ഇബ്രാഹിമോവിച് പി.എസ്.ജി വിടുന്നു
പാരിസ്: പാരിസ് സെന്റ് ജെര്‍മെയ്ന്‍ താരം സ്ലാട്ടന്‍ ഇബ്രാഹിമോവിച് ക്ലബ് വിടുകയാണെന്നു സ്ഥിരീകരിച്ചു. ഇന്നു നാന്റെസുമായുള്ള പോരാട്ടം പി.എസ്.ജിക്കൊപ്പമുള്ള തന്റെ അവസാന പോരാട്ടമാണെന്നു സ്വീഡന്‍ താരം വ്യക്തമാക്കി. വന്നത് രാജാവായാണെന്നും തിരിച്ചു പോകുന്നത് ഇതിഹാസമായാണെന്നും ഇബ്ര ട്വിറ്ററില്‍ കുറിച്ചു.
എ.സി മിലാനില്‍ നിന്നു 2012ലാണ് ഇബ്രാഹിമോവിച് ഫ്രഞ്ച് ലീഗ് വണിലെ കരുത്തരായ പി.എസ്.ജിയിലേക്കെത്തുന്നത്. നാലു സീസണിലും ടീമിന്റെ ലീഗ് വണ്‍ കിരീട വിജയത്തില്‍ നിര്‍ണായക പങ്കു വഹിക്കാന്‍ സാധിച്ചാണ് ഇബ്ര ക്ലബിനോടു യാത്ര പറയുന്നത്. ഈ സീസണില്‍ ലീഗ് വണില്‍ 36 ഗോളുകളും സീസണിലെ എല്ലാ ടൂര്‍ണമെന്റുകളില്‍ നിന്നുമായി 46 ഗോളുകളും അദ്ദേഹം സ്വന്തമാക്കി. പി.എസ്.ജി താരമെന്ന നിലയില്‍ ഗോള്‍ നേട്ടം 152ആണ്. പി.എസ്.ജിയുടെ എക്കാലത്തേയും മികച്ച ഗോള്‍ സ്‌കോറര്‍ എന്ന റെക്കോര്‍ഡും ഇബ്രാഹിമോവിചിനു സ്വന്തം.
നേരത്തെ അടുത്ത സീസണില്‍ സ്വീഡിഷ് താരം ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ ഏതെങ്കിലും ടീമിലേക്കു ചേക്കേറിയേക്കുമെന്നു വാര്‍ത്തകളുണ്ടായിരുന്നു. അതിനു പിന്നാലെ താരം വീണ്ടും എ.സി മിലാനിലേക്ക് തിരിച്ചു പോകുന്നതായി അദ്ദേഹത്തിന്റെ ഏജന്റ് പറഞ്ഞതായുള്ള റിപ്പോര്‍ട്ടുകളും പുറത്തു വന്നു. എന്തായാലും ഇബ്ര തന്റെ ഭാവിയെക്കുറിച്ചുള്ള തീരുമാനങ്ങളൊന്നും ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.
അയാക്‌സ്, യുവന്റസ്, എ.സി, ഇന്റര്‍ മിലാന്‍ ടീമുകള്‍, ബാഴ്‌സലോണ ക്ലബുകളിലും 34കാരനായ താരം കളിച്ചിട്ടുണ്ട്. കളിക്കാരനെന്ന നിലയിലുള്ള തന്റെ കരിയര്‍ അവസാനിച്ചാല്‍ പി.എസ്.ജിയുടെ പരിശീലകനായി തിരിച്ചെത്താന്‍ ആഗ്രഹമുണ്ടെന്നു ഇബ്ര വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."