ബൗദ്ധിക സ്വത്തവകാശ നയത്തിന് അംഗീകാരം
ന്യൂഡല്‍ഹി: നൈസര്‍ഗിക കഴിവുകളും പുതുമകളും സംരംഭകത്വവും പ്രോല്‍സാഹിപ്പിക്കല്‍ ലക്ഷ്യമിട്ടു പുതിയ ദേശീയ ബൗദ്ധിക സ്വത്തവകാശ (ഐ.പി.ആര്‍) നയം കേന്ദ്രമന്ത്രിസഭ അംഗീകരിച്ചു.
ശാസ്ത്ര, കലാ, വ്യാപാര, സാഹിത്യ ആശയങ്ങളുടെ മേലുള്ള വിവിധതരത്തിലുള്ള നിയമപരമായ കുത്തക സംബന്ധിച്ച നയമായിരിക്കും രാജ്യത്തെ ബൗദ്ധിക സ്വത്തുക്കളെ ഭാവിയില്‍ അടയാളപ്പെടുത്തുകയെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ പറഞ്ഞു. പുതിയ നയം 2017ഓടെ പ്രാബല്യത്തില്‍ വരുമെന്നും വ്യാപാര മുദ്ര രജിസ്‌ട്രേഷന്‍ ഒരുമാസത്തിനുള്ളില്‍ നടക്കുമെന്നും ധനമന്ത്രി അരുണ്‍ജെയ്റ്റ്‌ലി പറഞ്ഞു.
സമൂഹത്തിലെ എല്ലാ വിഭാഗം ആളുകള്‍ക്കും ഇടയില്‍ സാമൂഹിക, സാംസ്‌കാരിക സാമ്പത്തിക ഉണര്‍വുണ്ടാക്കലാണ് പുതിയ നയത്തിലൂടെ കേന്ദ്രസര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. എല്ലാ വിധത്തിലുമുള്ള ബൗദ്ധിക സ്വത്തുകളും കഴിവിന്റെ പരമാവധി ഉപയോഗിക്കാന്‍ പുതിയ നയം ജനങ്ങളെ പ്രേരിപ്പിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോടു പറഞ്ഞു.
ബൗദ്ധിക സ്വത്തവകാശ നിയമവുമായി ബന്ധപ്പെട്ട് ദേശീയ തലത്തില്‍ നയം രൂപപ്പെടുത്തുമെന്ന് എന്‍.ഡി.എ സര്‍ക്കാര്‍ 2014ല്‍ തന്നെ വ്യക്തമാക്കിയിരുന്നു.
ബൗദ്ധിക സ്വത്തവകാശം സംരക്ഷിക്കുന്നതിന് രാജ്യത്തിന് അംഗീകൃത നിയമങ്ങളുണ്ടെങ്കിലും അത് ലോകത്തിനു മുന്നില്‍ ഒരു നയമെന്ന രീതിയില്‍ അവതരിപ്പിക്കേണ്ടത് അത്യാവശ്യമായിരുന്നു. അമേരിക്കയുള്‍പ്പെടെയുള്ള പല വിദേശ രാജ്യങ്ങളും ഇന്ത്യയുടെ ബൗദ്ധിക സ്വത്തവകാശ നിയമങ്ങളെ വിമര്‍ശനാത്മകമായാണ് സമീപിക്കുന്നത്.
ബൗദ്ധിക സ്വത്തവകാശം സംബന്ധിച്ച് കൃത്യമായ നയമില്ലാത്തതുമൂലം ഫാര്‍മ, ഓട്ടോമൊബൈല്‍ മേഖലകളില്‍ നിരവധി പ്രശ്‌നങ്ങളും നേരിട്ടിരുന്നു. വിദേശ മരുന്നു നിര്‍മ്മാണക്കമ്പനികള്‍ ഇന്ത്യയുടെ പേറ്റന്റ് നിയമങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കാന്‍ അവരുടെ സര്‍ക്കാരിനെ നിരന്തരം പ്രേരിപ്പിക്കുന്നതും പുതിയ നയം കൊണ്ടുവരാന്‍ സര്‍ക്കാരിനെ പ്രേരിപ്പിച്ചു.
സ്വിസ്സ് മരുന്നു നിര്‍മ്മാണ കമ്പനിയായ നൊവാര്‍ട്ടിസിന്റെ രക്താര്‍ബുദത്തിനുള്ള മരുന്നിന് ഇന്ത്യ പേറ്റന്റ് നല്‍കാതിരുന്നതുമൂലം രാജ്യാന്തരതലത്തില്‍ പ്രശ്‌നങ്ങള്‍ ഉടലെടുത്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."