റെയില്‍വേ സ്‌റ്റേഷനിലെ ട്രാഫിക് നിയന്ത്രണം; പടിഞ്ഞാറുള്ളവരെ വലയ്ക്കുന്നു
വടകര: വടകര റെയില്‍വേ സ്‌റ്റേഷനില്‍ ഏര്‍പ്പെടുത്തിയ ട്രാഫിക് പരിഷ്‌കാരം നഗരത്തിന്റെ പടിഞ്ഞാറന്‍ മേഖലയിലുള്ളവര്‍ക്ക് ഇരുട്ടടിയാകുന്നു. സ്റ്റേഷനു മുന്നില്‍ നിന്നു വാഹനത്തില്‍ കയറുന്നവര്‍ക്ക് തെക്കുഭാഗത്ത് കീര്‍ത്തി തിയേറ്റര്‍ റോഡിലൂടെ മെയിന്‍ റോഡില്‍ കടന്നുവേണം യാത്ര തുടരാന്‍.
തെക്കും കിഴക്കുമുള്ളവര്‍ക്ക് ഇത് ആശ്വാസമാണെങ്കില്‍ പടിഞ്ഞാറന്‍ മേഖലയില്‍ എത്തിപ്പെടേണ്ടവര്‍ക്ക് സമയവും പണവും നഷ്ടമാകുന്ന സ്ഥിതിയാണ്. പ്രധാനമായും ഓട്ടോ യാത്രക്കാരെയാണ് ഇത് പ്രതികൂലമായി ബാധിച്ചിരിക്കുന്നത്. ഇതുവരെ മിനിമം ചാര്‍ജില്‍ യാത്ര ചെയ്യാന്‍ കഴിഞ്ഞിരുന്ന പടിഞ്ഞാറന്‍ നിവാസികള്‍ക്ക് ഇനി ഇരട്ടി തുകയോളം നല്‍കേണ്ട സ്ഥിതിയാണ്.
മുന്‍പ് ഇവര്‍ക്കെല്ലാം സ്‌റ്റേഷനു സമീപത്തെ ആര്‍.എം.എസ് റോഡ് വഴി മുത്തപ്പന്‍ ക്ഷേത്രത്തിനു മുന്നിലൂടെ റെയില്‍വെ ലെവല്‍ക്രോസ് കടന്ന് എളുപ്പം താഴെഅങ്ങാടി, പാക്കയില്‍ പ്രദേശങ്ങളിലേക്ക് എത്താമായിരുന്നു. വാഹനങ്ങളുടെ പെരുപ്പം ഗതാഗതകുരുക്കിനു കാരണമായതോടെയാണ് റെയില്‍വേ സ്‌റ്റേഷനില്‍ നിന്നു പുറപ്പെടുന്ന വാഹനങ്ങള്‍ തെക്ക് കീര്‍ത്തി തിയേറ്റര്‍ റോഡ് വഴി പോകാന്‍ അധികൃതര്‍ നിര്‍ദേശിച്ചിരിക്കുന്നത്. ഇതാണ് തീരദേശ മേഖലയിലടക്കം പോകേണ്ടവര്‍ക്കു ദുരിതമായി മാറിയിരിക്കുന്നത്.
ഇതിലെ ബുദ്ധിമുട്ട് ഒഴിവാക്കാന്‍ നടപടി വേണമെന്ന അഭിപ്രായം ഉയരുന്നുണ്ട്. ഇതിന് അനുയോജ്യമായ പരിഹാര നടപടിയും നിര്‍ദേശിക്കപ്പെട്ടിട്ടുണ്ട്. പടിഞ്ഞാറന്‍ മേഖലയിലുള്ളവരെ ലക്ഷ്യമിട്ടു ചെറിയൊരു വാഹനപാര്‍ക്കിങ് റെയില്‍വെ സ്റ്റേഷനു പടിഞ്ഞാറ് ആരംഭിക്കണമെന്നാണ് അഭിപ്രായം. ഇവിടത്തെലെവല്‍ക്രോസിനോട് ചേര്‍ന്ന് ഇതിനാവശ്യമായ സ്ഥലവുമുണ്ട്. ട്രെയിന്‍ ഇറങ്ങുന്നവരില്‍ ഈ ഭാഗത്തേക്കു പോകേണ്ടവര്‍ അല്‍പം നടന്ന് ഈ പാര്‍ക്കിങ് കേന്ദ്രത്തിലെത്തിയാല്‍ വാഹനത്തില്‍ കയറി എളുപ്പം പോകാവുന്നതേയുള്ളൂ.
മാത്രമല്ല,എടോടി മേഖലയില്‍ അനുഭവപ്പെടുന്ന ഗതാഗത കുരുക്കിന് ആശ്വാസം ലഭിക്കുകയും ചെയ്യും. കീര്‍ത്തി തിയേറ്റര്‍ റോഡിലൂടെ മെയിന്‍ റോഡില്‍ കടന്നു വീതി കുറഞ്ഞ എടോടി കോട്ടപ്പറമ്പുവഴിയുള്ള ബുദ്ധിമുട്ടേറിയ യാത്ര ഒഴിവാക്കാന്‍ പുതിയ പാര്‍ക്കിങ് കൊണ്ടു കഴിയും. കുരിയാടി മുതല്‍ അഴിത്തല വരെയുള്ളവരെ സംബന്ധിച്ചിടത്തോളം ആശ്വാസം പകരുന്നതാവും ഇത്. മാത്രമല്ല, തെക്ക് നിന്നു വരുന്ന ട്രെയിനിലെ യാത്രക്കാര്‍ രണ്ടാം പ്ലാറ്റ് ഫോമില്‍ ഇറങ്ങി ഒന്നാം പ്ലാറ്റ്‌ഫോമിലേക്ക് കടക്കുന്നതിനു പകരം നേരെ വടക്കോട്ടു നടന്ന് പുതിയ പാര്‍ക്കിങ് ഏരിയയില്‍ നിര്‍ത്തുന്ന വാഹനത്തില്‍ കയറി ഒന്തം ഓവര്‍ബ്രിഡ്ജ് വഴി വടക്കന്‍ മേഖലയിലേക്ക് പോകാനും കഴിയും. ഇക്കാര്യമാവശ്യപ്പെട്ട് വിവിധ സംഘടനകളും നാട്ടുകാരും പൊലിസിനും ആര്‍.ടി.ഒ അധികാരികള്‍ക്കും നിവേദനം നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."