഞ്ഞ് ജനങ്ങള്‍ക്ക് ലഭ്യമാകേണ്ട സേവനങ്ങള്‍ ഇല്ലാതാക്കുന്നത് ഒരിക്കലും അംഗീകരിക്കാനാവില്ല. ആവശ്യമായ ഫണ്ടില്ലാത്തതിനാലാണ് തെരുവ് നായ്ക്കളെ പിടിക്കാനാവാത്തത് എന്നാണ് തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങള്‍ പറയുന്നത്. ഏതെങ്കിലും പഞ്ചായത്തുകള്‍ പട്ടികളെ പിടിക്കാന്‍ മുന്നിട്ടിറങ്ങിയാല്‍ പൊലിസ് സുപ്രിംകോടതി വിധി കാണിച്ച് അവരെ പിന്തിരിപ്പിക്കുന്നു. പട്ടികളെ പിടിക്കുന്നതിനും കൊല്ലുന്നതിനും നിരോധനമുണ്ടെന്നും പറഞ്ഞ് പേപ്പട്ടികളെ പോലും പിടികൂടുന്നത് ഡി.ജി.പി സെന്‍കുമാര്‍ തന്നെ തടഞ്ഞിരുന്നു. ചുരുക്കത്തില്‍ പട്ടിസ്‌നേഹികളും പൊലിസും സര്‍ക്കാരിന്റെ നിസ്സംഗതയുമാണ് തെരുവ് നായ്ക്കളുടെ ശല്യം രൂക്ഷമാവാന്‍ കാരണമായത്. പട്ടികടിച്ചാല്‍ കുത്തിവെപ്പിനായുള്ള മരുന്നിന് സ്വകാര്യ ആശുപത്രികളില്‍ വലിയ വിലയാണ് കൊടുക്കേണ്ടി വരുന്നത്.
സുപ്രിംകോടതി നിയോഗിച്ച മൂന്നംഗസമിതിയുടെ റിപ്പോര്‍ട്ടില്‍ കേരളം പേപ്പട്ടികളെക്കൊണ്ടു പൊറുതിമുട്ടുന്ന കാര്യം അടിവരയിട്ട് രേഖപ്പെടുത്തേണ്ടതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."